മുന്നറിയിപ്പ് അടയാളപ്പെടുത്തുന്നതെന്ത്

ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന സങ്കീര്‍ണപ്രമേയവും ഘടനയും ആന്തരികബലവും ഉള്ള സിനിമയാണ് മുന്നറിയിപ്പ്. ദയ എന്ന ആദ്യചിത്രത്തിനുശേഷം ദീര്‍ഘകാലത്തെ ഇടവേളയുടെ അവസാനം വേണു സംവിധാനം ചെയ്ത സിനിമയാണ് മുന്നറിയിപ്പ്. ഉണ്ണി ആര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന സിനിമയുടെ കഥ സംവിധായകനും ഛായാഗ്രാഹകനും ആയ വേണുവിന്റേതു തന്നെയാണ്. ചിത്രസംയോജനം ബീനാ പോളും സംഗീതം ബിജിബാലുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മുഖ്യകഥാപാത്രമായ സി.കെ.രാഘവനെ മമ്മൂട്ടി അവതരിപ്പിക്കുമ്പോള്‍ അഞ്ജലി അറയ്ക്കല്‍ എന്ന കഥാപാത്രമാകുന്നത് അപര്‍ണ ഗോപിനാഥാണ്. നെടുമുടി വേണു, പ്രതാപ് പോത്തന്‍, ജോയ് മാത്യൂ, രഞ്ചി പണിക്കര്‍, പാര്‍വതി, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, മിനോണ്‍ തുടങ്ങിയവരും ചെറിയ വേഷങ്ങളില്‍ വന്നുപോകുന്നുണ്ട്.

ഇരട്ടക്കൊലപാതകം, അതും ഭാര്യയടക്കം രണ്ടു സ്ത്രീകളെക്കൊല്ലല്‍. അങ്ങനെയൊരു അപൂര്‍വകുറ്റത്തിനാണ് സി.കെ.രാഘവന്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടത്. പോകാനൊരിടമില്ലാത്തതിനാല്‍ രാഘവന്‍ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ജയിലില്‍ത്തന്നെ കഴിയുന്നു. എന്നാല്‍
ജയില്‍ സൂപ്രണ്ടിന്റെ ആത്മകഥയെഴുതാന്‍ ഗോസ്റ്റ് റൈറ്ററായി വരുന്ന അഞ്ജലി അറയ്ക്കലിന് താനാരെയും കൊന്നിട്ടില്ല എന്ന രാഘവന്റെ പ്രസ്താവം വിശ്വസനീയമാകുന്നു. രാഘവന്റെ എഴുത്തുകുത്തുകള്‍ കണ്ട് വിസ്മയിക്കുന്ന അഞ്ജലി അയാളെ ഒരു ലേഖനത്തിലൂടെ വായനാലോകത്തിനു പരിചയപ്പെടുത്തുന്നു.

