പെരുച്ചാഴി എന്ന ചാഴിയാക്രമണം

അരുണ്‍ വൈദ്യനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് പെരുച്ചാഴി. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ഈ അടിപൊളി സിനിമയുടെ നിര്‍മ്മാണം. വിജയ് ബാബു വിദേശത്താണിക്കാലം കണ്ണുനട്ടിരിക്കുന്നത്. എസ്‌കേപ്പ് ഫ്രം ഉഗാണ്ട ഒരു ഉഗാണ്ടന്‍ നുണക്കഥയായിരുന്നുവെങ്കില്‍ ഇതാ, ഈ പെരുച്ചാഴിപ്രമാണം ഒരു സമ്പൂര്‍ണ്ണ അമേരിക്കന്‍ നുണച്ചിപ്പാറുസിനിമയാണ്. അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ക്ക് ഇതൊരു എലിക്കെണി തന്നെ. കെണിയില്‍പ്പെട്ടവര്‍ വാലോ കാലോ തലയോ മുറിയാതെ, കെണിവിട്ടു പുറത്തുവരുമെന്നു കരുതുന്നതേ സാഹസം.

അമേരിക്കയില്‍ നടക്കുന്ന ഒരു ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്. അതിന് ക്യാംപയിന്‍ ജോലികളുടെ തലവനായി ഒരു മലയാളി. ആള്‍ സര്‍വ്വോപരി വിജയ് ബാബുവാണെന്നു വിശിഷ്യാ പറയേണ്ടതില്ലല്ലോ. എന്തായാലും ആശാന്റെ തൂശിയൊന്നും ഏല്‍ക്കാത്ത അവസ്ഥയില്‍ അദ്ദേഹം നാട്ടിലെ മന്ത്രിയും തട്ടിപ്പിന്റെ മുത്തുപ്പട്ടരുമായ മുകേഷ് കഥാപാത്രത്തെ സഹായത്തിനാശ്രയിക്കുന്നു. മന്ത്രിയാണെങ്കില്‍ മിടുമിടുക്കനും മന്ത്രിയാകാന്‍ തക്കം പാര്‍ത്തിരിക്കുന്നയാളുമായ ജഗന്നാഥനെ ഉപദ്രവം ഒഴിയാന്‍ വേണ്ടി അമേരിക്കയ്ക്ക് പായ്ക്കു ചെയ്യുന്നു. ജഗനും രണ്ടു കൂട്ടാളികളും കൂടി അമേരിക്കയില്‍ ചെന്ന് തൊടുന്നതെല്ലാം പൊന്നാക്കുന്നതും ജഗനെപ്പറ്റി ജഗജില്ലന്‍ ആര്‍ട്ടിക്കിളുകള്‍ ടൈം മാഗസിന്‍ തൊട്ട് ക്രൈം മാഗസിന്‍ വരെയുളളവയില്‍ വരുന്നതും അതുകണ്ട് മന്ത്രിപുംഗവന്‍ വണ്ടറടിക്കുന്നതുമാണ് പടത്തിന്റെ കഥ. ഇതിനിടെ, ജഗനിട്ട് ഒരു വെപ്പുവയ്ക്കുന്ന അമേരിക്കന്‍ കക്ഷികള്‍ക്കിട്ട് ജഗന്‍ പെരുച്ചാഴി പണി പണിയുന്നതും അമേരിക്കയിലെ ഒരു തെരുവുപെണ്ണിനെ രക്ഷിച്ച് കുടുംബിനിയാക്കുന്നതും സൈഡ് ട്രാക്കില്‍. ഒ പി ഒളശ്ശ പറഞ്ഞതുപോലെ, ലേശം കിഡ്‌നി ട്രബിളോ ബ്ലഡ് ക്യാന്‍സറോ കൂടി ആകാമായിരുന്നു എന്നാരും പറഞ്ഞുപോകുന്നത്ര വിശാലലോലമായ കഥാതന്തു. കഥാജന്തു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

