വ്യത്യസ്തകളില്‍ ടമാര്‍‌ പഠാര്‍

കുട്ടികളുടെ കാര്‍ട്ടൂണ്‍ പരമ്പരസ്വഭാവത്തില്‍ നവ മലയാളസിനിമകളില്‍ പലതും ഒരുങ്ങിക്കെട്ടിവരുന്നതു നാം കണ്ടിട്ടുണ്ട്. കണ്ണാടി വിശ്വനാഥന്റെ കണ്ണാടി മൂസ എന്ന വിശ്വോത്തരകഥാപാത്രത്തിന്റെ പുനരവതാരമായിരുന്നു ദിലീപ് നായകനായ സിഐഡി മൂസ എന്ന കഥാപാത്രവും ആ പേരിലുള്ള സിനിമയും.

മമ്മൂട്ടിയുടെ മായാവിയും ഒരു ബാലരമക്കഥയായിരുന്നു. അതുപോലെ തന്നെയാണ്. മലയാളസിനിമയുടെ ഗതിതന്നെ മാറ്റിവിട്ടുവെന്നു പറയാവുന്ന ആമേന്റെ കാര്യവും. ബാലരമയിലെ മായാവിയിലെ വിക്രമനെയും മുത്തുവിനെയുമൊക്കെ ആ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. സത്യത്തില്‍ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ നിന്നാണ് സാക്ഷാല്‍ മായാവി തന്നെ വരുന്നത് എന്നതു വേറേ കാര്യം. മീശമാധവനില്‍ നിന്നു മീശമാര്‍ജാരന്‍ വരുന്നതുപോലെയൊരു കൊടുക്കല്‍ വാങ്ങല്‍.

കണ്ണാടിവിശ്വനാഥനെയും കണ്ണാടിമൂസയെയും ഇന്ന് നാട്ടുകാര്‍ക്ക് ഓര്‍മയുണ്ടാകും എന്നു തോന്നുന്നില്ല. എന്നാല്‍ ഈ കഥാപാത്രവും കഥാപാത്രത്തെ സൃഷ്ടിച്ച രചയിതാവുമാണ് മലയാളഭാഷയില്‍ ടമാര്‍ പഠാര്‍ എന്ന മട്ടിലുള്ള അര്‍ഥശൂന്യവാക്കുകള്‍ സൃഷ്ടിച്ചത്. ഈ ടമാര്‍ പഠാറുകളെ കണ്ണാടി മൂസയില്‍ അദ്ദേഹം യഥേഷ്ടം വാരിച്ചൊരിഞ്ഞിരുന്നു. അതിനെ മാതൃകയായിക്കണ്ട സിഐഡി മൂസ ഈ വാക്കുകളെ പോസ്റ്ററുകളില്‍ നിറച്ചിരുന്നു. ആ ടമാര്‍ പഠാറിനെയാണ് ദിലീഷ് നായര്‍ പിന്‍പറ്റിയിരിക്കുന്നത്.

രാഷ്ട്രീയപരവും സാമൂഹികവുമായ ചലനങ്ങളുടെ വര്‍ത്തമാനകാലസ്വഭാവത്തെ നോക്കിക്കാണാനുള്ള സാഹസികവും ധീരവുമായ ശ്രമമാണ് ടമാര്‍ പഠാറെന്ന് ഒറ്റവാക്യത്തില്‍ വിശേഷിപ്പിക്കാം. ആ നോക്കിക്കാണല്‍ തീര്‍ത്തും മോശമായിട്ടില്ലെന്നു തന്നെയല്ല, പലേ പ്രകാരത്തിലും സവിശേഷമായിട്ടുണ്ടെന്നും കാഴ്ചാനുഭവം സാക്ഷ്യം പറയുന്നു. ഈയടുത്തകാലത്തു വന്ന മലയാളസിനിമകളില്‍ വേറിട്ടൊരു ശേഷി പേറുന്നുണ്ട് അന്യഥാ പല ബലഹീനതകളും വഹിക്കുകിലുമീ ടമാര്‍ പഠാര്‍.