ഇതോടെ, ഒരു കോര്‍പറേറ്റ് ലിറ്റററി ഏജന്‍സി രാഘവന്‍ എഴുതുന്നതായുള്ള ഒരു പുസ്തകത്തിന് അഞ്ജലിയുമായി കരാറിലേര്‍പ്പെടുന്നു. അഞ്ജലി രാഘവനെ ജയിലില്‍നിന്നു കൂട്ടിക്കൊണ്ടുപോയി ഒളിവില്‍ താമസിപ്പിക്കുന്നു. ഇളവില്ലാത്ത കരാര്‍ സമയപരിധിക്കുള്ളില്‍ രാഘവനെക്കൊണ്ട് അതെഴുതിച്ചെടുക്കുക എന്നതു മെല്ലെ അഞ്ജലിയുടെ ഒരു ബാദ്ധ്യതയായിത്തീരുന്നു. അഞ്ജലി മുന്നോട്ടുവയ്ക്കുന്ന ഡെഡ്‌ലൈന്‍ പാലിക്കാന്‍ പറ്റാതെ, ഒന്നുമെഴുതാനാകാതെ രചനാസ്തംഭനത്തിലാകുന്ന രാഘവനും അങ്ങേയറ്റത്തെ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നു. ഈ അവസ്ഥയെയും അതിന്റെ വിചിത്രമായ പരിണതിയെയുമാണ് മുന്നറിയിപ്പ് അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഒരു നല്ല കലാവസ്തു. അതു സിനിമയായാലും മറ്റെന്തുതന്നെയായാലും അതിന്റെ മഹത്വത്തെ ആര്‍ജവിക്കുന്നത് പലതരം സ്വഭാവവിശേഷതകളാണ്. എത്ര സങ്കീര്‍ണവും പരസ്പരവൈചിത്ര്യം പാലിക്കുന്നതുമായ ആന്തരഘടനകള്‍ പുലര്‍ത്തുമ്പോഴും തികച്ചും സുതാര്യവും ലളിതവുമായ ഒരു ഉപരിഘടന പുറം ആഖ്യാനം അതിനുണ്ടാകുക. ഏതുതരം സങ്കേതത്തിലാണോ ആ കല ബന്ധിതമായിരിക്കുന്നത്, അതിനൊത്ത സാങ്കേതികസൗന്ദര്യം അതിനുണ്ടാകുക. പറയുന്ന ആശയവും അതിന്റെ വിപുലനവും ആന്ത്യന്തികമായി കലാകാരന്റെ നിലപാടും സമകാലികമായിരിക്കെത്തന്നെ സാര്‍വകാലികവുമായി വളരുക, ധ്വനനശേഷികൊണ്ട് വിസ്‌ഫോടനാത്മകമായ ഒരു അകംകാതല്‍, സാന്ദ്രത ഉണ്ടായിരിക്കുക. എന്നിങ്ങനെ പല സംഗതികളും നമുക്കു പറഞ്ഞെടുക്കാം. ഏത് അളവുകോല്‍ വച്ചുനോക്കിയാലും മുന്നറിയിപ്പ് ഒരു മികച്ച സൃഷ്ടി തന്നെയായിപ്പരിണമിക്കുന്നുണ്ടെന്നു കാണാം. കുറ്റവും കുറവുമില്ലാത്ത പരിപൂര്‍ണ സൃഷ്ടി എന്ന അര്‍ത്ഥത്തിലല്ല. പക്ഷേ, രാഷ്ട്രീയസാമൂഹിക സാംസ്‌കാരിക പ്രാധാന്യവും കാലിക പ്രാമുഖ്യവും കലാ ലാവണ്യവും ആര്‍ജിച്ച ഒരു പ്രശംസനീയ മാതൃക തന്നെയായിട്ടുണ്ട് മുന്നറിയിപ്പ്.

വളരെ ലളിതമായ ഒരു ഇതിവൃത്തഘടന ഈ സിനിമയില്‍ നമുക്കു പ്രാഥമികമായി കണ്ടെത്താം. അത്ര ലളിതമല്ലാത്ത ചില അകംപൊരുളുകളിലേക്ക് നമുക്കു വേണമെങ്കില്‍ വായനയെ സൂക്ഷ്മതരമാക്കാം. തികച്ചും സങ്കീര്‍ണവും വിചാരഭരിതവുമായ സൂക്ഷ്മതര ഘടനയെ ഇതള്‍ വിടര്‍ത്തിയെടുത്തുകൊണ്ട് വിപുലമായ വായനകള്‍ക്കായി മുന്നറിയിപ്പ് ഒരുക്കിയിട്ടിരിക്കുന്ന ഇടങ്ങളെ വെട്ടിപ്പിടിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നിലധികമെന്നല്ല അരഡസനിലധികം വായനകള്‍ക്കുള്ള സാദ്ധ്യതകളെ ഉല്‍പാദിപ്പിക്കുന്ന മുന്നറിയിപ്പ് കേവലമായൊരു കലാനുഭവമെന്നതിലപ്പുറം വളര്‍ന്നു പന്തലിക്കുന്നുണ്ട്. അര്‍ത്ഥസന്ദിഗ്ധതയുടെ കലയാണു സിനിമയെന്നു വി. രാജകൃഷ്ണന്‍ പറഞ്ഞു. അര്ത്ഥനസന്ദിഗ്ധതയുടെ സൗന്ദര്യമാണു സിനിമയെന്നു മുന്നറിയിപ്പു കാട്ടിത്തരുന്നു.

