എന്റര്‍ടെയിന്‍മെന്റിനെ രക്ഷിച്ചത് നായ

സാജിദ് ഫര്‍ഹാദ് എന്ന ഇരട്ടസംവിധായകര്‍ ഒരുക്കിയ മുഴുനീള ഹാസ്യചിത്രമാണ് എന്റര്‍ടെയിന്‍മെന്റ്. അവിചാരിതമായി മള്‍ട്ടി മില്യണറായി മാറുന്ന ഒരു സാധാരണക്കാരന്‍ ആ പണം ലഭിക്കുന്നതിനു തടസ്സമായി നില്‍ക്കുന്ന ഒരു നായയുടെ മുന്നില്‍ നടത്തുന്ന നിരന്തര പരാക്രമങ്ങളുടെ നര്‍മത്തില്‍ക്കുതിര്‍ന്ന കഥയാണ് എന്റര്‍ടെയിന്‍മെന്റിന്റേത്. മനസ്സിലായില്ല അല്ലേ. വിശദമാക്കാം. മുംബൈയില്‍ കാള കളിച്ചു നടക്കുന്ന അഖില്‍ ലോഖാണ്ടേ എന്ന മദ്ധ്യവയസ്‌കനായ ചെറുപ്പക്കാരന്റെ യഥാര്‍ത്ഥ പിതാവ് ബാംങ്കോങ്കിലെ ഒരു സഹസ്രകോടീശ്വരനാണ്. പക്ഷേ അയാളുടെ നിയമപ്രകാരമുള്ള മകനല്ല അഖില്‍. എന്നാല്‍ മരിക്കാറാകുമ്പോള്‍ പിതാവ് ഈ അവിഹിതപുത്രനെ കണ്ടെത്തി പണം നല്‍കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ലവനെ മാത്രമല്ല കുശനെപ്പോലും കണ്ടുപിടിക്കാന്‍ പറ്റാതെ വരുന്ന പാവം പിതൃഹൃദയം പണമെല്ലാം തന്റെ പുന്നാരപ്പട്ടിയുടെ പേരില്‍ എഴുതിവയ്ക്കുന്നു. പക്ഷേ സംഗതിയെല്ലാം പിടികിട്ടി ബാംങ്കേങ്കിലെത്തുന്ന അഖില്‍ പട്ടിയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ നടത്തുന്ന പെടാപ്പാടുകളും അതിന്റെ പൊടിപ്പും തൊങ്ങലുകളും പൊടിത്തമാശകളുമാണ് പടം മുഴുവന്‍.

ഈ സിനിമയില്‍ സ്വാഭാവികമായും പണം ഒട്ടും ആവശ്യമില്ലാത്തത് നായയായ എന്റര്‍ടെയിന്‍മെന്റിനാണ്. പണത്തിന് അഖിലിനേക്കാള്‍ കാര്യമായി ശ്രമിക്കുന്ന വേറേ വില്ലന്‍ കൂട്ടവുമുണ്ട്. തെന്നിന്ത്യയിലെ വില്ലത്തരമെല്ലാം കഴിഞ്ഞ് ബോളിവുഡില്‍ തമാശയും വില്ലന്‍ ബിസിനസും രണ്ടു സമാന്തരപരിപാടികളായി കൊണ്ടുനടത്തുന്ന പ്രകാശ് രാജാണ് ഒരു ചേട്ടന്‍. മറ്റേ കൂട്ടാളി സോനു സൂദും. ഇവര്‍ ചേര്‍ന്ന കിരണ്‍ അര്‍ജുന്‍ ജോഡിയാണ് പണം അഖിലിനു കിട്ടാനുള്ള മറ്റൊരു തടസ്സം. അങ്ങനെ പ്രബലശത്രുക്കള്‍ വരുമ്പോള്‍ അഖിലും നായയും ഒന്നിക്കുകയാണ്. ഇവിടെനിന്ന് പടത്തിന്റെ തമാശ ട്രാക്ക് കൂടുതല്‍ ബലപ്പെടുന്നു.

