മമ്മൂട്ടി ‘വെറും മമ്മൂട്ടി’യായ കഥ

അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമയാണ് രാജാധിരാജ. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സിബി കെ തോമസ് ഉദയകൃഷ്ണ എന്ന തിരക്കഥാ ഇരട്ടകളാണ്. ഇവര്‍ എഴുതുന്ന സിനിമകള്‍ കൊള്ളാവുന്നവയാണ് എന്ന് എന്നെങ്കിലും ഇവര്‍ പോലും കരുതുമെന്ന് കരുതുക വയ്യ. മൈ ഡിയര്‍ കരടിയും ഹിറ്റ്‌ലര്‍ ബ്രദേഴ്‌സും അമ്മ അമ്മായിയമ്മയും പോലുള്ള തേഡ് റേറ്റ് കോമഡിപ്പടങ്ങള്‍ക്കു ചട്ടം ചമച്ചു രംഗത്തുവന്ന ഇവര്‍ സി.ഐ.ഡി മൂസ പോലെ ചില സിനിമകളുടെ ഹിറ്റാകളോട് പന്തലിച്ചുപോയതാണ്.

അതിനിടെ ട്വന്റി ട്വന്റി പോലെ ചില ബ്രഹ്മാണ്ഡപടങ്ങളും. കുറേ ഹിറ്റുകള്‍ മലയാളികാണികളുടെ ചലച്ചിത്രാവബോധത്തിന്റെ അഭിരുചിയുടെയും വേറിട്ട തലം ഉപയോഗപ്പെടുത്തി ഇവരുടെ ചിത്രങ്ങള്‍ കരസ്ഥമാക്കി. അതില്‍ തുറുപ്പുഗുലാനും കാര്യസ്ഥനും മായാമോഹിനിയും പോക്കിരിരാജയുമൊക്കെ വരും.

മമ്മൂട്ടിയെയും ദിലീപിനെയും ഇരട്ടനായകന്മാരാക്കി നടത്തിയ രുചിപ്പരീക്ഷണം കമ്മത്ത് ആന്റ് കമ്മത്ത് എട്ടുനിലയില്‍ പൊട്ടിയതിനുശേഷം വീണ്ടും ഇവരുടെ ഗഡാഗഡിയന്‍ പരിപാടിയാണ് ഈ രാജാധിരാജ. ദോഷം പറയരുതല്ലോ മലയാളത്തിലല്‍ ഇന്നേനാള്‍ വരെയുണ്ടായിട്ടുള്ളവയില്‍ ഏറ്റവും മികച്ച തമിഴ് പടമാണ് ഈ രാജാധിരാജ എന്നു പറഞ്ഞാല്‍ തെറ്റില്ല.

പോക്കിരിരാജ, രാജാധിരാജ എന്നതെല്ലാം തമിഴില് രജനീകാന്ത് വിലസിനടന്ന കാലത്തെ അദ്ദേഹത്തിന്റെ പടങ്ങളുടെ പേരുകളാണ്. അവ തന്നെ ഇവിടെ എടുത്തിടുമ്പേള്‍ അതുപോലെ തന്നെയുള്ള പടങ്ങളുമാണ് ഇവര്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തം. അതിനിടെ പഴയ മാപ്പിളൈയുടെ എസ്സന്‍സ് എടുത്ത് മിസ്റ്റര്‍ മരുമകനാക്കുന്ന വേലകളും തകൃതി. ഇതെല്ലാം കാണാനും കണ്ട് പോഷിപ്പിക്കാനും ഹിറ്റാക്കി പ്രോത്സാഹിപ്പിക്കാനും പ്രേക്ഷകര്‍ ഉണ്ടെങ്കില്‍ ഇതെല്ലാം തുടരുമെന്നതിന് ഉത്തമോദാഹരമായി പരിലസിക്കുകയാണ് ഈ രാജാധിരാജ.

