പഴകിത്തുടങ്ങിയൊരു പുതുമയാണ് മണിരത്‌നത്തിന്റെ കഥാസാരം

പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ നടനും താരവുമായ ഫഹദ് ഫാസില്‍ മുഖ്യവേഷത്തിലെത്തുന്ന സിനിമയാണ് മണിരത്‌നം. പറഞ്ഞു പഴകിത്തുടങ്ങിയൊരു പുതുമയാണ് മണിരത്‌നത്തിന്റെ കഥാസാരം. നീല്‍ എന്നാണു കഥാനായകന്റെ പേര്. ബെന്‍സ്‌ന കാറുകള്‍ വില്‍ക്കുന്നൊരു മള്‍ട്ടിനാഷനല്‍ വിപണനകേന്ദ്രത്തിലെ വിജയിയായൊരു സെയില്‍സ്മാനാണ് നീല്‍. ഈ നീലന്റെ, നീലലോഹിതദാസന്റെ വേഷമാണ് നമ്മുടെ പ്രിയപ്പെട്ട ഫഹദിനുള്ളത്. നീല്‍ ഒരു ദിവസം വിജയകരമായൊരു വിപണിദിവസത്തിന്റെ അവസാനത്തില്‍ വീട്ടിലേക്കുള്ള യാത്രയില്‍ തന്റെ സ്ഥിരം അവസാനബസ് മിസ്സ് ചെയ്യുന്നിടത്താണ് പടം ആരംഭിക്കുന്നത്.

തുടര്‍ന്ന് ഒന്നരമണിക്കൂര്‍ വൈകിമാത്രം ബാക്കിയുള്ള അടുത്ത ആലുവ ബസ്സിനായി വൈറ്റില ഹബ്ബില്‍ കാത്തിരിക്കുന്നതിനിടെ, നീല്‍ അടുത്തുള്ള ബാറില്‍ പോയി ചലച്ചിത്രങ്ങള്‍ക്കു പാകമാകും വിധം നിയമപരമായി നടത്താനാകുന്ന ഒരു ബിയര്‍പാനത്തിനു മുതിരുന്നു. ബിയര്‍ കുടിക്കുശേഷം അവിചാരിതമായി ഒരു കൂട്ടം ആളുകളുമായി ശണ്ഠയിലേര്‍പ്പെടുന്നു. അക്കൂട്ടര്‍ ഒരു വലിയ ഗുണ്ടാസംഘത്തിന്റെ ഭാഗമായിരുന്നു. അങ്ങനെ നീല്‍, അവന്‍ സഞ്ചരിക്കുന്ന ബസ് എന്നിവ ആ ഗുണ്ടാസംഘത്തിന്റെ നോട്ടപ്പാടിലാകുന്നു.

ഇതിനിടെ ഹരിതജെറാള്‍ഡൈററ് എന്ന ഇക്കാലഭാഗ്യരത്‌നത്തിന് കച്ചവടമുറപ്പിക്കുന്ന ഒരു നൂതനവണിക്ക് അതിന്റെ കൈമാറ്റത്തിന് അതേ രാത്രി ഒരു കോടിരൂപയുമായി പുറപ്പെടുന്ന സമാന്തരട്രാക്ക് നാം കാണികള്‍ക്കു മുന്നില്‍ ഇതള്‍വിരിയുന്നു. പച്ചരത്‌നവുമായി പുറപ്പെടുന്ന ഒരു കച്ചവടസംഘത്തിന്റെ കാര്യാപത്ര നായകന്റെ സഞ്ചാരവുമായി അനിയന്ത്രിതമായി കൂട്ടിക്കെട്ടപ്പെടുന്ന നിമിഷങ്ങള്‍ക്കും നാം സാക്ഷ്യം വഹിക്കേണ്ടിവരുന്നുണ്ട്.

പോലീസ് തെരച്ചില്‍ ഭയന്ന് വണിക്ക്മഹാന്‍ തന്റെ മറവിക്കാരനായ സഹചാരിയെ ഒരു കോടി രൂപയടങ്ങുന്ന ബാഗുമായി വഴിയില്‍ ഇറങ്ങാന്‍ അനുവദിക്കുന്നു. തൊട്ടുപിന്നാലെ വരുന്നതും കഥാനായകന്‍ സഞ്ചരിക്കുന്നതുമായ ബസ്സില്‍ ബാഗുമായി കയറുന്ന ശിങ്കിടി സ്വാഭാവികമായും ബാഗ് ബസ്സില്‍ വച്ചു മറക്കുന്നു. ബാഗ് ലഭിക്കുന്ന നായകന്‍, തന്നെ ആക്രമിക്കുന്ന ഗുണ്ടാസംഘത്തില്‍ നിന്നു രക്ഷനേടാന്‍ ബാഗുമായി ബസ്സില്‍ നിന്നിറങ്ങുകയും അടുത്തുകണ്ടൊരു വാഹനത്തില്‍ കയറുകയും ചെയ്യുന്നു. അത് തമിഴ്‌നാട്ടിലേക്കു കറിപ്പൊടിയുമായി പോകുന്നൊരു വണ്ടിയായിരുന്നു. അതില്‍ നായകന്‍ അറിയാതെ അന്യസംസ്ഥാനത്തേക്കു നാടുകടത്തപ്പെടുന്നു.

