‘ഞാന്‍’ പാലേരിയോ?

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന, ഇരട്ടവേഷത്തില്‍ പകര്‍ന്നാടുന്ന സിനിമയാണ് ഞാന്‍. ടി.പി.രാജീവന്‍ രണ്ടു നോവലുകളാണ് എഴുതിയിട്ടുള്ളത്. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയും കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും. രണ്ടു നോവലുകളും വന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി. ആദ്യത്തെ നോവലായ പാലേരി മാണിക്യം രഞ്ജിത്ത് സിനിമയാക്കി. മമ്മൂട്ടി മൂന്നു വേഷങ്ങളില്‍ ആ സിനിമയില്‍ തന്റെ അഭിനയശേഷി പ്രകടമാക്കി.

ഇതപര്യന്തമുള്ള തന്റെ കരിയറില്‍ രഞ്ജിത്ത് അങ്ങനെ മറ്റുള്ളവരുടെ കഥകളെ പ്രമേയമായി സ്വീകരിച്ചിട്ടുള്ള ആളല്ല. ആദ്യചിത്രമായ മെയ്മാസപ്പുലരി മുതല്‍ മാജിക് ലാംപ് വരെ ചിലപ്പോഴെല്ലാം സ്വന്തം കഥ മറ്റുള്ളവര്‍ക്ക് തിരക്കഥ ചമയ്ക്കാനായി വിട്ടുകൊടുത്തിട്ടുണ്ടെങ്കിലായി എന്നു മാത്രം. രാജമാണിക്യം ടി.എ.ഷാഹിദിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്യാന്‍ വിചാരിച്ചുവെങ്കിലും അവസാനനിമിഷം അതിന്റെ സംവിധാനച്ചുമതല തന്റെ ശിഷ്യന്‍ അന്‍വര്‍ റഷീദിന് ഏല്‍പ്പിക്കുകയാണുണ്ടായത്. കൈയൊപ്പ് അംബികാസുതനുമായി സഹരചന നടത്തിയിരുന്നു.

ഏതായാലും പാലേരിയില്‍ മറ്റൊരാളുടെ കഥ സ്വീകരിക്കാന്‍ രഞ്ജിത്ത് തയ്യാറായി. ഇപ്പോള്‍ മനസ്സിലാകുന്നത്, ടി.പി.രാജീവന്‍ എഴുതുന്ന നോവലുകള്‍ മുഴുവന്‍ രഞ്ജിത്ത് സിനിമയാക്കുമെന്നാണ്. പാലേരിയില്‍ മമ്മൂട്ടിയെങ്കില്‍ ഇവിടെ മമ്മൂട്ടിയുടെ മകനും യുവനായകനുമായ ദുല്‍ഖര്‍ സല്‍മാന്‍.

മറ്റൊരാളുടെ കഥ സിനിമയുടെ രചനാശീലത്തിലേക്കു മാറ്റുമ്പോള്‍ രഞ്ജിത്ത് സ്വീകരിക്കുന്ന രീതി ശില്‍പ്പത്തില്‍ നടത്താന്‍ പറ്റുന്ന ലീലകളാണ്. പാലേരിമാണിക്യത്തില്‍ ഒരു അന്വേഷകകഥാപാത്രത്തെ കൊണ്ടുവന്ന് പാലേരിയുടെ മരണം അന്വേഷിക്കുന്ന രീതിയായിരുന്നു. ഇവിടെയും നോവലില്‍ നിന്നു വിഭിന്നമായി ഒരു നാടകകാരനെ രംഗത്തു കൊണ്ടുവന്ന്, കെടിഎന്‍ കോട്ടൂരിനെപ്പറ്റി ഒരു നാടകത്തിനായി നടത്തുന്ന അന്വേഷണത്തിന്റെ പുറംമോടി നടത്തിയിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ മാത്രമല്ല, പല നിലയ്ക്കും പാലേരിയുടെ ഒരു തുടര്‍ച്ചയായിത്തീരുന്നുണ്ട് കലാപരമായും സാങ്കേതികാര്‍ത്ഥത്തിലും ഈ ഞാന്‍.

