നിഫ്റ്റി വീണ്ടും 7,800 ന് മുകളില്‍

മുംബൈ: വിപണിയില്‍ വാഹന, എണ്ണ, ബാങ്കിങ് ഓഹരികളുടെ കുതിപ്പ്. സെന്‍സെക്‌സ് രാവിലെ 100 പോയിന്റ് ഉയര്‍ന്ന് 26,200 പിന്നിട്ടു. നിഫ്റ്റി വീണ്ടും ആത്മവിശ്വാസം ഉയര്‍ത്തി ഇന്ന് 12 മണിക്ക്‌ 7,822 എന്ന നിലയിലെത്തി. ഇന്ന് 32 പോയിന്റ് ഉയര്‍ന്നതോടെയാണ് നിഫ്റ്റി പുതിയ ഉയരം കുറിച്ചത്. ബാങ്കിങ് ഓഹരികളായ ഐസിഐസിഐ, എസ്ബിഐ, ആക്‌സിസ് എന്നിവയെല്ലാം ഇന്ന് രണ്ടു ശതമാനത്തിലേറെ നേട്ടം കാണിച്ചു.

ടാറ്റാ മോട്ടോഴ്‌സിന്റെ നേട്ടം നാലു ശതമാനത്തോളമാണ്. 498 രൂപയാണ് ഇപ്പോത്തെ ഓഹരി മൂല്യം. ടാറ്റാപവറിന് മൂന്നു ശതമാനവും ഭെലിന് രണ്ടു ശതമാനവും എയര്‍ടെല്ലിന് ഒന്നര ശതമാനവും നേട്ടമുണ്ട്. അതേസമയം പ്രമുഖം ഐടി ഓഹരികളെല്ലാം നഷ്ടത്തിലാണ്. ഇന്‍ഫോസിസിന് ഒരു ശതമാനം മൂല്യം കുറഞ്ഞ് 3,603 രൂപയായി. ടിസിഎസ്, വിപ്രോ എന്നിവയ്ക്കും ഒരു ശതമാനത്തോളം നഷ്ടമുണ്ട്.

ഐടിസിക്ക് രണ്ടര ശതമാനമാണ് നഷ്ടം. കേരളത്തില്‍ നിന്ന് നിഫ്റ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓഹരികളില്‍ ഭൂരിപക്ഷത്തിലും ഇന്ന് നേട്ടം പ്രകടമാണ്. വി ഗാര്‍ഡിന്റെ മൂല്യം നാലു ശതമാനത്തിലേറെ ഉയര്‍ന്ന് 771 രൂപ 90 പൈസയായി. എസ്ബിടിക്ക് 563 രൂപ 80 പൈസയും സൗത്ത് ഇന്ത്യന്‍ ബാങ്കിന് 28 രൂപ 10 പൈസയും ഫെഡറല്‍ ബാങ്കിന് 115 രൂപ 75 പൈസയും ഇപ്പോള്‍ മൂല്യമുണ്ട്.

മൂന്ന് ബാങ്കിങ് ഒഹരികള്‍ക്കു ഒരു ശതമാനം വീതമാണ് നേട്ടം. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മണപ്പുറത്തിനും മുത്തൂറ്റിനും വില്‍പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അര ശതമാനത്തോളം നഷ്ടം പ്രകടമാണ്. അപോളോ ടയേഴസിന്റെ മൂല്യം മൂന്നര ശതമാനം ഉയര്‍ന്ന് 168 രൂപ 50 പൈസയായും കിറ്റക്‌സിന്റേത് ഒന്നര ശതമാനം ഉയര്‍ന്ന് 291 രൂപയായും മാറി.

DONT MISS
Top