ഒന്നാമത്തെ വായനയില്‍ ഇതിനെ രണ്ടുതരത്തില്‍ കാണാം. രചനാസ്തംഭനം അഥവാ റൈറ്റേഴ്‌സ് ബ്ലോക്കു ബാധിച്ച ഒരു എഴുത്തുകാരന്റെയും അയാളെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന ഒരു മേലധികാരിയുടെയും മാനസികബന്ധത്തിന്റെയും അതിന്റെ സംഘര്‍ഷത്തിന്റെയും കഥയായിക്കാണാം. അല്ലെങ്കില്‍ കോര്‍പറേറ്റ് ലോകം എഴുത്തിന്റെ ലോകത്തു നടത്തുന്ന വിപണിരീതിപദ്ധതികളില്‍ കുടുങ്ങി വലയുന്ന നിഷ്‌കളങ്കനായ ഒരു സ്വാഭാവിക രചയിതാവ് നിവൃത്തിയില്ലാതെ കുറ്റവാളിയായി പരിണമിക്കുന്നതിന്റെ കഥയായിക്കാണാം. രണ്ടാമത്തെ സംഗതി ഇതിനെ ഒരു സ്വാതന്ത്ര്യ ചര്‍ച്ചയായിക്കാണമെന്നതാണ്. സ്വാതന്ത്ര്യം എന്നാല്‍ എന്താണ് എന്നു നിര്‍വചിക്കാന്‍ സങ്കീര്‍ണമായി യത്‌നിക്കുന്നൊരു ഗൗരവതരചിത്രം. രണ്ടുതരം വായനയ്ക്കും യഥേഷ്ടം വേണ്ട ചേരുവകള്‍ സിനിമയിലുണ്ട്.

അങ്ങനെയൊരു വായനയ്ക്കും ഈ കാലത്തിന്റെ സമവാക്യസുന്ദരമായ തുറന്ന വിപണിസ്വരൂപത്തില്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം ലളിതവായനകളേക്കാള്‍ പ്രധാനം കൂടുതല്‍ ആഴത്തിലേക്കു പഠിക്കാന്‍ ശ്രമിക്കലാണ്. നിഷ്‌കളങ്കത എന്നത് ഒരു സ്വാഭാവികസത്യമാണോ എന്ന് സാമൂഹികശാസ്ത്രപരമായി പഠിക്കാന്‍ ശ്രമിക്കുന്ന ഒരു കലാവസ്തുവായി വേണം മുന്നറിയിപ്പിനെ കാണാനെന്നു തോന്നുന്നു. ഞാനാരെയും കൊന്നിട്ടില്ല എന്ന രാഘവന്റെ വാക്കുകളില്‍ അഞ്ജലി അര്‍പ്പിക്കുന്ന വിശ്വാസമാണ് സിനിമയുടെ കാതല്‍. നമ്മുടെ സിനിമകളുടെ പൊതുസ്വഭാവം ഇത്തരം കേസുകളിലെ ജുഡീഷ്യല്‍ ഇന്‍ജസ്റ്റിസിനെ ന്യായസംവിധാനത്തിന്റെ അനീതിയെ വിമര്‍ശിക്കുക എന്നതാണ്. അത്തരം സിനിമകള്‍ കൊലയാളിയായി ചിത്രീകരിക്കപ്പെടുകയും ഇരയാക്കപ്പെടുകയും ചെയ്ത രാഘവന്‍ എങ്ങനെ ഇരയാക്കപ്പെട്ടു എന്നതിന്റെ സങ്കീര്‍ത്തനമായിരിക്കും. ഇവിടെ ആ ആഖ്യാനസമ്പ്രദായത്തെത്തന്നെ നിരാകരിക്കുകയും നിഗൂഢമായി അട്ടിമറിക്കുകയും ചെയ്യുകയാണ് മുന്നറിയിപ്പ്.

