നിഷ്‌കളങ്ക കുമാരന്റെ വ്യര്‍ത്ഥതാബോധം ഉണര്‍ത്തി ഞാന്‍ സ്റ്റീവ് ലോപ്പസ്

അന്നയും റസൂലും വന്‍വിജയം വരിച്ച കളത്തിലേക്കാണ് രാജീവ് രവി വീണ്ടും വരുന്നത്. അന്നയും റസൂലും കാലത്തെയും ദേശത്തെയും അടയാളപ്പെടുത്താനുള്ള ശ്രമമെന്ന നിലയില്‍ മറ്റെല്ലാക്കുറവുകള്‍ക്കും രാഷ്ട്രീയ പ്രശ്‌നനിര്‍മിതികള്‍ക്കുമിടയിലും ജ്വലിച്ചുനിന്നൊരു ശ്രമമായിരുന്നു. എന്നാല്‍ ഇവിടെ, സ്റ്റീവ് ലോപ്പസ് ആ അവസരത്തെ മുതലാക്കാനുള്ള ഒരു കള്ളക്കളിയായി രൂപാന്തരപ്പെടുന്നുണ്ട്. ഒരേസമയം ജോണ്‍ ഏബ്രഹാമിനെയും അമ്മ അറിയാനെയും എഴുപതുകളെയും ആധുനികതയെയും ഒക്കെ ഓര്‍മ്മിപ്പിക്കുന്ന സിനിമ പക്ഷേ, അവയെയൊക്കെ വെറും ചേരുവകളായി ഉള്‍ച്ചേര്‍ത്തുകൊണ്ട് തികച്ചും പിന്തിരിപ്പനായി ഒരു പഴഞ്ചരക്കിനെയാണ് ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്.

നിഷ്‌കളങ്കതയുടെ നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതല്‍ എന്ന് എഴുതിക്കാണിച്ചുകൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത്. ഈ എഴുത്ത് വിചിത്രമായി തോന്നി. അല്ലെങ്കില്‍ ഇങ്ങനെ പറയാം. ഈ കലാപത്തിന്റെ കാതലിനെയാണ് കലാപക്കാതല്‍ എന്ന് തമിഴില്‍ പറയുന്നതെന്ന്. സമീപകാലത്തോ ചരിത്രത്തിലെപ്പോഴെങ്കിലുമോ നടന്ന ഏതു കലാപമാണ് നിഷ്‌കളങ്കതയുടെ നഷ്ടബോധത്തെ പ്രതിനിധീകരിക്കുന്നത് എന്ന് അറിയില്ല. കേരളത്തിലെ വര്‍ത്തമാനനഗരങ്ങളിലെ ഗുണ്ടാവിളയാട്ടത്തെയാണോ നിഷ്‌കളങ്കതയുടെ നഷ്ടശിഷ്ടമായി അണിയറക്കാര്‍ എണ്ണുന്നത്. ഒരു പിടിയുമില്ല.

ഇനി അഥവാ, വാദത്തിന് നിഷ്‌കളങ്കതയെന്ന് അംഗീകരിച്ചാല്‍, ഏതു നിഷ്‌കളങ്കതയെന്നു ചോദിക്കേണ്ടിവരും. ആ ചോദ്യത്തിനുത്തരം തേടാന്‍ ശ്രമിക്കും മുന്‍പ്, സിനിമയുടെ പ്രമേയസ്വരൂപത്തെ ഒന്നു പരിചയപ്പെടുത്തേണ്ടതുണ്ട്. ഒരു പോലീസ് ഡിവൈഎസ്പി ആയ ലോപ്പസിന്റെ മകന്‍ സ്റ്റീവ് ഉഴപ്പനും മദ്യപനുമായി കോളജ് വിദ്യാര്‍ത്ഥിയാണ്. അവന് ബാല്യകാലസഖിയായ ഒരു കാമുകിയുണ്ട്. പേര് അഞ്ജലി. ഒരുദിവസം അവനൊരു ഗുണ്ടാകൊലപാതകത്തിനു സാക്ഷിയാകുന്നു. അയാളെ അവന്‍ ആശുപത്രിയിലാക്കുന്നു. എന്നാല്‍, പോലീസ് അവന്റെ സാക്ഷ്യം സ്വീകരിക്കുന്നില്ല, മാദ്ധ്യമങ്ങള്‍ അതിനെ കൊന്നും കളയുന്നു.