നാലു വ്യത്യസ്ത മനുഷ്യരുടെ, പരസ്പരം ഇണങ്ങുന്ന കഥകളുടെ വേറിട്ട ആഖ്യാനമാണ് ടമാര്‍ പഠാര്‍. മുസ്ലീം തീവ്രവാദിയായ ഖാലിദ് കുറേഷി, അയാളുടെ രൂപസാമ്യമുള്ള ജംപര്‍ തമ്പി, നാടന്‍ സര്‍ക്കസുകാരനായ ട്യൂബുലൈറ്റ് മണി, എസിപി പൗരന്‍ എന്നിവരുടെ കഥകള്‍ അവയുടെ രസനീയമായ വിശദാംശങ്ങളോടെ പറയുന്ന ഒരു കൗതുകച്ചിത്രമാണ് ഒന്നാം വായനയില്‍ ഈ ടമാര്‍ പഠാര്‍. എന്നാല്‍ ഈ പുറംമോടിക്കപ്പുറത്ത് അത്യാവശ്യം എടുത്തുപറയാവുന്ന ഒരു കനം ഒളിച്ചുവച്ചിട്ടുമുണ്ട് ഈ സിനിമ.

[jwplayer mediaid=”134827″]

അനീതി മാത്രമല്ല, നീതി പോലും ഈ രാജ്യത്തും കാലത്തും അസംബന്ധ സുന്ദരമായേ നടക്കൂ എന്ന രാഷ്ട്രീയ കാലിക ദുരന്തദര്‍ശനത്തിലാണു സിനിമ നില്‍ക്കുന്നത്. കായോസ് സിദ്ധാന്തത്തെ നിര്‍വ്വചിച്ചുകൊണ്ട് സിനിമ തുടങ്ങിവയ്ക്കുന്നത് അര്‍ത്ഥപൂര്‍ണമാകുന്നത് അങ്ങനെയാണെന്നും പറയാം.

അഡ്വക്കേറ്റ് ജയശങ്കറിന്റെ വാരാന്ത്യം ശൈലിയിലുള്ള നരേഷന്റെ തലത്തിലാണ് കഥ പറയപ്പെടുന്നത്. ഇന്നത്തെ കാലത്ത് പറയപ്പെടുന്ന ഏതുകഥയും, ഏതു സിനിമാക്കഥയും ഒരു രാഷ്ടീയ ഉപഹാസകഥ മാത്രമാണെന്നു പറയാതെ പറയുന്നുണ്ട് സിനിമ ഈ ആഖ്യാനസവിശേഷതയിലൂടെ. ജംപര്‍ തമ്പിയെ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് എസിപി പൗരന്‍ ലോകം മുഴുവന്‍ തേടുന്ന മുസ്ലിം തീവ്രവാദിയാക്കുന്നതിന്റെ കഥാചര്വതണം ഇന്നത്തെ ലോകത്തിന്റെ മാധ്യമസൃഷ്ടിപരമായ അസംബന്ധ പ്രലപനത്തിന്റെ കൂടി കഥയായിത്തീരുന്നുണ്ട്.