കാലത്തിന്റെ വിവിധദൂരങ്ങളെ ഒരു ഫ്രെയിമില്‍ കൊണ്ടുവരുന്ന വൈചിത്ര്യങ്ങളെ ലോകപ്രേക്ഷകര്‍ക്കു ഈയടുത്ത് വിസ്മയമാക്കിയ സംവിധായകന്‍ തിയോ ആന്‍ജലോ പൗലോയാണ്. അദ്ദേഹത്തിന്റെ എറ്റേണിറ്റി ആന്റ് എ ഡേ ഒക്കെ അത്തരം ഫ്രെയിമുകള്‍ കൊണ്ട് സമ്പന്നമാണ്. അതിനെ വിദൂരമായി ഉപജീവിച്ചുകൊണ്ടാണ് മലയാളത്തില്‍ ടി.വി.ചന്ദ്രന്‍ സൂസന്നയിലും ഡാനിയിലും കഥാവശേഷനിലുമെല്ലാം ചില കാലമിശ്രിതങ്ങള്‍ സാധിച്ചത്.

പാലേരി മാണിക്യത്തില് രഞ്ജിത്ത് അത്യന്തം വിദഗ്ദ്ധമായി അത്തരം ചില സങ്കേതങ്ങള് ഉപയോഗിച്ചിരുന്നു. മാണിക്യത്തിന്റെ വിവാഹം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെ ഒരൊറ്റ ഫ്രെയിമിലെ രണ്ടു വള്ളങ്ങളുടെ വിപരീതസഞ്ചാരങ്ങള് കൊണ്ട് അടയാളപ്പെടുത്തുന്ന രീതിയൊക്കെ ആ സിനിമയെ ആസ്വാദ്യമാക്കിയിരുന്നു. അതിന്റെ ഒരു ആവര്ത്തനം ഇവിടെ ഞാനിലും കാണാനാകും. അതുപക്ഷേ, അത്ര ഏശുന്ന വിധത്തിലായില്ലെന്നുമാത്രം. തോള്‍ച്ചുമടായി തേങ്ങ കൊണ്ടുവരുന്നവരുടെ ദൃശ്യം വര്‍ത്തമാനത്തില്‍ നിന്നു ഭൂതകാലത്തിലേക്ക് ലയിപ്പിച്ചുചേര്‍ക്കുന്ന ദൃശ്യമൊക്കെ അങ്ങനെ പാലേരിയുടെ ആവര്‍ത്തനമാകുന്നു.

അല്ലാതെതന്നെ മൊത്തത്തില്‍ നിര്‍മ്മിതിയിലും ശില്‍പത്തിലും ഭാവത്തിലും പാലേരിയുമായി കടുത്ത ആധമര്‍ണ്യം ഈ സിനിമ പുലര്‍ത്തുന്നുണ്ട്. അതാകണം, മലയാളി പ്രേക്ഷകരെ ഈ സിനിമ കാണുമ്പോള്‍ കൂടുതല്‍ അലട്ടാന്‍ സാധ്യത. ഈ സിനിമയില്‍ സുരേഷ് കൃഷ്ണ ചെയ്യുന്ന വേഷം ചിലപ്പോഴെങ്കിലും പാലേരിയിലെ മുരുക്കുംകുന്നത് അഹമ്മദ് ഹാജിയെ ഓര്‍മിപ്പിക്കാതിരിക്കില്ല. അന്നത്തെ കോസ്റ്റിയൂംസ് അലക്കിത്തേച്ച് മടക്കിവച്ചത് ഇപ്പോള്‍ സുരേഷ് കൃഷ്ണയെ എടുത്തിടീപ്പിച്ചതാണോ എന്നുപോലും തോന്നിപ്പോകും.