പിതാവിനെയും പിതാവിനെപ്പോലുള്ള പോലീസിനെയും പിതൃതുല്യരായ മാദ്ധ്യമ മര്‍ഡോക്കുമാരെയും അവഗണിച്ച് അവന്‍ ചത്തവനെയും കൊന്നവനെയും തേടിപ്പുറപ്പെടുന്നു. കൊന്നവനെ ഭാര്യാസമേതം കണ്ടെത്തുന്നുവെങ്കിലും അവരുടെ സംഘം പയ്യനെ തടവിലാക്കുന്നു. പിന്നെ മോചിപ്പിക്കുന്നതിനിടെ, അവന്‍ എതിരാളികളുടെ ആക്രമണത്തിനും സാക്ഷിയാകുന്നു. കൊന്നവനെ ചാകാതിരിക്കാന്‍ അവന്‍ വൈദ്യസഹായത്തിനു ഹാജരാക്കുന്നു. പോലീസിനെ വിവരമറിയിക്കുന്നു. അച്ഛന്‍ പോലീസ് അവനെയും അച്ഛന്‍ പോലീസിന്റെ പോലീസ് കൊന്നവനായ ഹരിയെയും കൊണ്ടുപോകുന്നു. പിന്നെയവന്‍ ഹരിയെത്തേടുന്നു. ഇതിലപ്പുറം പറഞ്ഞാല്‍ കഥാലംഘനമെന്ന കൊടുംകുറ്റകൃത്യമാകുമെന്നതിനാല്‍ പറയാന്‍ നിര്‍വ്വാഹമില്ല. ഇതിലും വലിയ കുറ്റം ചെയ്യുന്നവര്‍ക്ക് കിട്ടുക സംസ്ഥാന പുരസ്‌കാരവും മറ്റുമാണെന്നിരിക്കിലും.

നിഷ്‌കളങ്കതയെന്നാല്‍ നഗരത്തിലെ വെളുത്തവരുടേതാണ്. അവര്‍ അപ്പുറത്തെ വീട്ടമ്മയെ കുളിമുറിയില്‍ നിന്ന് ഒളിഞ്ഞുനോക്കും. ഇഷ്ടമല്ലെന്നു പറയുന്ന പെണ്ണിനെ വൈകാരികസമ്മര്‍ദ്ദത്തിനടിപ്പെടുത്തി പ്രേമിപ്പിക്കും. പ്രേമം തുടങ്ങിയാല്‍ അവളെ തഴഞ്ഞു വിഷമിപ്പിക്കും. ഫേസ്ബുക്കിലാണവരുടെ താവളം. അവിടേക്കു ദൂരെ, ഗ്രാമത്തില്‍ നിന്നുവരുന്ന കറുത്ത നിറമുള്ള കളങ്കമാണ് ഈ നിഷ്‌കളങ്കതയെ കശക്കിയില്ലാതാക്കുന്നത്. നഗരത്തിനു നടുവിലും ഗലിയിലെ കറുകറുത്ത കളങ്കങ്ങള്‍ ഗ്രാമത്തില്‍ നിന്നു ചേക്കേറിയവരത്രേ. ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുമെന്നു മാവോ പറഞ്ഞതു ചുമ്മാതെയാണോ.