ജംപര്‍ തമ്പിയായി രംഗത്തുവരുന്ന ബാബുരാജിന്റെയും ട്യൂബുലൈറ്റ് മണിയായി അരങ്ങിലെത്തുന്ന ചെമ്പന്‍ വിനോദിന്റെയും അഭിനയ സൗകുമാര്യങ്ങളാണ് എടുത്തുപറയേണ്ട കാര്യങ്ങളിലൊന്ന്. ബാബുരാജ് അക്ഷരാര്‍ത്ഥത്തില്‍ മിന്നിത്തിളങ്ങുന്നുണ്ട്. തന്റെ രൂപത്തിനു സിനിമാപരമായി ചേരാത്ത പ്രേമഭാവങ്ങളില്‍ വിലസിവിരാജിക്കുന്ന ചെമ്പന്‍ തന്റെ അഭിനയത്തിന്റെ ചെമ്മായ ചേരുവകള്‍കൊണ്ട് ചേതോഹരമാക്കിയിരിക്കുന്നു താന്‍ രംഗത്തുവരുന്ന ഭാഗങ്ങള്‍. അതുപോലെ തന്നെയാണ് സൃന്ധ അഷ്‌റഫിന്റെ പ്രകടനം. രോമാഞ്ചത്തോടെയല്ലാതെ ആ നടിയുടെ പ്രകടനം കണ്ടിരിക്കാനാവില്ല. നമ്മുടെ എപ്പേര്‍പ്പെട്ട നായികനടിമാര്‍ സൃന്ധയുടെ മുന്നില്‍ താലമെടുക്കേണ്ടിവരും. അത്രയ്ക്കു സ്വാഭാവികം, സഹജം, സരളസുന്ദരം ഈ പ്രകടനം. കഥാപാത്രത്തിന്റെ അകത്തുകയറി പ്രവര്‍ത്തിക്കുന്ന പാടവം. മലയാളത്തിലെ പുതുനിര നടിമാര്‍ മഞ്ജുവാര്യരെ പലവട്ടം കടത്തിവെട്ടുന്നവരാണ്. ഇക്കാര്യത്തില്‍ മുന്‍ നിരയില്‍ നില്‍ക്കാനുള്ള എല്ലാ യോഗ്യതയും സൃന്ധയ്ക്കുണ്ട്. അതു വീണ്ടും തെളിയിക്കുന്നു ടമാര്‍ പഠാറിലെ വത്സമ്മ എന്ന കഥാപാത്രം.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു മനോഹരമായ കഥയുണ്ട്. വിശ്വവിഖ്യാതമായ മൂക്ക് എന്നാണാ കഥയുടെ പേര്. ഒരു സാധാരണ മനുഷ്യന്റെ മൂക്ക് വളരുകയും അത് വലിയ സാമൂഹികസംഭവമായിത്തീരുകയും ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ആ കഥ. അതുപോലെ ഗൊഗോളിന്റെ ഓവര്‌കോാട്ട്, തോമസ് മന്നിന്റെ ട്രെയിന്‍ ട്രാജഡി, ദസ്തയെവ്‌സ്‌കിയുടെ മുതല, നാസ്റ്റി സ്‌റ്റോറി എന്നിങ്ങനെയുള്ള കഥകള്‍. ഇവയൊക്കെ, ദാരുണമായ സോഷ്യല്‍ സറ്റയറുകളാണ്. സമൂഹം അതിന്റെ രാഷ്ട്രീയസ്വഭാവത്തില്‍ എത്രമേല്‍ അസംബന്ധജടിലമായി വര്‍ത്തിക്കുന്നു എന്നു പരിശോധിക്കുകയാണ് ഈ കഥകള്‍ ചെയ്യുന്നത്. വ്യത്യസ്തമായ അര്‍ത്ഥത്തില്‍ ടമാര്‍ പഠാറും അതുതന്നെയാണ് ചെയ്യുന്നത്.

ടമാര്‍ പഠാര്‍ ഒരു ലോകോത്തരസിനിമയൊന്നുമല്ല. പക്ഷേ, ഈ കാലത്തും സമയത്തും ഇങ്ങനെയൊരു സിനിമ വിസ്മയാവഹമാണ്. ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന അസംബന്ധദര്‍ശനം ആശ്ചര്യം ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്. രണ്ടു സാധാരണ കഥാപാത്രങ്ങള്‍, നമ്മുടെ പത്രങ്ങളിലെ നിത്യനിദാനവാര്‍ത്തകളില്‍ നിന്നു ജനിക്കുന്ന സംഭവങ്ങളും അതിന്റെ പരമ്പരസ്വഭാവമുള്ള തുടര്‍ച്ചകളും പരിണതികളും. ഇവയെയെല്ലാം കൂട്ടിയിണക്കുന്നൊരു കഥാതന്തുവും. ഇവയെയെല്ലാം പറ്റുംവിധം കാര്യകാരണബന്ധത്തോടെ കൂട്ടിയിണക്കിയിട്ടുണ്ട് രചയിതാവും സംവിധായകനുമായ ദിലീഷ് നായര്‍.