സെറ്റുകളും പ്രോപ്പര്‍ട്ടികളും ഒക്കെ പാലേരിയില്‍ നിന്നു കടംകൊണ്ടതോ എന്നു തോന്നാതിരിക്കില്ല. ഫ്രെയിമുകളില്‍ പരിലാളിക്കുന്ന നിറങ്ങളുടെ സങ്കരങ്ങള്‍ പോലും. ഈ സെറ്റ് പൊളിക്കാതിരുന്നാല്‍ ഇനി ടിപി രാജീവന്‍ എഴുതുന്ന നോവല്‍ രഞ്ജിത്തിനു കുറഞ്ഞ ചെലവില്‍ ചിത്രീകരിക്കാനാവില്ലേ എന്നു ചിലരെങ്കിലും സംശയിച്ചെങ്കില്‍ അതുമായി.

ഒരു പീര്യഡ് സിനിമ എടുക്കുക അതിപ്രയാസകരമായി കാര്യമാണ്. റിച്ചാഡ് ആറ്റന്‍ബറോ ഗാന്ധി സിനിമ എടുത്ത കാര്യം ആനുഷംഗികമായി പടത്തില്‍ പരാമൃഷ്ടവുമാണ്. ഏതായാലും ആദ്യപകുതിവരെ ആ പീര്യഡ് സിനിമാശ്രമത്തില്‍ രഞ്ജിത്ത് വിജയിച്ചുവെന്നു പറയാം. ആദ്യം കുറേനേരത്തെ അതിനാടകീയതയ്ക്കുശേഷം കോട്ടൂരിന്റെ കഥയിലേക്കു പ്രവേശിച്ചതോടെ സിനിമയ്ക്കു കൈവന്ന സൗന്ദര്യവും വേഗവും ഇടവേള വരെ സുഗമമായി നിലനിന്നു. എന്നാല്‍, ഇടവേളയ്ക്കുശേഷം പ്രത്യേകിച്ച് അന്തിമരംഗങ്ങളില്‍ അതിഭാവുകത്വവും അതിനാടകീയതയും അതിസാഹിത്യവും കടന്നുകയറി പടത്തിന്റെ ശില്പത്തെയും ഭാഷയെയും ആഖ്യാനത്തെയും അട്ടിമറിച്ചുകളയുന്നതുകാണാം.

ഞാന്‍, അഥവാ, സെല്‍ഫ് എന്നാലെന്ത് എന്നു പോര്‍ട്രേ ചെയ്യാനുള്ള യത്‌നമാണ് ഈ സിനിമ എന്നു പറയാം. വെറുമൊരു വ്യക്തിയെന്നതിലപ്പുറം, ഇന്ത്യന്‍ പൗരന്‍ എന്ന രാഷ്ട്രീയവ്യക്തിയെന്ന നിലയിലും കൂടി ചരിത്രപരമായി കോട്ടൂരിനെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ സിനിമ. സിനിമ എന്ന സാങ്കേതികലയെ അതുമായി ഒരേസമയം ഇണങ്ങിയും പിണങ്ങിയും നിലകൊള്ളുന്ന നാടകമെന്ന മറ്റൊരു സാങ്കേതികകലയുമായി കൂട്ടിവായിക്കാനും കൂട്ടിയിണക്കാനും കൂടിയുള്ള ശ്രമമായി ഈ സിനിമയെ കാണേണ്ടതുണ്ട്.

രവി എന്ന നാടകകാരനും സാമൂഹികപ്രവര്‍ത്തകനും ബ്ലോഗ് എഴുത്തുകാരനുമാണ് സിനിമയുടെ നട്ടെല്ല്. അയാള്‍ തന്റെ പ്രവര്‍ത്തനപഥത്തിലുള്ള ഒരു നാടകസംഘവുമായി ഒരു ധാരണയിലെത്തുന്നു. വര്‍ഷങ്ങളായി താന്‍ പറഞ്ഞുനടക്കുന്ന കെടിഎന്‍ കോട്ടൂരെന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി ഒരു നാടകം താന്‍ രചിക്കും. അത് സംഘം കളിക്കണം. എല്ലാവരും അതിനു സമ്മതിക്കുന്നു. പിന്നെ, നാടകരചനയുടെ അവതരണത്തിന്റെയും പശ്ചാത്തലത്തില്‍ സിനിമയുടെ കഥ, കോട്ടൂരിന്റെ കഥ സങ്കീര്ണമായ ഒരു ആഖ്യാനമായി വാര്‍ന്നുവീഴുകയാണ്.