സിനിമ തുടങ്ങുമ്പോള്‍ തന്നെ മുന്നറിയിപ്പായി എഴുതിക്കാണിക്കുന്നുണ്ട്, കാണികള്‍ മൊബൈല്‍ ഫോണുകളും യുക്തിബോധവും ച്ചാല്‍, നമ്മുടെ ലോജിക്കും സ്വിച്ച് ഓഫ് ചെയ്യണമെന്ന്. മലയാളിയല്ലേ പുള്ളി. സ്വിച്ച് ഓഫ് ആക്കാന്‍ പറഞ്ഞാലും കക്ഷി ഫോണ്‍ വൈബ്രേഷനോടുകൂടി സൈലന്റ് മോഡിലല്ലേ ഇടുകയുള്ളൂ. ലോജിക്കിന്റെ കാര്യവും തഥൈവ. അതിനാല്‍, എത്ര സൈലന്‍സില്‍ടന്നായാലും പെരുച്ചാഴി കാണുന്നവന്റെ യുക്തിബോധം വിറച്ചുതുള്ളി നമ്മെ വിറളി പിടിപ്പിക്കുക തന്നെ ചെയ്യും.

ഇത്രയും മോശമൊരു സിനിമ ഈയടുത്തെങ്ങും മലയാളിക്കു കാണാന്‍ ഇടയായിട്ടില്ല. ഫ്രോഡ് ചീഞ്ഞാല്‍ കൂതറയാകും. കൂതറ ചീഞ്ഞാലോ. ഒട്ടും സന്ദേഹിക്കേണ്ട. സംഗതി പെരുച്ചാഴിയാകും. അതാണിവിടെ സംഭവിച്ചിരിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് തസ്‌കരന്‍ എന്നെല്ലാം ആരെങ്കിലും പേരിടുമോ. അതുപോലെയാണ് സ്വന്തം പടങ്ങള്‍ക്ക് കൂതറയെന്നും പെരുച്ചാഴിയെന്നും പേരിടുന്നവരുടെ മാനസികാവസ്ഥ. എന്നാലും ചിലപ്പോള്‍ അത്തരം വിപരീതവിചാരങ്ങള്‍ അങ്ങേയറ്റത്തെ പ്രതിഭയുടെ ലീലാവിലാസമായിരിക്കുമെന്നു തെറ്റിദ്ധരിച്ചവരെ പല്ലിളിച്ചുകാട്ടുകയാണ് ഈ കോമാളി എലി.

കേരളം മുതല്‍ കാലിഫോര്‍ണിയ വരെ ലാലിന്റെ ജഗന്നാഥന്‍ കാട്ടുന്ന ഡക്കുവേലകള്‍ കണ്ടാല്‍ അല്‍പമെങ്കിലും സ്ഥിരബുദ്ധിയുള്ളവര്‍ സഹിക്കുകയില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രശ്‌നം പരിഹരിക്കാന്‍ ജഗന്നാഥന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം ശബരിമലയിലേക്കു വരുന്ന അന്യസംസ്ഥാനഭക്തര്‍ക്ക് ആളൊന്നുക്ക് അയ്യായിരം രൂപ ഭക്തിക്കരം ഏര്‍പ്പെടുത്താനാണ്. അതു വിജയകരമാകുന്നു എന്നാണ് സിനിമ പറയുന്നത്. അവിടെനിന്നാണ് ജഗന്റെ ജഗപൊക തുടങ്ങുന്നത്. അതിനുമുന്‍പ് ക്രിക്കറ്റ് കളിയില്‍ അവസാനപന്തില്‍ ജയിക്കാന്‍ വേണ്ട എട്ടുറണ്‍സ് ഓടിയെടുക്കുന്നുമുണ്ട് അളിയന്‍.