നിഷ്‌കളങ്കതയേക്കാള്‍ സ്വാഭാവികം നൃശംസതയാണ് എന്ന അറിവിലേക്ക് കാണികള്‍ എത്തിച്ചേരുന്ന സങ്കീര്‍ണമെങ്കിലും ലളിതമായ അന്ത്യമാണു സിനിമയുടേത്. ഒളിച്ചിരിക്കുന്ന ഹിംസാത്മകത എത്ര വൈകിയാണെങ്കിലും പുറത്തുചാടും എന്നും തിരിച്ചറിയേണ്ടിരിക്കുന്നു. അതുകൊണ്ടു കൂടിയാണ് സിനിമയ്ക്കു മുന്നറിയിപ്പ് എന്നു പേരുവരുന്നത്. രണ്ടു സ്ത്രീകളുടെ ഘാതകനായിരുന്നിട്ടും അയാളുടെ നിഷ്‌കളങ്കമായ പ്രസ്താവത്തില്‍ വിശ്വസിക്കുന്നതിനാലാണ് അഞ്ജലി അയാളെ രഹസ്യമായി പാര്‍പ്പിക്കുന്നതും അയാളുടെ പക്കത്തേക്ക് ഒറ്റയ്ക്കു പോകുന്നതും. നിഷ്‌കളങ്കതയുടെ നാട്യങ്ങള്‍ക്ക് സ്‌ത്രൈണമായ മുന്‍വിധികളെ കബളിപ്പിക്കാന്‍ വിരുതേറുമെന്നതിന്റെ ഇരട്ടത്തെളിവായിട്ടാണ് അഞ്ചുമിനിറ്റു കൊണ്ട് അവള്‍ക്ക് നിഷ്‌കളങ്കനായ വിവാഹാര്‍ത്ഥിയെ ബോധിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആ കഥാപാത്രത്തിന്റെ നിഷ്‌കളങ്കത ശരിയായ നിഷ്‌കളങ്കത തന്നെയാണോ എന്ന ചോദ്യം ഉത്തരമില്ലാതെ സിനിമയില്‍ മുഴങ്ങിനില്‍ക്കും .

ഭൂതകാലത്തിലെ ഹിംസാത്മകമായ പ്രവൃത്തികളെക്കുറിച്ച്, ചരിത്രബോധത്തോടുകൂടിയ ഓര്‍മശേഷി സൂക്ഷിക്കാത്ത കേവലമായ വൈയക്തിക ലാഭങ്ങള്‍ക്കായി നീങ്ങുന്ന പുതുതലമുറ, പ്രത്യേകിച്ച് ഒരു മാധ്യമപ്രവര്‍ത്തക അതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടിവരും എന്നു സിനിമ മുന്നറിയിപ്പു തരുന്നു. ഇവിടെയാണ് സിനിമ രാഷ്ട്രീയസിനിമ എന്ന നിലയില്‍ ആര്‍ജവവും ഉള്‍ക്കരുത്തും നേടുന്നത്. നിഷ്‌കളങ്കമായ നിരപരാധിത്വ പ്രസ്താവങ്ങള്‍കൊണ്ടു ഭൂതകാലത്തിലെ ഹിംസകള്‍ മായിച്ചുകളയുന്ന സ്വേച്ഛാചാരികളായ മനോരോഗികള്‍ ഡോക്ടര്‍ കാലിഗരിയെപ്പോലെ ഭ്രാന്തഹിംസകളില്‍ വ്യാപരിക്കുമെന്നു സിനിമ പറയുന്നു. അവിടെ സിനിമ സമകാലികവും സര്‍വകാലികവും ഇന്ത്യനും സാര്വത ലൗകികവുമാകുന്നു.

