മേയ്ക്ക് ഇന്‍ ഇന്ത്യാ ക്യാംപയിന് തുടക്കം

രാജ്യത്തെ ലോക നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മേക്ക് ഇന്‍ ഇന്ത്യാ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ നിക്ഷേപം വരാത്തതിന് രാഷ്ട്രീയ കാരണങ്ങളില്ല. നയമാറ്റങ്ങള്‍ വ്യവസായികളെ പിന്തിരിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചെങ്കില്‍ മാത്രമേ നിക്ഷേപം വര്‍ധിക്കുകയുള്ളൂവെന്നും മോദി പറഞ്ഞു.

രണ്ട് എഫ്ഡിഐകളാണ് ഇന്ത്യയുടെ ഭാവിയെ നിര്‍ണയിക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപമായ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ആണ് ഇതുവരെ കേട്ടിട്ടുള്ളത്. ഇതിനു പറമെ ഫസ്റ്റ് ഡവലപ് ഇന്ത്യ എന്ന എഫ്ഡിഐ കൂടി ഇനി ഉണ്ടാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

പണം മുടക്കുന്നവര്‍ക്ക് അത് സുരക്ഷിതമാണെന്ന ഉറപ്പ് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ രാജ്യത്ത് ഒരു സംരഭവും വരാന്‍ പോകുന്നില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അക്കാര്യത്തില്‍ ഉറപ്പ് നല്‍കണം. ഇന്ത്യയിലെ മനുഷ്യ വിഭവ ശേഷി വേണ്ടവിധം ഉപയോഗിക്കാന്‍ കഴിയാത്തതാണ് അടുത്ത പ്രതിസന്ധി. താജ്മഹല്‍ ആന്ധ്രയിലും കഴിവുള്ള ടൂറിസ്റ്റ് ഗൈഡ് തമിഴ്‌നാട്ടിലും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തതോടെ ഹൈവേയ്‌സും ഹൈ വേജസും ലഭ്യമാക്കുകഎന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍, റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അമ്പാനി, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സൈറസ് മിസ്ത്രി, ഐടിസി ചെയര്‍മാന്‍ വൈ സി ദേവേശ്വര്‍, ഐസിഐസിഐ ബാങ്ക് മേധാവി ചന്ദാ കൊച്ചാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്വാതന്ത്ര്യദിനത്തിലാണ് മോദി രാജ്യത്തിന്റെ വാണിജ്യ മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കുന്ന മേക്ക് ഇന്‍ ഇന്ത്യ ക്യാംപയിന് രൂപം നല്‍കുമെന്ന് അറിയിച്ചത്. ആഭ്യന്തര വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപയിന്‍ ആരംഭിച്ചത്.  രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

DONT MISS
Top