വിലകുറഞ്ഞ തമാശകള്‍ കൊണ്ട് അലംകൃതമാണ് പെരുച്ചാഴി. അമേരിക്കയിലെത്തുന്ന ബാബുരാജ് കക്കൂസില്‍ വെള്ളം കാണാതെ വിഷമിക്കുന്നതും ടിഷ്യു പേപ്പര്‍ കൊണ്ട് ദേഹമാകെ ചുറ്റുന്നതും പോലുള്ള വഷളത്തങ്ങള്‍ സഹിക്കാന്‍ മലയാളിക്കുമാത്രമേ സാധിക്കൂ. എയര്‍ ഹോസ്റ്റസല്ല, എയര്‍ അമ്മച്ചിയാണ് എന്നൊക്കെയുള്ള തമാശകളും ചിരിക്കുപകരം കണ്ണീരുണര്ത്തും .

മോഹന്‌ലാ.ല്‍ എന്ന നായകനടന്റെ ജനപ്രിയതാരകീര്‍ത്തിയെ ഉപയോഗപ്പെടുത്തുക എന്ന ഒറ്റലക്ഷ്യമേ സിനിമയ്ക്കും സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഉള്ളൂ. ഇത്തരം കെട്ടുകാഴ്ചകള്‍ക്കെല്ലാം ഈ ഉന്നതനായ നടന്‍ നിന്നുകൊടുക്കുന്നതാലോചിക്കുമ്പോഴാണു കഷ്ടം. പെരുച്ചാഴി എന്നു പേരുമിട്ടുവരുന്ന ഒരു പടത്തിനു തലവയ്ക്കാന്തഉന്നെ രണ്ടുവട്ടം ആലോചിക്കണം. അപ്പോഴീ പെരുച്ചാഴിക്കഥ കൂടി കേട്ടശേഷം ഡേറ്റു നല്കുമ്പോള്‍ പിന്നെ, ഒന്നേ ചെയ്യാനുള്ളൂ. ഇത്തരം സംഗതികള്ക്ക്‌ള കാണികള്‍ ഡേറ്റു നല്കാതിരിക്കുക.

മോഹന്‍ലാലിന്റെ താരസ്വരൂപത്തെ ഉപയോഗപ്പെടുത്തുന്നത് പല വിധത്തിലാണ്. അടിമുടി മോഹന്‍ലാല്‍ ജനപ്രിയതയുടെ നിലങ്ങളിലൂന്നിയാണ് പടത്തിനു നില്‍പ്. ഒന്നുകില്‍ ഞാന്‍ കോമഡി പറയണം, അല്ലെങ്കില്‍ മീശപിരിക്കണം. ആളുകള്‍ക്ക് അതു രണ്ടുമാണിഷ്ടം. എന്നും ഞാന്‍ വെറും കൊമേഡിയനല്ലെടാ. കോമഡി നന്നായി ചെയ്യാനറിയാവുന്ന ഹിറോയാണ് എന്നെല്ലാം മോഹന്‍ലാലിന്റെ ജഗന്നാഥവേഷം ഇടയ്ക്കും മുട്ടിനും പറയുന്നുണ്ട്. ഇതൊന്നും പറയുന്നത് കഥാപാത്രമല്ല, മോഹന്‍ലാല്‍ എന്ന താരമാണ്. ജഗന്നാഥന്‍ എന്ന പേരുതന്നെ ആറാംതമ്പുരാനില്‍നിന്നു വരുന്നതാണല്ലോ.