ഇതേ സങ്കീര്‍ണ ഘടനയെ ഒരു വിപരീതയുക്തികൊണ്ട് എതിര്‍വായന നടത്തിയാല്‍ ഇത്രയ്ക്കും യോജിക്കാനാകാത്ത ഒരു പാരായണഫലത്തിലേക്കു നാം എത്തിച്ചേരാനുമിടയുണ്ട്. അതായത് വിചാരണത്തടവനുഭവിക്കുന്ന ഒരാള്‍ അല്ലെങ്കില്‍ ആവശ്യത്തിലധികം തടവുശിക്ഷയനുഭവിച്ചു കഴിഞ്ഞ ഒരാള്‍. അയാളുടെ മോചനത്തിനായി എല്ലാവരും യത്‌നിക്കുന്നു, ആഗ്രഹിക്കുന്നു. അതു സാധിച്ചുകഴിയുമ്പോഴാകും നാം അറിയുക അയാള്‍ക്കു നാം നേടിക്കൊടുത്ത സ്വാതന്ത്ര്യം സമൂഹത്തിന് എത്രമേല്‍ അപായകരമായിരുന്നു എന്ന്.

ആ വായന കൃത്യമായി സാധിക്കാന്‍ പ്രേരിപ്പിക്കുംവിധമാണ് ഈ സിനിമയില്‍ ഫ്രാന്‍സ് കാഫ്കയെക്കുറിച്ചും അദ്ദേഹത്തിന്റെ ട്രയല്‍ എന്ന നോവലിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍. വിചാരണ കൂടാതെ തടവിനു വിധിക്കപ്പെടുന്ന ജോസഫ് കെയാണ് തന്റെ പ്രിയകഥാപാത്രമെന്നു പറയുന്ന ഉന്നത പത്രപ്രവര്‍ത്തകന്‍ ഈ സിനിമയിലെ ഒരു സൂചകമാണ്. അങ്ങനെ വിചാരണക്കഥാപാത്രത്തിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നു എന്ന നിലയിലേക്കു സിനിമ മാറുകയാണെങ്കില്‍ ഒരുപക്ഷേ, അത് വിമര്‍ശനസാധ്യതകളെയും ഉയര്‍ത്തുന്നുണ്ട്. അത്തരം കേസുകളില്‍ നീതിപീഠത്തിന്റെ തീര്‍പ്പുകള്‍ നീതിപൂര്‍വകമായിരുന്നു എന്ന ഭാവവും അവിടെ വരും.

മറ്റൊരു വിമര്‍ശ സാധ്യത പ്രതിയുടെയും ഇരകളുടെയും വര്‍ഗീകരണമാണ്. ഭാര്യയെ അയാള്‍ കൊന്നതായി സിനിമ ഉറച്ചുപറയുന്നില്ല. ശ്വാസംമുട്ടുകാരിയായിരുന്നെന്നു വ്യക്തമാക്കുന്നു. ഭാര്യയുടെ അമ്മപോലും അയാള്‍ കൊന്നെന്നു തെളിച്ചുകരുതുന്നില്ല. കൊല്ലപ്പെട്ടത് തറവാടിയും സമ്പന്നയുമായ ഒരു മാര്‍വാഡി സ്ത്രീയും പിന്നെ, കുടുംബപ്പേരില്‍ അറിയപ്പെടുന്ന മറ്റൊരു അഭിജാതയുവതിയുമാണ്. അയാളാകട്ടെ ഒരു ഡ്രൈവറായിരുന്നയാളും പിന്നീടെന്നും ഭൃത്യനായിരിക്കാന്‍ താല്‍പര്യം കാട്ടുന്നയാളും.

സിനിമയുടെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നത് മമ്മൂട്ടി എന്ന നടന്റെ അവിസ്മരണീയവും അനുപമവുമായ പ്രകടനമാണ്. ഭൂതക്കണ്ണാടിയിലും കൈയൊപ്പിലുമൊക്കെ മമ്മൂട്ടി ഇങ്ങനെയൊക്കെത്തന്നെയല്ലേ ചെയ്തത് എന്നു ചിലര്‍ വിസ്മയം കൂറുന്നു. ഓരോ വേഷങ്ങളെയും സൂക്ഷ്മപരിശോധന നടത്തിയാല്‍ ആ വാദം പൊള്ളയാണെന്നു കാണാം. ഭൂതക്കണ്ണാടിയില്‍ സൂക്ഷ്മതല സ്പര്‍ശിയായ അഭിനയം തന്നെ കാണാം. പക്ഷേ യഥാര്‍ത്ഥത്തില്‍ നിഷ്‌കളങ്കനായ ഒരു ലളിതവ്യക്തിത്വത്തിന്റെ നേര്‍രേഖയാണ് അവിടെ ലോഹിതദാസും മമ്മൂട്ടിയുടെ ശരീരവും വരഞ്ഞത്.

കൈയൊപ്പിലോ കാഴ്ചയിലോ പൊന്തന്മാടയിലോ ഒക്കെയാണെങ്കില്‍ മമ്മൂട്ടി സാധുവും നിഷ്‌കളങ്കരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് ഒരു വിഡ്ഢിഭാവവും കൂടി സംഭാവന ചെയ്യുന്നതു കാണാം. എന്നാല്‍, ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് മുന്നറിയിപ്പിലെ സി.കെ.രാഘവന്‍. തന്റെ കാര്യം തന്നേക്കാള്‍ക്കൂടുതല്‍ മറ്റാര്‍ക്കാണണു അറിയുക എന്നുറച്ചു വിശ്വസിക്കുന്ന രാഘവന്‍ ഇതുവരെ മലയാളസിനിമയില്‍ കണ്ടിട്ടേയില്ലാത്ത ആത്മനിര്‍മിതിയാണ്. റെക്കോഡറിനു തന്റെ ചിന്തകളെ പിടിച്ചെടുക്കാന്‍ കഴിയുമോ എന്നാശങ്കിക്കുന്ന, സ്വന്തം പടം അച്ചടിച്ചുവന്നതു കണ്ട് അതില്‍ ആനന്ദിക്കുകയും അഭിരമിക്കുകയും ചെയ്യുന്ന, അവസാനനിമിഷം വരെ തന്നെ വിദഗ്ദ്ധമായി ഒളിച്ചുപിടിക്കുന്ന, എന്നാല്‍, വിപ്ലവം എങ്ങനെയായാലും ചോര വീഴ്ത്തുമെന്നു സൂചന നല്‍കുന്ന അസാധാരണമായ ആഴം പ്രകടിപ്പിക്കുന്ന കഥാപാത്രമാണയാള്‍. ആ സങ്കീര്‍ണതയെ നിസ്സാരമായ ലാളിത്യം കൊണ്ട് മമ്മൂട്ടി ചേതോഹരമാക്കി. ന്യൂ ജനറേഷന്‍ കുട്ടികളുടെ ചില്ലറപ്രകടനങ്ങള്‍ കണ്ട് ശ്വാസം നിലച്ചുപോകുന്നവര്‍ ഈ പാകതയുടെ പാകം കണ്ടുമനസ്സിലാക്കാണ്ടേതാണ്. മലയാളസിനിമയില്‍ ഇനി മമ്മൂട്ടിയുടെ പ്രസക്തിയെന്ത് എന്ന ചോദ്യത്തിന് ഉത്തരംകൂടിയാണ് ഈ മുന്നറിയിപ്പ്.

