നീതിസാരങ്ങളെ പരിശോധിച്ച് അപ്പോത്തിക്കിരി

മാധവ് രാംദാസിന്റെ അദ്ദേഹത്തിന്റെ ആദ്യസിനിമയായ മേല്‍വിലാസത്തെപ്പറ്റി ഒന്നു പറയേണ്ടതുണ്ട്. മലയാളസിനിമ വളരെ ചെലവേറിയ നിര്‍മ്മാണാവസ്ഥയിലേക്കു നീങ്ങുമ്പോള്‍ കൊള്ളാവുന്ന പ്രമേയങ്ങളെ, കമ്പോളസമവാക്യങ്ങള്‍ക്ക് വിരുദ്ധമായി ദൃശ്യപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ നിവൃത്തിയില്ലാതെ പിന്‍വാങ്ങേണ്ടിവരും. ഈ സാഹചര്യത്തെ നിര്‍മ്മാണച്ചെലവു കുറഞ്ഞ സിനിമകള്‍ കൊണ്ടേ പ്രതിരോധിക്കാനാകൂ. ഒരേ ലൊക്കേഷനും ഒരേ ഷെഡ്യൂളും കൊണ്ടു തീരുന്ന സിനിമകള്‍ നിര്‍മ്മിക്കുക, അതിനുപറ്റിയ ശക്തമായ പ്രമേയങ്ങള്‍ കണ്ടെത്തുക എന്നതാണ് ഏക പോംവഴി. അതിനുള്ള നല്ല നീക്കമായിരുന്നു മേല്‍വിലാസം.

നിര്‍മ്മാണച്ചെലവു കുറഞ്ഞതും ശക്തമായതുമായ പ്രമേയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ ചെന്നെത്തിച്ചേരാറുള്ളൊരു കഥാപരിസരമാണ് കോര്‍ട്ട് റൂം ഡ്രാമകളുടേത്. അതിന്റെ ക്ലാസിക് ഉദാഹരണങ്ങളിലൊന്നാണ് ട്വെല്‍വ് ആംഗ്രി മെന്‍. ഈ വിദേശസിനിമയെ ഉപജീവിച്ച് യഥാര്‍ത്ഥ നവതരംഗകാലത്ത് ഹിന്ദിയിലുണ്ടായ പടമാണ് രുകാ ഹുവാ ഫൈസലാ. ഹോളിവുഡില്‍ നിന്ന് ഒരുദാഹരണമാണ് ഡെവിള്‍സ് അഡ്വക്കേറ്റ്. ഇതേ ഫോര്‍മാറ്റിലാണ് മാധവ് രാംദാസ് മേല്‍വിലാസമൊരുക്കിയത്.

ഇത്തവണ മാധവ് രാംദാസ് ക്യാമറ അല്‍പം തിരിച്ചുവയ്ക്കുന്നത് കോടതിമുറിയിലേക്കല്ല, ആതുരാലയത്തിലേക്കാണ്. ആരോഗ്യവുമായി ബന്ധപ്പെട്ട നീതിസാരങ്ങളെ പരിശോധിക്കുകയാണ് അദ്ദേഹം. ഒരു ഡോക്ടറുടെ വ്യക്തിജീവിതവും ഔദ്യോഗികജീവിതവും പരസ്പരം ഇടകലരുന്ന രണ്ടു രേഖകളായി മാറുന്നു. ഡിഎന്‍എയുടെ പിരിയന്‍ ഗോവണി പോലെയതു സങ്കീര്‍ണ്ണമായിത്തീരുന്നു. ഒപ്പം ജീവിതവും മരണവുമെന്ന മറ്റു രണ്ടു വര്‍ത്തുളരേഖകളും ഇവിടെ സര്‍പ്പിളമായി കൂടിപ്പിടയുന്നു.

സുരേഷ് ഗോപിയുടെ ഡോക്ടര്‍ വിജയ് നമ്പ്യാരും അയാളുടെ ജീവിതവും മരണവുമാണ് അപ്പോത്തിക്കിരിയുടെ പ്രമേയതലം. കോമാ അവസ്ഥയിലേക്ക് ഡോക്ടര്‍ മാറുന്ന സന്ദര്‍ഭങ്ങളില്‍, മറ്റൊരു ക്ലിനിക് റൂം ഡ്രാമയായ ജയരാജിന്റെ അദ്ഭുതത്തില്‍ സുരേഷ് ഗോപി തന്നെ അഭിനയിച്ച കഥാപാത്രത്തെ ഓര്‍ത്തുപോകുക സ്വാഭാവികം. പക്ഷേ, രണ്ടും രണ്ട് ഭാവതലങ്ങളെയാണ് വിഷയീകരിക്കുന്നത്.