അമേരിക്കയിലെത്തുന്ന ലാല്‍സംഘം അവരുടെ ഉപകര്‍ത്താവിനെ കണ്ടെത്താന്‍ സാധനം കൈയിലുണ്ടോ എന്ന പഴയ അക്കരെയക്കരെയക്കരെയിലെ ദാസന്‍ വിജയന്‍ കോഡുതന്നെയാണു പറയുന്നത്. പടം തുടങ്ങുമ്പോള്‍, ടൈറ്റിലുകളുടെ പശ്ചാത്തലത്തില്‍ കേള്‍പ്പി ക്കുന്നത് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റു സിനിമകളില്‍നിന്നുള്ള ശബ്ദരേഖാശകലങ്ങള്‍. അതൊക്കെ സഹിക്കാം. മോഹന്‍ലാല്‍ അവതരിപ്പിച്ച ചില ജനപ്രിയസിനിമകളിലെ ജനപ്രിയകഥാപാത്രങ്ങളായി ആ ജനപ്രിയരംഗങ്ങളുടെ പുനരവതരമായി ഈ സിനിമയിലെ രംഗങ്ങളെ ക്രമീകരിച്ചിരിക്കുന്നതു കാണാം. അങ്ങേയറ്റം അസഹ്യമാണത്. കാണികളില്‍ പുതുമയും കൗതുകവും ഉണ്ടാകുമെന്നാണു സംവിധായകന്‍ കരുതുന്നതെങ്കില്‍, അദ്ദേഹത്തിന്റെ അവസ്ഥ, പ്രസ്സിലിരുന്നപ്പോള്‍ തോന്നിയ തമാശ പറയാന്‍ ഭാര്യയുടെ അടുത്തേക്ക് ഫലിതബിന്ദുക്കളുമായി വരുന്ന തളത്തില്‍ ദിനേശന്റേതിനേക്കാള്‍ കഷ്ടം.

ഈ സിനിമയില്‍ സ്ത്രീകളെ കാണുമ്പോള്‍ മോഹന്‍ലാലിന്റെ ജഗന്നാഥന്‍ തന്റെ തന്നെ പഴയ സിനിമയിലെ ഗാനരംഗങ്ങള്‍ പുനരാവിഷ്‌കരിക്കുന്നു. അതില്‍ത്തന്നെ പ്രധാനം ജെസ്സിയെ കാണുമ്പോള്‍ അയാളുടെ ആവിഷ്‌കാരം തൂവാനത്തുമ്പികളിലെ മേഘം പൂത്തുതുടങ്ങി എന്ന ഗാനമാണെന്നതാണ്. തൂവാനത്തുമ്പികളില്‍ ഗണികയാകാന്‍ വീടുവിട്ടിറങ്ങുന്ന, പിന്നീടതുതന്നെയായിത്തീരുന്ന ക്ലാര എന്ന ജയകൃഷ്ണകാമുകിയാണല്ലോ ഉള്ളത്. ഇവിടെയും ഒരു തെരുവുപെണ്ണിനെയാണ് ജഗന്നാഥന്‍ സ്വീകരിക്കുന്നത്. സാമ്യവും അതുണര്‍ത്താവാനിടയുള്ള മെനകെട്ട മലയാളി പുരുഷ ഗൃഹാതുരത്വവും ചേരുംപടി ചേരുന്നുണ്ട്.

ജഗന്നാഥന് ജയകൃഷ്ണനോടുള്ള ചാര്‍ച്ച അവിടെ തീരുന്നെന്നു കരുതാനാവില്ല. മറ്റുള്ളവരെ സഹായിക്കാന്‍ ഏതറ്റം വരെയും പോകുന്ന ശീലക്കാരനാണ് ജയകൃഷ്ണന്‍. അതുതന്നെ ജഗന്നാഥനും. ജയകൃഷ്ണന്റെ ശീലവൈരുദ്ധ്യങ്ങളെ മാറ്റിവായിക്കാനുള്ള രഞ്ജിത്തിയന്‍ ശ്രമമായിരുന്നു ഉസ്താദ്. വേണമെങ്കില്‍ പെരുച്ചാഴിയെയും ഒരു തൂവാനത്തുമ്പികള്‍ ഉപോല്‍പ്പന്നമെന്നു വിളിക്കാം. തൂവാനത്തുമ്പികള്‍ ചെയ്യുന്ന ഓരോ ദ്രോഹങ്ങളേ…

