ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ വില്ലാളിവീരന്‍ കാണാം

സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് പടമാണ് വില്ലാളിവീരന്‍. ഒരു ടിപ്പിക്കല്‍ ദിലീപ് പടത്തിന് ഇതൊരു ടിപ്പിക്കല്‍ ദിലീപ് പടമാണെന്ന പ്രസ്താവത്തിനപ്പുറം എന്തെങ്കിലും നിരൂപണമാവശ്യമുണ്ടെന്നു തോന്നുന്നില്ല. രാജാധിരാജ നമ്മുടെ തലതെറിപ്പിക്കുന്ന നാടന്‍ ബോംബാണെങ്കില്‍ വില്ലാളിവീരന്‍ നാടു ചാരമാക്കുന്ന ആറ്റംബോംബാണ്. രണ്ടുരണ്ടരമണിക്കൂര്‍ ഈ സിനിമ കാണുന്നവര്‍ക്ക് മരിച്ചുചെല്ലുമ്പോള്‍ നരകത്തില്‍ രണ്ടുരണ്ടരവര്‍ഷം ഇളവുണ്ടാകാന്‍ സാധ്യതയുണ്ട്. അത്രയ്ക്കു നരകീയമായ അനുഭവമാണ് ഈ സിനിമയുടെ കര്‍ശനദര്‍ശനം.

എന്താണീ സിനിമ, എന്താണിതിന്റെ കഥ, ഇതിലൂടെ എന്തു പറയാനാണ് തിരക്കഥാകൃത്തും സംവിധായകനും സര്‍വ്വോപരി നായകനും ശ്രമിക്കുന്നത്. കാണികളെ രസിപ്പിക്കുക എന്ന മിനിമം ഉദ്ദേശ്യമെങ്കിലും ഈ പടത്തിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ടോ.? കേരളത്തിലെ കാണികള്‍ മുഴുവന്‍ പമ്പരവിഡ്ഢികളും പരമമന്ദബുദ്ധികളുമാണെന്നു കരുതിയാണോ ഇങ്ങനെയൊരു ചലച്ചിത്രസാഹസികം ഇവര്‍ പടച്ചുവിട്ടിരിക്കുന്നത് എന്നിങ്ങനെ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങളാണ് ഈ സിനിമ കണ്ടുതീര്‍ക്കാനുള്ള ധൈര്യവും ക്ഷമയും കാട്ടുന്നവര്‍ ചോദിച്ചുപോകുക. ഇതു സിനിമയാണെങ്കില്‍ ലോകത്ത് ക്യാമറയില്‍ പതിഞ്ഞിട്ടുള്ള സകല പോക്കണംകേടുകളും സിനിമയാണെന്ന് അംഗീകരിക്കേണ്ടിവരും.

[jwplayer mediaid=”129727″]

ശൃംഗാരവേലന്‍, നാടോടിമന്നന്‍, റിംഗ് മാസ്റ്റര്‍ എന്നീ പടപ്പുകളുടെ വാലില്‍ത്തന്നെക്കൊണ്ടുക്കെട്ടാം ഈ വില്ലാളിവീരനെയും. ഇതിന്റെ കഥയെന്താണ് എന്ന് ചോദിച്ചത് വെറുതേയല്ല. ഒരു പോലീസ് മോക്ക് ഡ്രില്ലിംഗിന്റെ കോമാളിസ്വരൂപത്തെ ആദിയിലും അന്ത്യത്തിലും നിബന്ധിച്ചിരിക്കുന്നു. അതിനായി പാവംപിടിച്ച പഴയ വില്ലന് ബാബു ആന്റണിയെ കസേരയില് ഇരുത്തി വട്ടംകറക്കി നാലു ഡയലോഗ് അടിപ്പിച്ചിരിക്കുന്നു. ഈ രണ്ടു മോക്ക് ഡ്രില്ലുകളുടെയുമിടയില്‍ ഒരു നായകനും നായകന്റെ ഒരു എര്‍ത്തും ചേര്‍ന്ന എന്തൊക്കെയോ നടത്തുന്നു.

ഈ സിനിമയില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ പേര് ബുദ്ധേട്ടന്‍ എന്നോ മറ്റോ ആണ്. ബുദ്ധനായി ദിലീപ് വേഷംകെട്ടി ഇരിക്കുന്നത് ഇടയ്ക്കിടെ കാണിക്കുന്നുമുണ്ട്. ക്ഷമയുടെയും ശാന്തതയുടെയും പര്യായമായ സാക്ഷാല്‍ ശ്രീബുദ്ധന്‍ പോലും ഈ ബുദ്ധേട്ടന്റെ മണ്ടത്തരങ്ങള്‍ കണ്ടാല്‍ ക്ഷമവിട്ടു തോക്കെടുക്കാനിടയുണ്ട്. പണ്ട് നരി വന്നപ്പോള്‍ ഒരു ബുദ്ധഭിക്ഷു ബുദ്ധന്റെ വിഗ്രഹമെടുത്തു നരിയുടെ തലയ്ക്കടിച്ചതുപോലെ.

ലോകസിനിമയിലാദ്യമായി എന്തുകൊണ്ട് നമുക്ക് ഇന്റര്‍വെല്‍ മാത്രമുള്ള സിനിമ സൃഷ്ടിച്ചുകൂടാ. ഉദാഹരണത്തിന് വില്ലാളിവീരന്‍ എന്ന പടം തുടങ്ങുമ്പോള്‍ തന്നെ ഇന്റര്‍വെല്‍ ആയിരിക്കുക. എന്നിട്ട്, ഇന്റര്‍വെല്‍ തീരുമ്പോള്‍ പടവും തീരുന്നു. അങ്ങനെയെങ്കില്‍ എത്ര നന്നായിരുന്നു.

DONT MISS
Top