അപര്‍ണാ ഗോപിനാഥിന്റെ അഭിനയവും അതീവസുന്ദരം. പ്രത്യേകിച്ച് അന്തിമരംഗത്തിലെ പ്രകടനം. കൊച്ചുപ്രേമന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. മിനോണും ഒന്നാംതരമായി. മറ്റുള്ളവര്‍ മുഷിപ്പിച്ചില്ല. ഛായാഗ്രാഹകന്‍ സിനിമയുടെ ആത്മാവിനെക്കൂടിയാണ് ഒപ്പിയെടുക്കുന്നത്. ഉറുമ്പുകള്‍ പല്ലിയുടെ ശവം ചുമന്നുപോകുന്ന, ഒരേസമയം വിലാപയാത്രയും അതേസമയം വിരുന്നുയാത്രയുമാകുന്ന ആ ടൈറ്റില്‍ഷോട്ട് സിനിമയുടെ ഹൃദയമായി മിടിക്കുന്നു. സാങ്കേതിമായി ഒന്നു മൃദുവായി ചലിക്കേണ്ടിവന്നെങ്കിലും തത്ത്വത്തില്‍ അതൊരു സ്റ്റാറ്റിക് ഷോട്ടാണ്. ഉറുമ്പുകളുടെയോ പല്ലിയുടെയോ കൂടെയല്ലാതെ, നിലകൊള്ളുന്ന ക്യാമറയുടെ സമീപനം പ്രധാനമാണ്.

എഡിറ്ററും ശ്രദ്ധേയമായ നിലയിലാണ് സിനിമയ്ക്ക് താളമണയ്ക്കുന്നത്. രാഘവന്റെ മോചനസമയത്ത് വൈറ്റ് ഡിസോള്‍വ് എന്നു വിശേഷിപ്പിക്കാവുന്ന സങ്കേതത്തിലൂടെ പുതിയൊരു കാലപ്രമാണം ചമയ്ക്കുന്നുണ്ട് സിനിമ. കേവലമായ ഭൂതകാല വര്‍ത്തമാനകാലസന്ധികളെയല്ല, ഈ സിനിമ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അതിനുമപ്പുറത്തേക്കു നീങ്ങുന്ന സങ്കീര്‍ണകാലവ്യവസ്ഥയെ തെളിയിക്കാനാണു യത്‌നമെന്നും ആ വൈറ്റ് ഡിസോള്‍വുകള്‍ വിളംബരം ചെയ്യുന്നു. ആദ്യനിമിഷം മുതല്‍ ബിജിബാലിന്റെ സംഗീതം കൈയടക്കം വന്ന ഒരു പശ്ചാത്തലസംഗീതകാരന്റെ ഗൗരവം അണിയുന്നു. എം.ബിശ്രീനിവാസനും ജോണ്‍സണും ശേഷം സിനിമയുടെ അകമറിഞ്ഞുള്ള സംഗീതം. ഉണ്ണി ആറിന്റെ തിരക്കഥയുടെ ഒതുക്കവും സംഭാഷണങ്ങളുടെ അകൃത്രിമത്വവും എടുത്തുപറയേണ്ടതാണ്.

ഒരു വിമര്‍ശത്തെക്കൂടി വിലയിരുത്തേണ്ടതുണ്ട്. ഇതൊരു സ്ത്രീവിരുദ്ധസിനിമയാണെന്നു ചിലര്‍ പറയുന്നു. മൂന്നു സ്ത്രീകള്‍ കൊല്ലപ്പെടുന്നു എന്നതുകൊണ്ട് ഇതൊരു സ്ത്രീവിരുദ്ധസിനിമയാകുമോ എന്നു തിരിച്ചുചോദിക്കേണ്ടിയിരിക്കുന്നു. ഇവിടെ സമൂഹത്തിന്റെ സ്‌ത്രൈണഭാവങ്ങളെ മാത്രം ഹിംസിക്കുന്ന ഒരു വിചിത്രരാക്ഷസനെയാണ് കല്‍പിച്ചിരിക്കുന്നതെന്നു കരുതാവുന്നതാണ്. സ്‌ത്രൈണം എന്നത് എപ്പോഴും നന്മ, വിശ്വാസം എന്നൊക്കെയായി മാറുന്നത് സ്ത്രീവിരുദ്ധമാണോ എന്ന ചോദ്യം അവിടെയും ബാക്കിയാകും. എന്തായാലും പുരുഷന്‍ എന്ന നിഷ്‌കളങ്കതയ്ക്കു പിന്നിലെ നൃശംസത മറനീക്കുന്നതായി കാണാവുന്നതാണ്.

