ഹൈദര്‍ ജനിക്കുന്നു, ഒപ്പം നല്ല സിനിമയും

ഹൈദര്‍ വീണ്ടുമൊരു ഷേക്‌സ്പിയര്‍ അനുവര്‍ത്തനമാണ്. ഒഥല്ലോ ഓംകാരയും മാക്ബത്ത് മക്ബൂലുമാക്കിയശേഷം വിശാല്‍ ഭരദ്വാജ് ഹാംലെറ്റിനെ ഹൈദരാക്കുന്നു.

ഷേക്‌സ്പിയറോട് കാട്ടുന്ന ആദ്യാക്ഷര പ്രാസനിബദ്ധമായൊരു പ്രേമം മാത്രമല്ല, സംവിധായകനുള്ളത്. സര്‍വ്വകാലികമായ ഷേക്‌സ്പിയര്‍ പ്രമേയങ്ങളെ ഈ കാലത്തിന്റെ ഇന്ത്യന്‍ അവസ്ഥയിലേക്കു പറിച്ചുനടാനുള്ള കലാപരയമായ യത്‌നം കൂടിയാണത്. ഓംകാരയിലും മക്ബൂലിലും അത് വിജയകരമായിത്തന്ന അദ്ദേഹം പരീക്ഷിച്ചുവെങ്കില്‍ ഈ ഹൈദറില്‍ കൂടുതല്‍ സുന്ദരമായി അത് അദ്ദേഹം സാക്ഷാത്കരിച്ചിട്ടുണ്ട്. ഹാംലറ്റിന്റെ പ്രേതഭാവനകളും പ്രതിസന്ധിമുഹൂര്ത്തവങ്ങളും അങ്ങനെതന്നെയല്ലാത്ത രീതിയില്‍ സംവിധായകന്‍ ഹൈദറില്‍ പുനസൃഷ്ടിച്ചിരിക്കുന്നത് ചേതോഹരമായ കാഴ്ചയാണ്.

പാരമ്പര്യത്തെ പിന്തുടരാന്‍ വിധിക്കപ്പെടുകയും ഇന്നിന്റെ മാറില്‍ നിന്നുകൊണ്ട് നിയതമായൊരു തീരുമാനമെടുക്കാനാകാതെ വെപ്രാളപ്പെടുകയും ചെയ്യുന്ന ആധുനികമനുഷ്യന്റെ ധര്‍മ സങ്കടത്തിന്റെ പ്രതീകം കൂടിയാകുന്നുണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഷേക്‌സ്പിയറിന്റെ തൂലിക ജന്മം കൊടുത്ത ഹാംലെറ്റ് എന്ന കഥാപാത്രം. ആ ആധുനികമായ ആശയക്കുഴപ്പത്തെ പിന്പടറ്റാന്‍ ഹൈദറിനു കഴിയുന്നുണ്ട്. ഹൈദര്‍ കണ്ടു വിസ്മയത്തോടെ ഇരിക്കുമ്പോള്‍ അറിയാതെ, ഹാംലെററിനു മലയാളത്തിലുണ്ടായ ഒരു വികലവീക്ഷണപരീക്ഷണസിനിമ ഓര്‍മ വന്നുപോയി. വി.കെ.പ്രകാശ് സംവിധാനം ചെയ്ത കര്‍മയോഗി.

ഓംകാര, മക്ബൂല്‍, ഹൈദര്‍ ത്രയം പോലെ മലയാളത്തിലും ഒരു ഷേക്‌സ്പിയര്‍ ത്രയമുണ്ട്. കകാരത്തില്‍ തുടങ്ങുന്ന മൂന്നു സിനിമകള്‍. കളിയാട്ടം. കണ്ണകി, കര്‍മയോഗി എന്നിവ. ഇതില്‍ ഒഥല്ലോയെ ഉപജീവിച്ച കളിയാട്ടം മാത്രം സിനിമയായി. മറ്റു രണ്ടും വെറും കൂളിയാട്ടങ്ങളും. കൂളിയാട്ടങ്ങളെ ത്യജിക്കുന്നതു നന്ന്. ഹൈദറിനെ ത്യജിക്കാതിരിക്കുന്നതും നന്ന്.

[jwplayer mediaid=”134833″]

DONT MISS
Top