രാജ എന്ന നാടന്‍ മനുഷ്യന്‍. അയാള്‍ നാട്ടില്‍ ഒരു പെട്രോള്‍ പമ്പൊക്കെ നടത്തി, ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ രൊക്കം ഒരു ഭാര്യയും മകളുമായി കഴിഞ്ഞുകൂടുന്നു. അതിനിടെ, രാജയെ കാണാന്‍ ബോംബെയില്‍ നിന്ന് ചില താപ്പാനകള്‍ നമ്മുടെ ജോയി മാത്യൂവിന്റെയും മറ്റും രൂപത്തിലും ഭാവത്തിലും വന്നു ചാടുന്നു. അവരുദ്ദേശിക്കുന്ന രാജാധിരാജയാണോ ഇവിടെ കുടുംബം വെച്ചു ജീവിക്കുന്ന രാജയെന്നുള്ളത് പിടിയും കുടയും കിട്ടാതെ കുറേനേരം കിടന്നു കളിക്കുന്നു. ഇതിനിടെ, വായില്‍ കുത്തിയാല്‍ പോലും കടിക്കാത്ത രാജയുടെ ഭാര്യയുടെ മുറച്ചെറുക്കനും ലോക്കല്‍ പോക്കിരിയുമായ ഒരുവന്‍ കുറേ തമാശയും കുറേ പുക്കാറുമുണ്ടാക്കുന്നു.

ഒടുക്കം ഒരു ഘട്ടത്തില്‍ സ്വാഭാവികമായും രാജ പ്രതികരിച്ചുതുടങ്ങുന്നു. പിന്നെ, ആരുമറിയാതെ, മേല്‍ച്ചൊന്ന ലോക്കല്‍ പോക്കിരി അളിയനുമായി ബോംബെയില്‍ ചെന്ന് വില്ലന്മാരെയെല്ലാം കശാപ്പാക്കി പാഴ്‌സല്‍ ചെയ്ത ശേഷം വീണ്ടും തിരിച്ചു കുടുംബത്തും പെട്രോള്‍ പമ്പിലുമെത്തി അപ്പാവിയായി ജീവിക്കുന്നു. ഇതോ മറ്റോ ആണെന്നു തോന്നുന്നു ഈ രാജാധിരാജയുടെ കഥ. കഥയയേതായാലും കാശുവാരിയാല്‍ മതി എന്ന പുണ്യശ്ലോകം അനുസരിച്ചുണ്ടായിരിക്കുന്ന ഈ സിനിമയ്ക്കു മലയാളിയുടെ ഭാഗ്യമെന്നേ പറയേണ്ടൂ. ജനത്തിന്റെ പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ല എന്നു കാണാം.

മുന്നറിയിപ്പിലെ മനോഹരമായ പ്രകടനത്തിനു ശേഷം മമ്മൂട്ടി വീണ്ടും മമ്മൂട്ടിയാകുന്ന കാഴ്ചയാണ് ഈ സിനിമ കാട്ടിത്തരുന്നത്. ഒരു അടിപ്പടമെന്ന നിലയില്‍ അതിലെ അമാനുഷതാരനായകനെ ആരാധകപ്രീതിക്കു പാത്രമാകുംവിധം അദ്ദേഹം കൈകാര്യം ചെയ്തുവെന്ന് സംശയലേശമെന്യേ പറയാം. ലക്ഷ്മി റായ് മറ്റു നടീനടന്മാര്‍ക്കൊന്നും തന്നെ ഒന്നും ചെയ്യാനോ ചെയ്യിപ്പിക്കാനോ ഇല്ല. കൊച്ചിന്‍ ഹനീഫ കിരീടത്തിലും ചെങ്കോലിലും ചെയ്ത ഹൈദ്രോസ് എന്ന വേഷത്തിന്റെ വിദൂരാനുകരണമായി സൃഷ്ടിക്കപ്പെട്ട കഥാപാത്രമാണെങ്കിലും ജോജു വളരെ നന്നായിത്തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

[jwplayer mediaid=”129721″]