അവസാനം
ജഗന്നാഥന്‍ ഒരു ട്രിക്കിലൂടെ തന്നെ കബളിപ്പിച്ചവരെ തിരിച്ചു കബളിപ്പിച്ചു എന്നു സൂചിപ്പിച്ചുകൊണ്ട് പടം ഒരു ട്വിസ്റ്റ് എന്‍ഡിങ്ങിലേക്കെത്തുന്നു. എന്താണ് സംഭവിച്ചതെന്നു നമ്മെ കാണിക്കുന്നില്ല. പകരം ജഗന്‍ നാട്ടിലേക്കു വിമാനം കയറുന്നു. എങ്ങനെങ്കിലും ജയിച്ചോട്ടെ, അതു കാണിക്കണമെന്നില്ല എന്ന മട്ടില്‍ കാണികള്‍ കയറുപൊട്ടിച്ചിരിക്കുമ്പോള്‍, അതാവരുന്നൂ, നോണ്‍ ലീനിയറായി ആ ഗംഭീരതന്ത്രത്തിന്റെ ആഖ്യാനം ഫ്‌ലാഷ് ബാക്കില്‍. ഫ്‌ലാഷ് ബാക്ക് കണ്ടുപിടിച്ചവനെ കണ്ടുപിടിച്ചു തല്ലിക്കൊല്ലാന്‍ തോന്നുന്ന ശുഭമുഹൂര്‍ത്തം.

മമ്മൂട്ടി മംഗ്ലീഷില്‍ ഒരു വിദേശനായികയെ കൂടെക്കൊണ്ടുനടന്നു. അപ്പോള്‍ ഇതാ മോഹന്‍ലാലും അതു ചെയ്യുന്നു. മമ്മൂട്ടി അവള്‍ പറയുന്ന ഇംഗ്ലീഷ് മനസ്സിലാകാതെ പൊട്ടന്‍ കളിക്കുന്നു. ലാലേട്ടനും അതുതന്നെ ചെയ്യുന്നു. മമ്മൂട്ടിയും രാഷ്ട്രീയക്കാര്‍ക്ക് ബുദ്ധിയും തന്ത്രവും ഉപദേശിച്ചുകൊടുക്കുന്നു, വിദേശികളെ ഇടിച്ചുപപ്പടമാക്കുന്നു. ലാലേട്ടന്‍ വിടുമോ. അതുതന്നെ ചെയ്യുന്നു. ഇതിനെയാണ് ആരോഗ്യകരമായ മത്സരമെന്നു പറയുന്നത്. ആരോഗ്യം പുതിയ നായകന്മാര്‍ക്ക് ആയിരിക്കുമെന്ന് മാത്രം.

രാജ് കപൂറിന്റെ എറൗണ്ട് ദ വേള്‍ഡ്. എന്ന ഉലകംചുറ്റും പടം ഇറങ്ങിയപ്പോള്‍, അരവിന്ദന്റെ കാര്‍ട്ടൂണ്‍ പരമ്പര ചെറിയലോകവും വലിയ മനുഷ്യരുമില്‍ അതിനെപ്പറ്റി ഒരു പരാമര്‍ശം വന്നു. കാര്‍ട്ടൂണിലെ ബുദ്ധിജീവിയായ ഗുരുജിയോട് ആരോ ചോദിക്കുന്നു, പടത്തെപ്പറ്റി ഒരു റിവ്യൂ എഴുതിക്കൂടേ എന്ന്. ഗുരുജി പറയുന്നു, ആ പടത്തില്‍ കാണുന്ന വിദേശികളുടെ മുഖത്തു കാണുന്ന പുച്ഛമില്ലേ അതിനേക്കാള്‍ നല്ല റിവ്യൂ ആ പടത്തിന് ആവശ്യമില്ലെന്ന്. പെരുച്ചാഴിയെപ്പറ്റിയും അതുതന്നെ പറയാം. വിദേശികളായ പാസിംഗ് ഷോട്ട് ആര്‍ട്ടിസ്റ്റുകളുടെ മുഖത്തെ പുച്ഛം തന്നെ പെര്‍ഫക്ട് റിവ്യൂ.

[jwplayer mediaid=”128448″]

DONT MISS
Top