സപ്തനക്ഷത്രാങ്കിതമെന്നോ മറ്റോ വിശേഷിപ്പിക്കാവുന്ന അപ്പോത്തിക്കിരി ആശുപത്രിയിലെ ചീഫ് ന്യൂറോ സര്‍ജനാണ് ഡോക്ടര്‍ വിജയ് നമ്പ്യാര്‍. അതിപ്രഗല്‍ഭനായ ഭിഷഗ്വരനാണെങ്കിലും ആശുപത്രിയിലെ വമ്പന്‍ ബില്‍ മുടക്കം കൂടാതെ കെട്ടിവയ്ക്കുന്നവര്‍ക്കു മാത്രമാണ് അദ്ദേഹത്തിന്റെ മികവ് പ്രയോജനപ്പെടുത്താനാകുന്നത്. എന്നുതന്നെയല്ല, ആശുപത്രിയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയും തമ്മിലുള്ള ധാരണപ്രകാരം, സ്‌റ്റെം സെല്‍സ് ഉപയോഗിച്ചുള്ള ഒരു മരുന്നിന്റെ പരീക്ഷണോപയോഗം അത്തരം രോഗികളില്‍ സൗജന്യചികിത്സയുടെ മറവില്‍ നടത്താന്‍ കൂട്ടുനില്‍ക്കേണ്ടിയും വരുന്നുണ്ട് അദ്ദേഹത്തിന്. ഇത് മെഡിക്കല്‍ രംഗത്തെ എത്തിക്കല്‍ പ്രോട്ടോക്കോള്‍ പാലിക്കാതെയാണെന്ന് അദ്ദേഹത്തിന് അറിയാം. ഈ മരുന്ന് പരീക്ഷണം നടത്തിയ ന്യൂറോ കേസുകളില്‍ എല്ലാംതന്നെ രോഗികള്‍ക്ക്് കടുത്തതും മാറാത്തതുമായ പാര്‍ശ്വഫലങ്ങളുണ്ടാകുകയോ രോഗികള്‍ മരിക്കുകയോ ചെയ്യുന്നതിനാല്‍ ഡോക്ടര്‍ പലവട്ടം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതുമൂലമുണ്ടാകുന്ന വിഷാദഗ്രസനം ഡോക്ടറില്‍ ഷിസോഫ്രീനിയയ്ക്കു തുല്യമായ ഹാലൂസിനേഷനുകള്‍ സൃഷ്ടിക്കുന്നു. അങ്ങനെയൊരു മായാവിഭ്രമത്തില്‍ പെട്ട ഡോക്ടര്‍ക്കുണ്ടാകുന്ന റോഡപകടത്തെത്തുടര്‍ന്നാണ് സിനിമ ആരംഭിക്കുന്നത്. അപ്പോത്തിക്കിരിയിലെത്തിപ്പെടുന്ന വിജയ് കോമയിലാകുന്നു.

കോമയില്‍ തുടരുന്ന ഡോക്ടറെ ഒളിച്ചുകാണാനെത്തുന്ന സുദീപ് എന്ന രോഗിയുടെ ആഖ്യാനമായിട്ടാണ് സിനിമയുടെ കഥ ഇതള്‍ വിടരുന്നത്. അന്തിമസന്ദര്‍ഭങ്ങളില്‍ അത് അതിനെയും അതിലംഘിച്ചു വളരുന്നുണ്ടെങ്കിലും. വേറേയും രോഗികളും രോഗിണികളും നിരന്തരസാന്നിദ്ധ്യമായി വളര്‍ച്ച നേടുന്നുവെങ്കിലും പ്രധാനമായും സുദീപിന്റെ ആത്മാഖ്യാനമായിട്ടാണ് സിനിമ പൂര്‍ണത നേടുന്നതെന്നും പറയാം.