തമിഴ്‌നാട്ടിലെത്തുന്ന നായകന്‍ അവിചാരിതമായി ഒരു കാമുകീകാമുക ജോഡിയെ രണ്ടുതവണ രക്ഷപ്പെടുത്തുന്ന അവസരത്തിന് ഇരയാകുകയും ചെയ്യുന്നുണ്ട്. അതിനിടെ, നായകന്റെ നായിക നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനം പണമില്ലാത്തതിനാല്‍ കുഴപ്പത്തിലാകുന്നു. നായകന്‍ തനിക്കു ലഭിച്ച ഒരുകോടി രൂപയില്‍ പാതി ചെലവിട്ട് ക്ലൈമാക്‌സില്‍ നായികയെ രക്ഷപ്പെടുത്തുന്നു. ഇത്രയുമത്രേ മണിരത്‌നത്തിന്റെ ആകെത്തുക.

പറഞ്ഞുകേട്ടുപഴകിയ കഥ, പറഞ്ഞുകേട്ടുപഴകിയ അതേ ആഖ്യാനകൗശലത്തില്‍ വാര്‍ന്നു വീഴുന്നൊരു സിനിമ. അതാണ് മണിരത്‌നത്തിന്റെ മുന്നിലെ വെല്ലുവിളി. അതുകൊണ്ടുതന്നെയാകാം മണിരത്‌നം കാണികളെ കാര്യമായി ചലിപ്പിക്കാത്തത്. എന്നാല്‍ പറഞ്ഞുകേട്ടതും പറഞ്ഞുപഴകിയതുമായ കഥയും കാര്യവും കൗശലുമാണെന്നിരിക്കിലും കൃത്യം രണ്ടുമണിക്കൂര്‍ നീളത്തില്‍ ഒരു സെക്കന്റുപോലും ബോറടിക്കാത്ത വിധത്തില്‍ മണിരത്‌നം ഒരുക്കി റെഡിയാക്കി കാണികള്‍ക്കു മുന്നില്‍ വച്ചുതന്നിരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം ഈ മണിരത്‌നത്തിന്റെ രത്‌നഭംഗി അംഗീകരിക്കപ്പെടാവുന്നതും ആസ്വദിക്കപ്പെടാവുന്നതുമാണ് എന്നതാണ് റിവേഴ്‌സ് ക്ലാപ്പിന്റെ തീര്‍പ്പ്

താന്‍ തന്നെ ചെയ്ത വേഷങ്ങളുടെ ആവര്‍ത്തനം മാത്രമാണ് തന്റെ കഥാപാത്രമായ നീലെന്നിരിക്കിലും ആ സാധാരണത്വത്തെ അസാധാരണമാക്കി മാറ്റുന്ന അഭിനയചാരുത കൊണ്ട് സിനിമയുടെ മാറ്റു മാറ്റിത്തീര്‍ക്കുന്ന ഫഹദിന്റെ പ്രകടനമാണ് മണിരത്‌നത്തെ മാറ്റിമറിക്കുന്നത്. ശരിക്കും കൊതിതോന്നിപ്പിക്കുന്ന അഭിനയപ്രകടനമാണ് ഫഹദിന്റെ പക്കല്‍നിന്നും വരുന്നത്. ഓരോ നിമിഷത്തെയും ഉദ്വേഗഭരിതമാക്കും വിധം തന്റെ മുഖവും ആകെശരീരവും കൊണ്ട് നീലിനെ ജീവനുള്ളതാക്കി മാറ്റുന്നുണ്ട ആ നടന്‍. ഈ കാലത്തെ, ലോകത്തെ മലയാളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നടനായി ഈ യുവാവ് മാറുന്നതെന്തു കൊണ്ടാണെന്ന് ഒരിക്കല്‍ക്കൂടി തെളിവുനല്‍കുന്നതായിത്തീരുന്നു ഈ സിനിമ.

മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്തവരും സിനിമയുടെ നിഷ്‌കളങ്കചാരുതയ്ക്ക് അങ്ങേയറ്റം ശോഭയേറ്റുന്നു. ജെറാള്‍ഡൈറ്റുമായി യാത്ര ചെയ്യുന്ന സംഘം സിനിമയുടെ പശ്ചാത്തലമൊരുക്കുന്നതില്‍ വലിയ പങ്കാണു വഹിക്കുന്നത്. ആ സംഘത്തെ സാക്ഷാല്‍ക്കരിക്കുന്നവര്‍ ഓരോരുത്തരും സിനിമയുടെ ഭാഗങ്ങളെ ഭദ്രമാക്കിച്ചമയ്ക്കുന്നു. ചെമ്പില്‍ അശോകന്‍, കലിംഗശശി, ദിനേശന്‍ തുടങ്ങിയവര്‍ തങ്ങളുടെ സ്വാഭാവികവും സഹജവുമായ അഭിനയചാരുത കൊണ്ടാണ് സിനിമയെ സുന്ദരമാക്കുന്നത്. ജെറാള്‍ഡൈറ്റ് വാങ്ങാനെത്തുന്ന കച്ചവടക്കാരന്റെ വേഷം രജ്ഞിപ പണിക്കര്‍ ശബ്ദലാവണ്യം കൊണ്ടും ശരീരഭാഷ കൊണ്ടും അന്യൂനമാക്കമാറ്റിയിരിക്കുന്നു. രജ്ഞി പണിക്കര്‍ കുറച്ചനേരത്തേ തിരക്കഥാ രചനപ്പണി നിര്‍ത്തി അഭിനയത്തൊഴിലിനിറങ്ങേണ്ടതായിരുന്നു എന്നു നമ്മെക്കൊണ്ടു പറയിച്ചുകളയും ഈ വേഷം.

രജ്ഞി പണിക്കരുടെ കഥാപാത്രത്തിന് ഈ അന്ധവിശ്വാസമൊക്കെ പകര്‍ന്നു നല്‍കുന്ന ജ്യോതിഷശിരോമണിയുടെ വേഷത്തില്‍ സുനില്‍ സുഖദയും മിന്നിത്തിളങ്ങി. ഓരോ ചലനത്തിലും തന്റെ വേഷത്തെ അറിഞ്ഞു പെരുമാറിയ രജ്ഞി പണിക്കരാണ് കൈയടി കൂടുതല്‍ നേടുന്നതെങ്കിലും. ഇവരുടെ മൂവര്‍ സംഘത്തിലെ മൂന്നാമന്റെ വേഷം കൈയാളുന്നത് കൊച്ചുപ്രേമനാണ്. ആ വലിയ ചെറിയ നടന്റെ ഇതപര്യന്തമുള്ള അഭിനയകാലത്തെ ഏറ്റവും മികച്ചൊരു വേഷമാണ് ഈ സിനിമയിലുള്ളത്. ഈ സിനിമയുടെ നര്‍മത്തിന്റെ ആണിക്കല്ല് മറവിക്കാരനായ ആ വേഷത്തിലാണുള്ളത്. അതിനെ പൂര്‍ണമായി അറിഞ്ഞു പണിഞ്ഞുവച്ചിരിക്കുന്ന കൊച്ചുപ്രേമന്‍. അദ്ദേഹത്തിന്റെ അഭിനയം അനുപമമായി തീര്‍ത്തിരിക്കുന്നു. ആ വേഷമാണ് ഈ സിനിമയെ ഇത്രമേല്‍ രസകരമാക്കിയിരിക്കുന്നത്.

അവിചാരിതമായി ഒരു കോടി രൂപ കൈവരുന്ന നീല്‍ ആദ്യം ആ പണം സൃഷ്ടിക്കുന്ന ആമോദങ്ങളില്‍ വിരാജിച്ചുപോകുന്നുവെങ്കിലും പിന്നീട് മെല്ലെ ആ പണത്തിന്റെ കൈവശാവകശം സൃഷ്ടിക്കുന്ന കുഴപ്പങ്ങളെക്കുറിച്ചു ബോധവാകാനാകുന്നു. വലിയൊരു തുക, അതും അനധികൃതമായി തന്റെ കൈവശം ഇരിക്കുന്നതിന്റെ എല്ലാ പ്രശ്‌നങ്ങളും മെല്ലെ ആ കഥാപാത്രം അനുഭവിച്ചുതുടങ്ങുന്നു. അതിന്റെ വിശദാംശങ്ങളെ കൈകാര്യം ചെയ്യലാണ് സിനിമയുടെ പ്രധാനപ്പെട്ട പണിയെന്നും പറയാം.

