യുവേഫ പുരസ്‌കാര അന്തിമ പട്ടികയില്‍ മെസി ഇടംപിടിച്ചില്ല

യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള യുവേഫ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ലയണല്‍ മെസ്സിക്ക് ഇടം പിടിക്കാനായില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആര്യന്‍ റോബനും മാനുവല്‍ ന്യൂയറുമാണ് അവസാന പട്ടികയിലെത്തിയ മൂന്ന് പേര്‍.

ജുലൈയില്‍ പ്രഖ്യാപിച്ച പത്ത് പേരുടെ നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് ലോകത്തെ പ്രമുഖ കായിക ലേഖകരാണ് അവസാന മൂന്ന് താരങ്ങളെ തെരഞ്ഞെടുത്തത്. ബാലന്‍ ഡി ഓര്‍ പുരസ്‌കാര ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍കീപ്പറായ ജര്‍മ്മനിയുടെ മാനുവല്‍ ന്യൂയറും മിഡ്ഫീല്‍ഡറായ ഹോളണ്ടിന്റെ ആര്യന്‍ റോബനുമാണ് മത്സരത്തിനുള്ളത്. ലോകകപ്പിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ ഗോള്‍ വലയില്‍ അസാമാന്യ മികവ് പ്രകടമാക്കിയ ന്യൂയര്‍ ബയേണിന്റെ ബുണ്ടസ് ലീഗ് വിജയത്തിലും നിര്‍ണായക പങ്ക് വഹിച്ചു.

ലോകകപ്പിലേയും ലീഗിലേയും പ്രകടനങ്ങളാണ് ആര്യന്‍ റോബനേയും അവാസാന മൂന്നില്‍ എത്തിക്കുന്നത്. അതേസമയം, ലോകകപ്പില്‍ നിറം മങ്ങിയ റൊണാള്‍ഡോക്ക് ചാമ്പ്യന്‍സ് ലീഗിലും കോപ്പ ഡെല്‍റേയിലും പ്രകടമാക്കിയ മികവാണ് തുണയാകുന്നത്. ലയണല്‍ മെസ്സിക്ക് പുറമെ ഏയ്ഞ്ചല്‍ ഡി മരിയ, ഡീഗോ കോസ്റ്റ, ലൂയി സുവാരസ്, ഫിലിപ് ലാം, ജയിംസ് റോഡ്രിഗസ്, തോമസ് മ്യൂളര്‍ എന്നിവരാണ് പത്ത് പേരുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. ഈ മാസം 28ന് മൊണാക്കോയിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. 54 പേരടങ്ങുന്ന പാനലാണ് അവസാന മൂന്ന് പേരില്‍ നിന്ന് യൂറോപ്പിന്റെ താരത്തെ കണ്ടെത്തുന്നത്.

DONT MISS
Top