കാറ്റു പോലെ ‘ഇന്റു ദ സ്‌റ്റോം’

റിച്ചാഡ് ആര്‍മി റ്റാഷ്, സാറാ വെയ്ന്‍ തുടങ്ങി അനേകര്‍ സഹകഥാപാത്രങ്ങളായും ചുഴലിക്കൊടുങ്കാറ്റ് പ്രധാന കഥാപാത്രമായും അഭിനയിക്കുന്ന പുണ്യപുരാണ ഹോളിവുഡ് കളര്‍ച്ചിത്രമത്രേ ഇന്റു ദ സ്‌റ്റോം.

ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ചുഴലിക്കൊടുങ്കാറ്റോ ഹോളിവുഡ് സിനിമയോ ഇതിനു മുന്‍പു കണ്ടിട്ടില്ലാത്തവര്‍ നടുങ്ങി വിറച്ചുവിറങ്ങിലിച്ചിരുന്നു പോകും വിധമാണ് സംവിധായകന്‍ സ്റ്റീവന്‍ ക്വെയില്‍ ഇന്റു ദ സ്‌റ്റോം ഒരുക്കിയിരിക്കുന്നത്. ചുഴലിക്കൊടുങ്കാറ്റോ പോട്ടെ ഒരു ചുഴലിദ്ദീനമെങ്കിലും കണ്ടിട്ടുള്ളവരാകട്ടെ ഇതിലും വലുതെന്തോ വരാനിരുന്നതാ എന്ന മട്ടില്‍ പുല്ലുപോലെ ഈ പെരുംപടം കണ്ട് കോട്ടുവായിട്ട് കൊട്ടക വിടും. അല്ലെങ്കിലും ഏതു കൊടുങ്കാറ്റിലും പുല്ലുകള്‍ മാത്രം വളയുകയല്ലാതെ ഒടിഞ്ഞുവീഴാറില്ലല്ലോ. ഇതുകൊണ്ടാണ് പുല്ലിനെ തൃണവല്‍ഗണിക്കരുതെന്ന് പണ്ട് മേതില്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ കൊടുങ്കാറ്റില്‍ വന്‍ മരങ്ങള്‍ കടപുഴകിവീഴുമ്പോള്‍ ചിലപ്പോള്‍ പുല്ലുകള്‍ ഞെരിഞ്ഞു പോകാറുണ്ട് എന്ന് രാജീവ് ഗാന്ധി കണ്ടുപിടിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഈ ഹോളിവുഡ് കൊടുങ്കാറ്റിനെ നിങ്ങള്‍ക്ക് ചുമ്മാ തൃണവല്‍ഗണിക്കാമെന്നു സാരം.

അമേരിക്കന്‍ പട്ടണങ്ങളെ ഒന്നൊന്നായി അരിഞ്ഞുതള്ളിക്കൊണ്ട് കടന്നുപോകുന്ന അനേകം ചെറുചുഴലി വാതങ്ങളെയും ഒടുക്കം എല്ലാം നശിപ്പിക്കുന്ന ഒരു അതിസംഹാരക്കാറ്റിനെയും ചിലര്‍ പിന്തുടരുന്നതും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതുമാണ് സിനിമയില്‍ ഗ്രാഫിക്‌സ് കൊടുങ്കാറ്റും ഗ്രാഫിക്‌സ് നാശനഷ്ടങ്ങളും കാണിക്കാനായി പടച്ചിരിക്കുന്ന കഥ. കൊടുങ്കാറ്റിന്റെ കൈവിഷം കിട്ടിയ പീറ്റ് മൂര്‍, കൊടുങ്കാറ്റുമായി കെട്ടിമറിയാത്ത സമയത്തെല്ലാം കൊച്ചുമോളുമായി വീഡിയോയില്‍ കൊച്ചുവര്‍ത്തമാനം പറയുന്ന അല്ലിസണ്‍, കാറ്റു പാറ്റുന്ന പട്ടണത്തിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗാരി എന്നിങ്ങനെ ഒട്ടല്ല കഥാപാത്രങ്ങള്‍ ഈ കാറ്റുപിടിച്ച പടത്തില്‍. എല്ലാം വാര്‍പ്പുമാതൃകകള്‍. വാര്‍പ്പു പാത്രങ്ങള്‍ എന്നു ചുരുക്കിയാല്‍ അടുക്കളയിലെങ്കിലും വയ്ക്കാം.