സ്വന്തം വീട്ടില്‍ അടിയന്തിരാവസ്ഥക്കാലം ഒളിവില്‍ക്കഴിഞ്ഞ പഴയകാലപത്രപ്രവര്‍ത്തകന്‍ മുതല്‍ കുന്നിക്കല്‍ നാരായണന്‍ ആനയാണെന്നു കരുതുന്ന പുതിയ പത്രക്കാരന്‍ വരെയും തരുണ്‍ തേജ്പാലിനെ സൂചിപ്പിക്കുന്ന മുതിര്‍ന്ന ജേണലിസ്റ്റു മുതല്‍ ഗോസ്റ്റ് റൈറ്റിംഗിനു തച്ചുപണിയെടുക്കുന്ന പുതുനിര വരെ സകല ജേണലിസ്റ്റുകളെയും പരിഹസിക്കുന്നത് ഒരു സോഷ്യല്‍ സറ്റയറായി എടുക്കാം. എന്നാല്‍, കയും കുയും മാറാതെ കുഞ്ഞിക്കണ്ണന്‍ എന്നു പറയാമോ എന്ന വെല്ലുവിളി അങ്ങേയറ്റത്തെ ബാഡ് ടേസ്റ്റായിപ്പോയി. പ്രത്യേകിച്ച് ഉണ്ണിയില്‍ നിന്ന് അതു വരുമ്പോള്‍. ഊരിലെ പഞ്ഞം ഇങ്ങനെ പുറത്തുവരാന്‍ പാടില്ലായിരുന്നു.

ചെഗുവേര ഡിവൈഎഫ്‌ഐക്കാരനാണ് എന്നതുപോലെയുള്ള സമര്‍ത്ഥ സുന്ദരമായ നര്‍മങ്ങളുള്ളപ്പോള്‍ മീഡിയ ലൈബ്രറിയിലെ ശശി കലിംഗയെക്കൊണ്ടുള്ള വളിപ്പുകളൊന്നും വേണ്ടായിരുന്നു. ആ ലൈബ്രറി സീന്‍ മൊത്തം ഒരു ഷോട്ടില്‍ ഒതുക്കാമായിരുന്നില്ലേ. അതുപോലെ, ഈപ്പന്‍ വക്കീലിനെത്തേടിയുള്ള ആ ഓട്ടോയാത്രയും വേണ്ടിയിരുന്നു. ഇങ്ങനെ ചില സീനുകള്‍ നീക്കിയിരുന്നെങ്കില്‍ പടം കൂടുതല്‍ ശക്തമായേനേ.

നിയമം പുറമേയ്ക്കു നന്നായി നടക്കുന്നു എന്നു തോന്നിപ്പിക്കുന്ന തുടക്കവും അതിന്റെ വിപരീതവളര്‍ച്ചയും ചേര്‍ന്ന സമകാലികഭാരതത്തിനു മുന്നില്‍ സമര്‍പ്പിക്കുന്ന ഈ മുന്നറിയിപ്പു കാണാതെ പോകരുത്. ചെറിയ കുറ്റങ്ങള്‍ വിട്ടേക്കുക. ഈ സിനിമ കാണാതിരിക്കുന്നവര്‍ ഈ കാലത്തെ ഏറ്റവും നിര്‍ണായകമായ ചലച്ചിത്രമുഹൂര്‍ത്തത്തെ നിരാകരിക്കുകയാണ് എന്നുമാത്രം പറഞ്ഞുകൊണ്ട്, മമ്മൂട്ടി, വേണു, ഉണ്ണി, ബീന, ബിജിബാല്‍ എന്നിവരെ ഒരിക്കല്‍ക്കൂടി ഹാര്‍ദവമായി അഭിനനന്ദിക്കുന്നു

DONT MISS
Top