മലയാളത്തിലെ മികച്ച സിനിമാരചയിതാക്കളിലൊരാളാണ് രഞ്ജിത്ത്. അതിപ്പോള്‍ തനിക്കച്ചവടസിനിമയായ ആറാംതമ്പുരാനായാലും കൗതുകഭരിതമായ പ്രാഞ്ചിയേട്ടനായാലും. പാലേരിമാണിക്യമെന്ന സങ്കീര്‍ണ നോവലിനെ മറ്റൊരു കരവിരുതിലേക്ക് രചിച്ചുപാലിച്ചതില്‍ രഞ്ജിത്ത് കാണിച്ച കൈയടക്കം ശ്രദ്ധേയമായിരുന്നു. ഇവിടെയും ക്രാഫ്റ്റില് ചില കൗശലങ്ങള് രഞ്ജിത്ത് കാണിക്കുന്നതു കാണാം. പടം അതിനാടകീയമായിപ്പോകുന്നതിന് മുന്കൂര് ജാമ്യമായി പടം മൊത്തത്തില് ത്തന്നെ നാടകമായിരുന്നില്ലേ എന്ന മറുചോദ്യം എടുത്തുവയ്ക്കാന് പാകത്തിലാണ് ഞാനിനെ പാകപ്പെടുത്തിയിരിക്കുന്നത്. നാടകസംഘത്തിലെ കഥാപാത്രങ്ങളെ, അഭിനേതാക്കളെ ഭൂതകാലത്തിലേക്കു പറിച്ചുനട്ട് പ്രധാനപ്പെട്ട ചരിത്രകഥാപാത്രങ്ങളാക്കുന്നു. നാടകത്തിലില്ലാത്ത വേറെ ചില കഥാപാത്രങ്ങളെയും നിലനിര്ത്തുന്നു. ഇങ്ങനെ നാടകവും സിനിമയും തമ്മിലുള്ള ഒരു സംഘര്ഷമായും സിനിമയെ രഞ്ജിത്ത് മാറ്റുന്നുണ്ട്.

നാടകരംഗങ്ങളില്‍ പലപ്പോഴും സിനിമയ്ക്കു മാത്രം സാദ്ധ്യമാകുന്ന ക്ലോസ് അപ്പുകള്‍ പോലെയുള്ളവ കൂടുതല്‍ വിന്യസിക്കുന്ന രഞ്ജിത്ത് പക്ഷേ, നാടകത്തിനു പുറത്തുള്ള നിമിഷങ്ങളെ പലപ്പോഴും ദൂരത്തുനിന്നു പകര്‍ത്തിക്കൊണ്ട് നാടകത്തിന്റെ പക്ഷം സ്വീകരിക്കുന്നതും കാണാം. ചുരുക്കിപ്പറഞ്ഞാല്‍ നാടകത്തിനും സിനിമയ്ക്കും ഇടയ്ക്ക് നടക്കുന്ന ഒരു സാംസ്‌കാരികസംഘര്‍ഷമായിട്ടു കൂടിയാവണം ഈ സിനിമയെ അതിന്റെ സംവിധായകന്‍ സങ്കല്പിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ജോയ് മാത്യു അവതരിപ്പിക്കുന്ന സംവിധായകനെ സ്വയം സിനിമയ്ക്കും നാടകത്തിനുമിടയ്ക്ക് പാഞ്ഞുനടക്കുന്ന ഒരാളായി കല്‍പിച്ചിരിക്കുന്നതും.