വളരെ ഗൗരവാവഹമായ ഒരു പ്രമേയം, അതിന്റെ ആഴത്തിനു കുറവുവരാത്ത മട്ടിലുള്ള പ്രതിപാദനം, സമകാലികമായ ഒരു രാക്ഷസീയതയ്‌ക്കെതിരെ ഇതരവശത്തുനിന്നു പ്രതിരോധാത്മകമായ ഒരു സമീപനം സ്വീകരിക്കാനുള്ള താല്പര്യം, കമ്പോളഘടകങ്ങളെ കഴിവതും പുറന്തള്ളാനുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് എന്നിങ്ങനെ പലകാരണങ്ങളാല്‍ അപ്പോത്തിക്കിരി ഒരു പ്രധാനപ്പെട്ട സിനിമയാകുന്നു. മറ്റു ചില കാരണങ്ങളാല്‍ ഒരു ഉജ്വലസിനിമയാകുന്നതില്‍ നിന്നു തടയപ്പെടുന്നതുകൊണ്ടാണ് ഇതിനെ പ്രധാനപ്പെട്ടതെന്നു മാത്രം വിശേഷിപ്പിക്കുന്നത്. കുറേയേറെ ഡോക്ടര്‍മാരുടെ പിന്‍ബലം പടത്തിന്റെ രചനയ്ക്കും നിര്‍മ്മാണത്തിനും ഉണ്ട്. അവരുടെ സത്യാത്മകതയെ അംഗീകരിക്കുന്നു. നിശ്ചയമായും ഡോക്ടര്‍മാരും രോഗികളുമായ മുഴുവന്‍ ആളുകളും ഈ സിനിമ കാണണമെന്ന് ശിപാര്‍ശ ചെയ്യുന്നു. അങ്ങനെയല്ലാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ കണ്ടില്ലെങ്കിലും കുഴപ്പമില്ല.

തിരക്കഥ ഔചിത്യഭംഗികളോടെയൊരുക്കിയിട്ടുണ്ട്. അവസാനത്തെ കുറേസമയം ആ ഔചിത്യം ഭഞ്ജിക്കപ്പെടുകയും ആഖ്യാനകൗശലം അട്ടിമറിക്കപ്പെടുകയും ചെയ്‌തെങ്കിലും. സംഭാഷണങ്ങള്‍ പലതും ചാരുതയുള്ളതും കുറിക്കുകൊള്ളുന്നതുമായി. പച്ചക്കറിക്കു വിലപേശുന്ന നമ്മള്‍ മരുന്നിനും ചികിത്സയ്ക്കും വിലപേശില്ലെന്നതു പോലെ സാന്ദര്‍ഭികസൗന്ദര്യമുള്ള ഒരു ഡസന്‍ നല്ല സംഭാഷണങ്ങളെങ്കിലും ഈ ചിത്രത്തിലുണ്ട്.

കഥാപാത്രങ്ങളായെത്തിയ നടീനടന്മാരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. സുരേഷ് ഗോപിയും ജയസൂര്യയും മീരാനന്ദനും തമ്പി ആന്റണിയും വളരെ നന്നായി. ചെറിയ വേഷങ്ങളില്‍ എത്തിയവര്‍ പോലും നല്ല പ്രകടനം നടത്തി. സീമാ ജി നായരുടെ പ്രകടനം ജ്വലിച്ചുനില്‍ക്കുന്നു.

എങ്കിലും എടുത്തു പറഞ്ഞുവാഴ്‌ത്തേണ്ടത് ഇന്ദ്രന്‍സിന്റെ അനുപമമായ അഭിനയത്തെയാണ്. മുന്‍പും ദൃഷ്ടാന്തം പോലുള്ള സിനിമകളില്‍ ഈ അഭിനയസൗന്ദര്യം നാം കണ്ടിട്ടുണ്ട്. ചെറിയ വിശദാംശങ്ങളില്‍ ശ്രദ്ധിക്കുന്ന സൂക്ഷ്മാഭിനയത്തിന്റെ ഉത്തമോദാഹരണമായിട്ടുണ്ട് ഈ ചെറിയ, വലിയ നടന്റെ ഈ ചെറിയ, വലിയ വേഷം. ഹാസ്യതാരത്തിന് അവാര്‍ഡ് വേണ്ടെന്നും സഹനടനു പകരം സ്വഭാവനടനാണ് പുരസ്‌കാരം നല്‍കേണ്ടതെന്നുമുള്ള ഒന്നാന്തരം ശുപാര്‍ശകള്‍ ബഹുമാനപ്പെട്ട അടൂര്‍ മുഖ്യനായുള്ള സമിതി നല്‍കിയിരിക്കുന്നു. അത്തരം സമിതികള്‍, മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്റെ ഇത്തരം പ്രകടനങ്ങള്‍ക്കു നല്‍കാനുള്ള ധൈര്യം കൂടി ജൂറിക്ക് ശിപാര്‍ശ ചെയ്യേണ്ടതാണ്.