ഒരു രജനിപ്പടം കെ.എസ്.രവികുമാറോ സുരേഷ് കൃഷ്ണയോ ഒരുക്കുന്നതുപോലെ ഒരുക്കാന്‍ അജയ് വാസുദേവിനു കഴിഞ്ഞിട്ടുണ്ട് എന്നത് പ്രധാനമായ കാര്യമാണ്. അത്തരമൊരു പടം നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ അത്തരമൊരു വേഷത്തില്‍് മമ്മൂട്ടിയെയും അദ്ദേഹത്തിന്റെയും പ്രകടനവും കാണാന്‍ നിങ്ങള്‍ ആകാംക്ഷപ്പെടുന്നുവെങ്കിള്‍ നിങ്ങള്‍ക്കായി പ്രത്യേകം ചുട്ട അപ്പമാണ് ഈ രാജാധിരാജ. അതുപോലെ, എഡിറ്ററും പശ്ചാത്തലസംഗീതകാരനും ക്യാമറാമാനും ഈ സിനിമയ്ക്ക് ഒരു രജനിപ്പട രവികുമാര്‍ ഗമ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതാണ് രാജാധിരാജയെപ്പറ്റി പറയാവുന്ന കൊള്ളാവുന്ന കാര്യം. അച്ഛനുമമ്മയും കുട്ടിയും കൂടിയുള്ള പാട്ടും കൗതുകകരമായിട്ടുണ്ട്.

വാളെടുത്തവനെല്ലാം വെളിച്ചപ്പാടല്ലെങ്കിലും കേരളത്തില്‍ നിന്നു ബോംബെയില്‍ പോയവനെല്ലാം അണ്ടര്‍വേള്‍ഡ് കിംഗുമാരാണ്. പണ്ട് ആനന്ദിന്റെ ആള്‍ക്കൂട്ടം നോവലില്‍ അന്ന് വിക്ടോറിയ ടെര്‍മിനസായിരുന്ന ഇന്നത്തെ സി.എസ്.ടി.യില്‍് വണ്ടിയിറങ്ങിയ ഒരു ജോസപ്പോ മറ്റോ കാണും അധോലോകം കീഴടക്കാന്‍ പറ്റാതെ പോയവരായി. ഇവിടെയും ബോംബെയില്‍ ചെന്ന് ടാക്‌സി ഓടിച്ചുനടന്നിരുന്ന രാജ നേരമിരുട്ടിവെളുക്കുമ്പോഴാണ് ഡോണ്‍ ആകുന്നത്. വിചിത്രം തന്നെ.

ഈ സിനിമയുടെ ഇന്റര്‍വെല്‍ വരെയുള്ള സമയം ഒരു നേരംപോക്ക് അടിപിടിത്തമാശപ്പടമെന്ന നിലയില്‍ കണ്ടിരിക്കാന്‍ പ്രയാസമില്ല. ഇന്റര്‍വെല്ലിനു ശേഷമാണ് മനുഷ്യന്റെ ക്ഷമയെ പരീക്ഷിച്ചു പാസാക്കിയും പൂസാക്കിയും വിടുന്നത്. അങ്ങനെവന്നപ്പോള് ആലോചിച്ചുപോയതിങ്ങനെയാണ്. ലോകസിനിമയില്ത്തന്നെ പലതരം പരീക്ഷണങ്ങളും ആദ്യമായി നടന്ന ഇടമാണു മലയാളസിനിമ. ഉദാഹരണത്തിന്, ലോകസിനിമാചരിത്രത്തില്‍ ആദ്യമായി തളത്തില്‍ ദിനേശന്റെ കഥ അഭ്രപാളികളില്‍ ആവിഷ്‌കരിച്ചത് മലയാളസിനിമയിലാണ്. വടക്കുനോക്കിയന്ത്രത്തില്‍.

അതുപോലെ, ലോകസിനിമയിലാദ്യമായി ഇന്റര്‍െവെല്‍ വരെ മാത്രമുള്ള സിനിമ നമുക്കു മലയാളത്തില്‍ പരീക്ഷിച്ചുനോക്കാവുന്ന സുവര്‍ണാവസരമായിരുന്നു രാജാധിരാജയുടേത്. അങ്ങനെയങ്കിലല്‍ ആളുകള്‍ക്ക് ഇതിന്റെ പാതി പീഡയേ താങ്ങേണ്ടിവരുമായിരുന്നുള്ളൂ.

DONT MISS
Top