ജീവിത സായാഹ്നത്തില്‍ തണലാകാം; ഇന്ന് ലോക വയോജന ദിനം

ജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവരെ സ്‌നേഹത്തോടെ ഓര്‍മ്മിക്കാനുള്ള ദിനമാണിന്ന്, ലോക വയോജന ദിനം. സ്‌നേഹവും പരിചരണയും കരുതലും ശ്രദ്ധയും ഏറ്റവും കൂടുതല്‍ ലഭിക്കേണ്ട സമയമാണ് വാര്‍ദ്ധക്യകാലം. ആരോഗ്യം ക്ഷയിക്കുക, ഓര്‍മ്മ നഷ്ടപ്പെടുക എന്നിവയെല്ലാം അലട്ടുന്ന വാര്‍ദ്ധക്യകാലത്ത് വൃദ്ധരെ സ്‌നേഹത്തോടെ പരിചരിക്കാന്‍ കഴിയണം.

എന്നാല്‍ ഇന്ന് തിരക്കു പിടിച്ച ജീവിതത്തില്‍ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മക്കള്‍ക്ക് സമയമില്ല. കൂണുപോലെ മുളച്ചു പൊന്തുന്ന വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കപ്പെടുകയാണവര്‍. നമ്മെ നാമാക്കി മാറ്റുന്ന ജീവിതങ്ങളാണ് സംരക്ഷണമില്ലാതെ ആരും നോക്കാനില്ലാതെ അനാഥമായി കഴിയുന്നത്.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്താകമാനം 60 വയസ്സിനുമേല്‍ പ്രായമുള്ള ഏകദേശം 60 കോടി ആളുകളാണുള്ളത്. 2025ല്‍ ഇത് ഇരട്ടിയാകും. 2050ല്‍ ലോകത്താകെ 200 കോടി വയോജനങ്ങളുണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു. വികസ്വര രാജ്യങ്ങളിലാണ് വൃദ്ധര്‍ ഏറ്റവും അധികമുള്ളത്.

ആയുസ്സിന്റെ പകുതിയും സ്വന്തം കുടുംബത്തിനു വേണ്ടി അധ്വാനിച്ച് ജീവിതത്തിന്റെ ജീവിതസായാഹ്നത്തില്‍ ആരും സംരക്ഷിക്കാനില്ലാതെയാതകരുത് നമ്മെ വഴിനടത്തിയവര്‍. അവഗണിക്കാതെ വയോജനങ്ങളെ ആദരിക്കാന്‍ പഠിക്കണം. വളര്‍ന്നു വരുന്ന തലമുറയില്‍ ആ ബോധം വളര്‍ത്തിയെടുക്കാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയുകയും വേണം.

DONT MISS
Top