ഗോല്‍മാല്‍, ഹൗസ് ഫുള്‍ തുടങ്ങിയ തമാശപ്പരമ്പരപ്പടങ്ങളുടെ രചയിതാക്കളായിരുന്നവരാണ് സാജിദ് ഫര്‍ഹാന്‍ ടീം. അവരുടെ ആദ്യസംവിധാനസംരംഭമാണിത്. മുന്‍ ചിത്രങ്ങളിലെന്നപോലെ യുക്തിക്കു നിരക്കാത്ത തമാശ രംഗങ്ങളും സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളും കുത്തിനിറച്ച ഒരു മസാലപ്പടം മാത്രമാണ് ഈ എന്റര്‍ടൈയിന്‍മെന്റ്

സിനിമ കണ്ടിരിക്കാവുന്നതാക്കുന്നത് എന്റര്‍ടെയിന്മെന്റ് ആയി അഭിനയിക്കുന്ന ജൂനിയര്‍ എന്ന നായയുടെ രസകരമായ പ്രകടനങ്ങളാണ്. റിംഗ്മാസ്റ്റര്‍ പടത്തില്‍ ദിലീപിന്റെ കോമാളിത്തങ്ങളെപ്പോലും രക്ഷപ്പെടുത്തിയ നായയെപ്പോലെതന്നെ ഇവിടെ ജൂനിയറും പടത്തിന്റെ രക്ഷകനാകുന്നു. സീനിയറായ അക്ഷയ് കുമാറാണ് ജൂനിയര്‍ കഴിഞ്ഞാല്‍ ഭേദം. തമാശകള്‍ ഒരു മന്ദബുദ്ധിഭാവത്തോടെ അവതരിപ്പിക്കുന്ന സ്ഥിരം അക്ഷയ് രീതി തന്നെ ഇവിടെയും. എന്നാലും അക്ഷയ് കുമാറിന്റെ ആ ഇളിഭ്യഭാവപ്രകാശങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്റര്‍ടെയിന്‍മെന്റ് ഒരു എന്റര്‍ടെയിന്മെന്റു തന്നെയായിരിക്കും.

ഇത്തരം പടങ്ങളില്‍ നായികയ്ക്ക് പ്രത്യേകിച്ചു പണിയൊന്നുമില്ലായിരിക്കുമെന്ന വസ്തുത സുവിദിതമാണല്ലോ. ഇവിടെയും ചടങ്ങോ പതിവോ തെറ്റിക്കുവാന്‍ ആരും ധൈര്യപ്പെടുന്നില്ല തമന്ന പോലും. പടത്തില്‍ തമന്നയുടെ പണി പാട്ടിനു ആടുക എന്നതാണ്. അത് തന്റെ മുഖത്ത് ക്യാമറവെളിച്ചം പതിയുന്ന ആദ്യനിമിഷം മുതല്‍ അനവരതം അലക്കിവെച്ചിട്ടുണ്ട് തമന്ന. നാട്യപ്രധാനം നടനം ദരിദ്രം എന്നാണല്ലോ ഇത്തരം റോളുകളെപ്പറ്റി മഹാകവി പാടിയിരിക്കുന്നത്.

പണമാണ് ഇക്കാലത്ത് എന്റര്‍ടെയിന്മെന്റ് എന്നൊരു രീതിയില്‍ ഈ പടത്തെ വായിക്കാനാകും. അതിന്റെയൊരു കൗതുകമാണ് ഈ സിനിമ ആകെ ബാക്കിവയ്ക്കുന്നത്. ഏതായാലും ബോളിവുഡിന്റെ ഇടിയേക്കാള്‍ ഭേദമാണീ ഇളിഭ്യച്ചിരിയെന്നു പറയാം.

DONT MISS
Top