[jwplayer mediaid=”122399″]

നായികയെ ഒരുക്കിയിരിക്കുന്നതാണ് ഈ സിനിമയുടെ സര്‍വ്വാബദ്ധം. അഹാനയ്ക്ക് ഒന്നും ചെയ്യാനില്ല, ഒന്നുരണ്ടു ദിവസം മതി എന്നു സംവിധായകന്‍ തന്നോടു പറഞ്ഞതായി അഹാന ഒരു റേഡിയോ പരിപാടിയില്‍ പറയുന്നതുകേട്ടു. സത്യമാണത്. ഒരു ഷാംപുവിന്റെ പരസ്യമോഡല്‍ പോലെ, ഏതാനും രംഗങ്ങളില്‍ ആകെ, പത്തുമിനിറ്റില്‍ താഴെ മാത്രം അഞ്ജലി എന്ന കഥാപാത്രം നടക്കുന്നു, ഇരിക്കുന്നു, കണ്ണുരുട്ടിനോക്കുന്നു. എത്രയോ കാലംകൊണ്ടാണ് ആധുനികത സൃഷ്ടിച്ച എല്ലാ വ്യാജങ്ങളെയും അതിജീവിച്ച്, നമ്മുടെ സമകാലിക സ്ത്രീ തന്റേതായ ഒരിടം സൃഷ്ടിച്ചത്. ആ ഇടങ്ങളെ മുഴുവന്‍ റദ്ദു ചെയ്തുകൊണ്ട് പുരുഷനെ മാത്രമായി സാമൂഹിക വ്യഥകളുടെ ഇരയും രക്തസാക്ഷിയുമായി അടയാളപ്പെടുത്തുന്ന ഈ സിനിമ ചരിത്രബോധമുള്ളവര്‍ തള്ളിക്കളയേണ്ടതാണ്.

ഈ സിനിമയെ നിഷ്‌കളങ്ക കുമാരന്റെ വ്യര്‍ത്ഥതാബോധം എന്നോ ഒരു പോലീസ് ഡി വൈ എസ് പിയുടെ ഏകാന്തത എന്നോ ഒരു മുന്‍ സാല്‍ഗോക്കര്‍ കളിക്കാരന്റെ ഉദ്വിഗ്‌നത എന്നോ ഒക്കെ മറുപേരിട്ടു വിളിക്കാവുന്നതാണ്. ആരാണു ഞാന്‍… ആരാണു നീ… ആരാണു നാം എന്നൊരു പാട്ടും പടത്തിലുണ്ട്. ഇതു മൂന്നും അറിയാന്‍ പാടില്ലാത്തതു കഷ്ടംതന്നെ. ഒന്നോ രണ്ടോ കാര്യങ്ങളായിരുന്നെങ്കില്‍ പോട്ടെന്നു വയ്ക്കാമായിരുന്നു.

സ്വാഭാവികത വരുത്താന്‍ പുതിയ സിനിമക്കാര്‍ ചെയ്യുന്ന ഒരു പണിയാണ് ഉച്ചാരണത്തില്‍ പിഴവും തപ്പലും വരുത്തുക എന്നത്. കൊള്ളാം. ഈ പടത്തില്‍ ഒരു രംഗത്തില്‍ നായിക നായകനോട് അങ്ങനെ തപ്പിപ്പറയുന്നു, കൊക്കൊക്കോളജിലും കണ്ടില്ല… ഒന്നുകൂടി നീട്ടി, കൊക്കൊക്കോളജിലും കണ്ടില്ല…. കൊക്കൊക്കോളയും കുടിച്ചീല എന്നായിരുന്നെങ്കില്‍ കവിതയ്ക്കു കവിതയുമായേനേ… പ്രാസത്തിനു പ്രാസവുമായേനേ…

രാഷ്ട്രീയ അപാകങ്ങള്‍ കൊണ്ടുമാത്രമല്ല, ഒട്ടും ആസ്വാദ്യമല്ലാത്തത് എന്നതുകൊണ്ടു കൂടിയാണ് ഈ പടത്തെ നിരാകരിക്കുന്നത്.

[jwplayer mediaid=”122398″]

DONT MISS
Top