പൃഥ്വീരാജിന്റെ പൗരന്‍ വരുന്നതോടെയാണ് പടം കൈവിട്ടുപോകുന്നതെന്നു പറയാം. നായകത്വത്തെയും താരത്വത്തെയും അട്ടിമറിക്കാനുള്ള വെടിമരുന്നുകള്‍ പടത്തിലും കഥാപാത്രചിത്രണത്തിലും പാകിയിട്ടാണ് ഈ പൃഥ്വിക്കഥാപാത്രത്തെ അരങ്ങു നിറയാന്‍ അഴിച്ചുവിട്ടിരിക്കുന്നത്. എന്നാല്‍, എത്ര അട്ടിമറിക്കുമ്പോഴും നായകത്വത്തെ അടിച്ചുറപ്പിക്കുന്ന വിധത്തിലാണ് പരോക്ഷമായി ആ കഥാപാത്രം നില്‍ക്കുന്നത്. പോരാത്തതിന് അസ്വാഭാവികവും അനിയന്ത്രിതവുമായ പൃഥ്വിയുടെ അഭിനയവും. ആ നടന്‍ ഈ സിനിമയില്‍ ഇല്ലായിരുന്നെങ്കില്‍ പടം പതിന്മടങ്ങു സുന്ദരസുരഭിലമാകുമായിരുന്നു. പോട്ടെ, കച്ചവടസിനിമയല്ലേ. ഇത്രയും കോംപ്രമൈസുകള്‍ ചെയ്താലേ ഇതൊക്കെ സാധ്യമാകുകയുള്ളായിരിക്കും. അങ്ങനെ നോക്കിയാല്‍ പണ്ടു യൂ ആര്‍ അനന്തമൂര്‍ത്തി ചിലരെപ്പറ്റി പറഞ്ഞതുപോലെ, ഈ പടത്തില്‍ പൃഥ്വിരാജ് ഒരു ഷോക്ക് അബ്‌സോര്‍ബര്‍ ആയി പ്രവര്‍ത്തിക്കുകയാണെന്നു പറഞ്ഞു നമുക്കു തടിതപ്പാം.

ബിജിപാലിന്റെ സംഗീതവും പശ്ചാത്തലസംഗീതവും എടുത്തുപറയേണ്ടതാണ്. ഈയടുത്തുകാലത്തായി പല പടങ്ങളിലും ബിജിപാല്‍ സംഗീതം കൊണ്ട് വിസ്മയം തീര്‍ക്കുന്നുണ്ട്. ഈ പടത്തില്‍ പശ്ചാത്തലത്തില്‍ തെരുവുസര്‍ക്കസിന്റെ സ്വഭാവവും കോമാളിത്തവും അസംബന്ധപ്രകരണവും നാദലയം കൊണ്ട് ആ സംഗീതകാരന്‍ തീര്‍ക്കുന്നുണ്ട്. അതുപോലെയാണ് താടിയെപ്പറ്റിയുള്ള പാട്ട്. അതിന്റെ രചന രസകരം. സംഗീതം സുന്ദരം. വീണ്ടും ബഷീറിനെപ്പറ്റിത്തന്നെ പറയട്ടെ. ലോകത്തെ ഏതു മതവും രാഷ്ട്രീയവിശ്വാസവും രോമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ബഷീര്‍ എഴുതിയിട്ടുള്ളത്. രോമമതങ്ങള്‍ എന്നൊരു പ്രധാനലേഖനം തന്നെ ബഷീര്‍ എഴുതി. അതുപോലെതന്നെ രോമം എന്ന പേരില്‍ പ്രസ്തുതവിഷയത്തില്‍ മേതില്‍ രാധാകൃഷ്ണനും ഒരു പുസ്തകം തന്നെയെഴുതി. ഈ കാഴ്ചപ്പാടുകളെ വിദൂരമായി ഉപജീവിക്കുന്നു ഈ സിനിമ. രോമം എങ്ങനെ മനുഷ്യരുടെ രൂപങ്ങളെയെന്നപോലെ വീക്ഷണങ്ങളെയും കാലികമായ രാഷ്ട്രീയനയപരിപാടികളെയും സ്വാധീനിക്കുന്നു എന്നു പടം പറയുന്നുണ്ട്.