ഹരി നായരുടെ ക്യാമറയാണ് ഔജ്വല്യം പ്രാപിക്കുന്ന മറ്റൊരു ഘടകം. റൂം ഡ്രാമയാണ് മാധവ് രാംദാസിന്റേത്. രംഗങ്ങള്‍ക്കും വേദിനാടകത്തിന്റെ സ്വഭാവം കൂടും. അതിനെ വെറുമൊരു രംഗപാഠമാക്കാതെ, സിനിമയുടെ സാങ്കേതികസൗന്ദര്യത്തിലേക്കു വളര്‍ത്തുന്നത് ഹരി നായരുടെ ക്യാമറ ആരുമറിയാതെ നടത്തുന്ന ഇടപെടലുകളാണ്. മുന്‍പ് ബാല്യകാലസഖിയിലും ഇതു കണ്ടു. വളരെ മന്ദമായും സൗമ്യമായും നടത്തുന്ന ചലനങ്ങള്‍. സുദീപും ഡെയ്‌സിയും കാണുമ്പോള്‍ അവരുടെ പ്രതിഫലനങ്ങള്‍, ഡോക്ടറുടെ മരണാസന്നരംഗങ്ങളിലെ തലതിരിച്ചിടലുകള്‍, സമീപ മദ്ധ്യസമീപദൃശ്യങ്ങളുടെ വിന്യാസം എന്നിവയാല്‍ ഹരി നായര്‍ നാടകവും സിനിമയും തമ്മിലുള്ള പ്രധാനവ്യത്യാസം ക്യാമറയുടെ സാന്നിദ്ധ്യമാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി.

എഡിറ്ററും തന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്. സിനിമയുടെ താളത്തെയും വേഗത്തെയും നോവിക്കാതെ, വളരെ സൂക്ഷിച്ചാണ് അദ്ദേഹം കത്രിക ഉപയോഗിക്കുന്നത്. ഇന്‍സേര്‍ട്ട് ഷോട്ടുകള്‍ കൊണ്ട് ഒരു ഭാവതരംഗം സൃഷ്ടിക്കാനും എഡിറ്റര്‍ക്ക് സാധിച്ചിട്ടുണ്ട്.

അക്ഷന്തവ്യമായ ചില പിഴവുകളാണ് പടത്തെ പാതിയും പതിരാക്കിയത്. മറ്റെല്ലാ രോഗീബന്ധിത ഉപകഥകളും സുദീപിന്റെ കഥയുടെ ആവര്‍ത്തനങ്ങളാകയാല്‍, അവയെ ഒന്നുകൂടി ഒതുക്കിപ്പിടിച്ച് സിനിമ ഒരു ഒന്നേമുക്കാല്‍ മണിക്കൂറായി ചുരുക്കിയിരുന്നെങ്കില്‍ ഇതിന്റെ തീവ്രത ഇനിയും ഏറിയിരുന്നേനെ. സമര്‍ത്ഥനായ ആ എഡിറ്റര്‍ അവസാനത്തെ നാല്‍പതു മിനിറ്റുനേരം ഒരു മടിയും കൂടാതെ വെട്ടിക്കുട്ടയില്‍ തള്ളിയിരുന്നെങ്കിലും മതിയായിരുന്നു. സുദീപിന്റെ കഥ തീരുന്നതോടെ കഥ അങ്ങേയറ്റം വികാരതീക്ഷ്ണമായി. പിന്നെ, പതനമായിരുന്നു. നരകനാടകീയതരംഗങ്ങളും അവസാനം ഡോക്ടറുടെ ഗീര്‍വ്വാണപ്രസംഗവും അസഹനീയമായി.

പശ്ചാത്തലസംഗീതകാരന്‍ പടത്തിനെ പഴഞ്ചാക്കാക്കിമാറ്റി. പ്രൊഫഷനല്‍ നാടകത്തിലെ തത്തുല്യരംഗങ്ങളില്‍ തട്ടിമൂളിക്കുന്ന ആര്‍ത്തനാദങ്ങളാണ് അദ്ദേഹം ഉപകരണങ്ങളുടെ തൊണ്ടകളില്‍ നിന്നു പുറപ്പെടുവിച്ചത്. ക്ലിനിക്കല്‍ എക്യുപ്‌മെന്റുകളുടെ മന്ദ്രസ്ഥായിയിലുള്ള നാദങ്ങളാല്‍ പിരിമുറുക്കമേറ്റേണ്ടിയിരുന്ന രംഗങ്ങളെപ്പോലും ഉച്ചസ്ഥായിയിലുള്ള കലപിലകളാല്‍ കശക്കിക്കളഞ്ഞൂ അദ്ദേഹം.

തെറ്റുകുറ്റങ്ങള്‍ പൊറുക്കാം. നല്ലൊരു ശ്രമത്തിന് പിന്തുണ നല്‍കാം. ഈ സിനിമ കാണുക. കാലത്തിന്റെ കൊള്ളരൂപങ്ങളെ തിരിച്ചറിയുക.

[jwplayer mediaid=”122395″]

DONT MISS
Top