മഹാകൊടുങ്കാറ്റിന്റെ ചുഴലിക്കുത്തിന്റെ ഒത്ത മദ്ധ്യത്തില്‍ ഫോട്ടോഗ്രാഫര്‍ കാറിനുള്ളില്‍ കുടുങ്ങുന്നതും അതിന്റെ വ്യൂഹമദ്ധ്യത്തിലെ നിശ്ചലതയില്‍ തങ്ങുന്നതും പിന്നെ, കശക്കിയെറിയപ്പെടുന്നതും പോലുള്ള വിഭ്രാമകരംഗങ്ങള്‍ സാങ്കേതികശക്തിയുടെ കനത്ത പിന്‍ബലത്തില്‍ തകര്‍പ്പനായിത്തന്നെ ഒരുക്കിയിരിക്കുന്നു. എന്നാലും ഈ ഹോളിവുഡ് പരാക്രമങ്ങള്‍ക്ക് ഒരു പരിധി നിശ്ചയിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. മംഗ്ലീഷില്‍ ടിനി ടോം പറഞ്ഞതുപോലെ, ആരു പറയാന്‍… ആരോടു പറയാന്‍…

എല്ലാം ഒരു കാറ്റില്‍ ഒടുങ്ങാനേ ഉള്ളൂ എന്നൊരു സന്ദേശം ഈ പടം നല്‍കുന്നുണ്ടെന്നു മാത്രം നല്ലതുപറയാം. എല്ലാ ലോകവും ജയിച്ച് ഒരു കാല്‍ ഭൂമിമാതാവിന്റെ മാറിലും മറ്റേക്കാല്‍ ചന്ദ്രന്റെ പള്ളയ്ക്കും ചവിട്ടി തല ചൊവ്വയിലും കണ്ണുകള്‍ ക്ഷീരപഥത്തിനപ്പുറത്തേക്കും നട്ട് നെഞ്ചുംവിരിച്ച് നില്‍ക്കുന്ന അമേരിക്ക എന്ന വാമനവിശ്വരൂപത്തിന് അതിന്റെ ഭാവനാശത്രുക്കള്‍ ഇനി മെര്‍ക്യൂറിയില്‍ നിന്നോ പ്ലൂട്ടോയില്‍ നിന്നോ വരാനേ ഉള്ളൂ. അത് കല്‍പനാവൈകല്യം കൊണ്ടു കണ്ടെത്തുന്ന ശത്രുക്കളാകട്ടെ താടിവച്ച് തലപ്പാവും തള്ളിയാണു വരിക.

ഇതൊന്നുമല്ലാതെ അമേരിക്കയെ ശരിക്കും വട്ടംകറക്കുന്ന ഒരേയൊരു ശത്രു അവിടെ ഇടയ്ക്കിടെ വീശിയടിച്ച് വൈറ്റ് ഹൗസിനെ തൃണവല്‍ഗണിച്ച് കടന്നുപോകുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍ അഥവാ ടോര്‍ണാടോകളത്രേ. എലീസയെന്നും തെരീസയെന്നും മരീസയെന്നും പെണ്‍പേരിട്ടു വിളിച്ചു പേടിച്ച കാറ്റുകളെ ഈയിടെ അവര്‍ അലിയെന്നും പുലിയെന്നും ആണ് പേരിലും വിളിച്ചുതുടങ്ങി. അലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതുകണ്ടുണ്ടാകുന്ന ഇണ്ടലിന്റെ തണ്ടപ്പേരത്രേ ഈ പടം. അതിനെ പരമാവധി തണ്ടറും വണ്ടറുമാക്കിയിരിക്കുന്നു എന്നുമാത്രം.

[jwplayer mediaid=”124352″]

DONT MISS
Top