വത്സമ്മയും മണിയും തമ്മിലുള്ള പ്രേമരംഗങ്ങള്‍ ചിത്രീകരിച്ച സംവിധായകന്റെ പ്രതിഭാവിലാസത്തിനു നമസ്‌കാരം പറയുക. എന്നാല്‍, എസിപിയുടെ കോമാളിത്തരങ്ങള്‍ വലിച്ചുനീട്ടിയതും മൂന്നു വ്യത്യസ്തകഥകളെ കൂട്ടിയിണക്കുന്നതില്‍ വന്ന പാകപ്പിഴകളും കാണാതെയും പോക വയ്യ. അക്കാര്യത്തിലെ പ്രമാദങ്ങള്‍ പരിഹരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ മലയാളസിനിമാചരിത്രത്തിലെ എണ്ണം പറഞ്ഞൊരു സറ്റയര്‍ പടുത്തുയര്‍ത്താന്‍ പറ്റുമായിരുന്നില്ല. സാരമില്ല, ഈ കാലത്ത് ഇത്രയുമെങ്കിലും പറ്റുന്നുവല്ലോ. അതുതന്നെ മഹാകാര്യം.

ഇടതുപക്ഷനേതാവിനെ ഒരുക്കിയിരിക്കുന്നതും അയാളെ വച്ച് ഒരു ശബരിമല സീക്വന്‍സ്. കെട്ടിയൊരുക്കിയിരിക്കുന്നതും പടത്തെ ബോറാക്കി. പക്ഷേ, അങ്ങനെ പറയുമ്പോള്‍, മൊത്തം അസംബന്ധമായൊരു ചിത്രത്തില്‍ ആ അസംബന്ധം കൊള്ളാം. ഈ അസംബന്ധം അത്ര പോരാ എന്ന ലൈന്‍ നമ്മള്‍ സ്വീകരിക്കുന്നതും ശരിയല്ലല്ലോ. അല്ലെങ്കില്‍ പിന്നെ ആ പുലിയെപ്പിടിക്കാന്‍ പോകല്‍ സീനും പുലിയുടെ യുക്തിശൂന്യമായ ദാരുണാന്ത്യവുമെല്ലാം എടുത്തു് ഇഴകീറി പരിശോധിക്കണം. അതിന്റെ ആവശ്യമില്ല. കണ്ണാടി മൂസ എന്ന കഥാപാത്രം അതിന്റെ കാര്ട്ടൂസണ്‍ പരിസരത്തിരുന്ന് പാറപ്പുറത്തു വീണതു നന്നായി, വെള്ളത്തിലായിരുന്നെങ്കില്‍ മുങ്ങിച്ചത്തേനേ എന്നെല്ലാം പറയുന്നുണ്ട്. ആ യുക്തിഭംഗങ്ങളാണ് അതിന്റെ സൗന്ദര്യം. മൂക്കന്റെ വിഡ്ഢിവര്‍ത്തമാനമാണ് ബഷീറിന്റെ കഥയ്ക്കു രാഷ്ട്രീയാന്തരീക്ഷം പകരുന്നത്. അതുപോലെ, ഈ സിനിമയിലെ യുക്തിഭംഗങ്ങളാണ് കൗതുകം ഏറ്റുന്നത്.

ടമാര്‍ പഠാര്‍ ഒരു മോശം സിനിമയല്ല. അതൊരു നല്ല സിനിമ ആയി നൂറ്റൂക്കു നൂറു ശതമാനവും തീര്‍ന്നില്ലായിരിക്കും. എന്നാലും അതിന്റെ അപൂര്‍ണതയില്‍പോലും ആ സിനിമ ചിന്തോദ്ദീപകമായ ഒരു കലാവസ്തുവായി പരിണമിച്ചിട്ടുണ്ട്. ഇന്ത്യയും ഇന്ത്യന്‍ രാഷ്ട്രീയവും എങ്ങനെ പ്രവര്ത്തിണക്കുന്നു എന്നു ആക്ഷേപഭാവത്തോടെ കണ്ടെത്താന്‍ അതു യത്‌നിക്കുന്നു. അതിനുപുറമേ, മുഖ്യധാരയ്ക്കു പുറത്തെ, അതിരുകളിലെ ജീവിതങ്ങളിലേക്ക് അത് സഹതാപത്തോടെയും കാരുണ്യത്തോടെയും ക്യാമറ തിരിച്ചുവയ്ക്കുകയും ചെയ്യുന്നു.

DONT MISS
Top