ഇങ്ങനെ അവിചാരിതമായി വന്നുചേരുന്ന പണം സാധാരണക്കാരായ കഥാപാത്രങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന വിചാരണാസന്നിഭമായ കഥാഖ്യാനങ്ങള്‍ അത്ര പുതുമയല്ല. ഒരുപാടു ജനപ്രിയസിനിമകള്‍ക്ക് ചേരുവയായി വിഷയമാണിത്. മോഹന്‍ലാല്‍, മുരളി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ വന്ന ധനമെന്ന സിനിമ അത്തരമൊരു ആലോചനയായിരുന്നു.

ഈ കഥാപരിസരത്തെ നവ മലയാളസിനിമ ആവര്‍ത്തിച്ചു കൈകാര്യം ചെയ്യുന്നതു കാണാം. പണത്തിന്റെ കൈകാര്യകര്‍തൃസത്വത്തെ, അതിന്റെ ചാക്രികാവസ്ഥയില്‍ കാണിക്കുവാന്‍ പാടുപെടുന്നൊരു സിനിമയായിരുന്നു വിനീത് ശ്രീനിവാസനും വിനു മോഹനും അഭിനയിച്ച സൈക്കിള്‍ എന്ന സിനിമ.

പണം സൃഷ്ടിക്കുന്ന കാറന്‍സികമായ വിപര്യയങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള മര്‍മപ്രധാനമായ പ്രശ്‌നങ്ങളെ ചര്‍ച്ചയ്‌ക്കെടുന്ന സിനിമയായിരുന്നു കറന്‍സി.

പണവും അതിന്റെ അനധികൃതമായ കൈമാറ്റപ്രശ്‌നങ്ങളും വിഷയമാകുന്ന മറ്റൊരു ന്യൂ ജനറേഷന്‍ സിനിമയ്രേത ബാച്ചിലര്‍ പാര്‍ടി.

ഇതേ ധനവിനിയോഗപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നമുക്ക് രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയിലും കാണാനാകുന്നത്. ഇവിടെ മണിരത്‌നത്തില്‍ കാണുന്നതുപോലൊരു ധനസഞ്ചാരപരമായി അസംബന്ധം നമുക്ക് ആ സിനിമയിലും കാണാം. പൊതുവേ ഈ കാലത്തിന്റെ സവിശേഷതയാണിതെന്നു വേണമെങ്കില്‍ പറയാം. ഇങ്ങനെ പലവുരു പറയപ്പെട്ട കഥാമാതൃകയുടെ ഏകതാനത്വമായിരിക്കും അന്യഥാ തരക്കേടില്ലാത്ത മണിരത്‌നത്തിന് ജനത്തിനിടെ വലിയ പ്രിയത നേടിയെടുക്കുന്നതില്‍ തരക്കേടു സൃഷ്ടിക്കുന്നത്.

നിവേദിതയും ഫഹദ് ഫാസിലും കൊച്ചുപ്രേമനും ദിലീപും രജ്ഞി പണിക്കരും മറ്റും അടങ്ങുന്ന സംഘത്തിന്റെ നിസ്സീമസുന്ദരമായ പ്രകടനങ്ങള്‍, നല്ല കൗതുകം പകരുന്ന രണ്ടു പാട്ടുകള്‍, രസകരമായും കൗതുകഭാവം മാറ്റാതെയും ഒരുക്കിയിരിക്കുന്ന സീനുകള്‍ എന്നിങ്ങനെ ഒട്ടും മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒന്നാണ് മണിരത്‌നം. ടൈപ്പ് കഥാപാത്രങ്ങളുടെ ഘോഷയാത്രയും സ്ഥിരം കഥാപരിസരങ്ങളും പുതുമയ്ക്കുവേണ്ടിയുള്ള പുതുമാപ്രകടനങ്ങളും അല്‍പമാത്രമായ ഏച്ചുകെട്ടലുകളായി അവശേഷിക്കുമെങ്കിലും ഈ സിനിമ ഒരു വാച്ചബിള്‍ മൂവിയാണ്. ഫഹദ് സിനിമകളുടെ സ്ഥിരം രീതിയായ ഗുണോപദേശകഥയുടെ ആവര്‍ത്തനമാണ് ഇതെന്നതായിരിക്കും മറ്റൊരു ദോഷം. എന്തായാലും പാസ് മാര്‍ക്ക് നേടാന്‍ പാടുപെടുന്നതേയില്ല ഈ പടം.

DONT MISS
Top