ഷൂട്ടിംഗിന് വിട; അഭിനവ് ബിന്ദ്ര വിരമിക്കുന്നു

ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഷൂട്ടിംഗ് മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു. ഏഷ്യന്‍ ഗെയിംസിലെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മത്സരത്തിന് ശേഷം മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് അഭിനവ് ബിന്ദ്ര ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്.

2008 ഓഗസ്റ്റ് 11, ഇന്ത്യന്‍ കായിക ചരിത്രത്തെ രണ്ടാക്കി വിഭജിക്കാവുന്ന ദിനം. ബെയ്ജിംഗില്‍ ഇന്ത്യന്‍ ത്രിവര്‍ണം മുകളിലായി ഉയര്‍ന്നപ്പോള്‍, ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി വ്യക്തിഗത സ്വര്‍ണം നേടിയ ഇന്ത്യന്‍ പൗരന്‍ വിക്ടറി സ്റ്റാന്‍ഡില്‍ ചെറു പുഞ്ചിരിയോടെ നിന്നു. ഇന്ത്യന്‍ ഷൂട്ടിംഗ് രംഗം കണ്ട ഏറ്റവും വലിയ പോരാളിയായാണ് അഭിനവ് ബിന്ദ്രയെ വിശേഷിപ്പിക്കുന്നത്. അത്യധ്വാനിയുടെ ശ്രമഫലങ്ങള്‍ ഒളിംപിക്‌സിന് പുറമെ ലോക ചാമ്പ്യന്‍ഷിപ്പുകളിലും വിശ്വകപ്പിലും കോമണ്‍വെല്‍ത്ത് വേദികളിലും ജനഗണമനക്ക് സ്ഥാനം നേടിക്കൊടുത്തു. പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് ബിന്ദ്ര ലോകത്തെ വിസ്മയിപ്പിച്ചത്.

പഞ്ചാബിലെ സിറക് പൂരില്‍ ജനിച്ച ബിന്ദ്ര തന്റെ പതിനഞ്ചാം വയസ്സില്‍ 1998 കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ആദ്യമായി ഇന്ത്യന്‍ കുപ്പായത്തില്‍ ഒരു പ്രധാന വേദിയിലെത്തുന്നത്. 2000ലെ സിഡ്‌നി ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു ബിന്ദ്ര. 2010 ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തിയ ബിന്ദ്രക്ക് പക്ഷെ ഗ്ലാസ്‌ഗോ വരെ കാത്തിരിക്കേണ്ടി വന്നു വ്യക്തിഗത സ്വര്‍ണ നേട്ടം കൈവരിക്കാന്‍.

ഏഷ്യന്‍ ഗെയിംസിലെ പത്ത് മീറ്റര്‍ എയര്‍ റൈഫിളിന് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ തന്നെ കാണില്ലെന്ന് ട്വിറ്ററിലൂടെയാണ് ബിന്ദ്ര പ്രഖ്യാപിച്ചത്. കായിക ലോകത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ബിന്ദ്ര വിരമിക്കുന്നതോടെ ഷൂട്ടിംഗിലെ ഇന്ത്യയുടെ അപ്പോസ്‌തോലനാണ് റൈഫിള്‍ താഴെ വെക്കുന്നത്.

DONT MISS
Top