എന്നാല്‍ ഇടവേളയ്ക്കു ശേഷമുള്ള പല നിമിഷങ്ങളിലും സിനിമ അതിന്റെ സംഭാഷണങ്ങളിലൂടെയും ചലനങ്ങളിലൂടെയും അതിനാടകീയതയിലേക്ക് വഴുതിവീഴുന്നതിന് ഇതൊരു മര്യാദയുള്ള ന്യായീകരണമാകുമെന്നു തോന്നുന്നില്ല. ഇതിന്റെ ഓട്ടകളെയും അടയ്ക്കാനുള്ള ഇരുട്ടാണ് തറവാട്ടിലാകെ പടര്‍ന്നുകിടക്കുന്നതായി രഞ്ജിത്ത് പറയുന്നത്. ആ ഇരുട്ടുകൊണ്ടുപക്ഷേ, ഈ ഓട്ടയടഞ്ഞെന്നു തോന്നുന്നില്ല. ചിലപ്പോഴെങ്കിലും നാം പറയിപെറ്റ പന്തിരുകുലം ലൈനിലുള്ള ഒരു പ്രഫഷനെല്‍ നാടകത്തിന്റെ മുന്നില്‍ ചെന്നുപെട്ടതുപോലെ തോന്നുക തന്നെ ചെയ്യും.

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പരിമിതിക്കുള്ളില്‍ നിന്ന് കോട്ടൂരിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. ദുല്‍ഖറിന്റെ കൈയിലൊതുങ്ങുന്ന കഥാപാത്രമല്ലിതെന്ന് നിശ്ചയം. കുറേക്കൂടി റേഞ്ചുള്ള ഒരു നടന്‍ ഈ വേഷം അവതരിപ്പിച്ചിരുന്നെങ്കില്‍ എന്നു പലപ്പോഴും തോന്നിപ്പോയി. സാക്ഷാല്‍ മമ്മൂട്ടിക്കു തന്നെ ചെയ്യാമായിരുന്നു ഈ വേഷം. സുരേഷ് കൃഷ്ണയും വെറുമൊരു നാടകനടനമായിപ്പോയി. സ്ത്രീകളുടെ വേഷം ചെയ്തവരെല്ലാം നന്നായി ചെയ്തു. പ്രത്യേകിച്ച് സജിതാ മഠത്തിലിന്റെ വേഷവും അവരുടെ അഭിനയമര്യാദയും. തുറന്നും മറച്ചും ചെയ്യേണ്ട ഭാവവൈവിദ്ധ്യങ്ങളെ സജിത ഉചിതഞ്ജതയോടെ കൈകാര്യം ചെയ്തു.

താന്‍ തന്നെയാണ് നകുലനെന്ന തിരിച്ചറിവും താന്‍ തന്നെ പിതാവിന്റെ തുടര്‍ച്ചയും ആവര്‍ത്തനവും മാത്രമാണെന്ന ബോധ്യവും ഞാന് എന്ന സിനിമയെയും അതിന്റെ തലക്കെട്ടിനെയും ഉറപ്പിക്കുന്നുണ്ട്. കൃതിമത്വം കുറച്ചിരുന്നെങ്കില്‍ കൂടുതല്‍ ആഴം പ്രതിഫലിച്ചിരുന്നേനേ. എന്നാലും ഒരു ശ്രമമെന്ന നിലയില് ഇതിന്റെ രചനയെയും സംവിധാനത്തെയും അംഗീകരിക്കുക തന്നെ വേണം. പിന്നൊന്നുള്ളത്, ആഢ്യന്മാരായ വെളുത്തവരുടെ സഹജീവിപ്രേമം, രാഷ്ട്രീയബോധം എന്നിവ വീണ്ടും വീണ്ടും, വെളുത്തു തുടുത്ത സിനിമകളിലൂടെ വരുന്നത് അത്ര നിഷ്‌കളങ്കമായി കണ്ടുനില്ക്കാനാവില്ലെന്നതാണ്.

[jwplayer mediaid=”131311″]

DONT MISS
Top