ബംഗാളില്‍ കിഴങ്ങ് ലഹള

കൊല്‍ക്കൊത്ത: പശ്ചിമബംഗാളിലെ ഉരുളക്കുഴങ്ങ് ലഹള സംസ്ഥാനാന്തര സുരക്ഷാ പ്രശ്‌നമായി മാറുന്നു. ഒഡീഷയിലേക്കുള്ള ഉരുളക്കിഴങ്ങ് ട്രക്കുകള്‍ പശ്ചിമബംഗാള്‍ പിടിച്ചെടുത്തതോടെ മീനും മുട്ടയും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഒഡീഷയിലെ ബിജു ജനതാദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് തിരികെ അയയ്ക്കുകയാണ്.

ആറു സംസ്ഥാനങ്ങളിലേക്ക് ഉരുളക്കിഴങ്ങ് കയറ്റിഅയയ്ക്കുന്ന പശ്ചിമബംഗാള്‍ കഴിഞ്ഞയാഴ്ചയാണ് കയറ്റുമതി പൂര്‍ണമായും നിര്‍ത്താന്‍ ഉത്തരവിട്ടത്. ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കുന്നതിന്റെ ഭാഗമായി ഒഡീഷയിലേക്കും ഝാര്‍ഖണ്ഡിലേക്കും കിഴങ്ങ് അയയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു.
നിര്‍ദേശം മറികടന്ന് കിഴങ്ങുമായി പോയ 119 ട്രക്കുകള്‍ പിടികൂടുകയും ബംഗാളിലെ നാലു മാര്‍ക്കറ്റുകളില്‍ ഇവ എത്തിച്ച് കിലോയ്ക്ക് 14 രൂപ നിരക്കില്‍ വില്‍ക്കുകയും ചെയ്തു. ഉരുളക്കിഴങ്ങിന് ബംഗാളിനെ മാത്രം ആശ്രയിച്ചിരുന്ന ഒഡീഷയില്‍ ഇതോടെ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ബിജു ജനതാദള്‍ പ്രവര്‍ത്തകര്‍ ബംഗാളിലേക്ക് മീനും മുട്ടയും കയറ്റിവന്ന 1000 ലോറികള്‍ തടഞ്ഞിട്ടു.
ഇരുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ചരക്കുകള്‍ കടത്തിവിടാന്‍ ധാരണയായി. ഒഡീഷയില്‍ നിന്ന് മീനും മുട്ടയും കയറ്റിയ മുഴുവന്‍ ലോറികളും ബംഗാളില്‍ പ്രവേശിച്ചെങ്കിലും കിഴങ്ങുമായി ബംഗാളില്‍ നിന്ന് ആറു ലോറികള്‍ മാത്രമാണ് 48 മണിക്കൂര്‍ പിന്നിട്ടിട്ടും ഒഡീഷയില്‍ എത്തിയത്. ഇതോടെ ഇന്നു മുതല്‍ പ്രക്ഷോഭം ആരംഭിക്കാനും ബംഗാളിലേക്കുള്ള എല്ലാ ചരക്കുകളും തടയാനും ബിജു ജനതാദള്‍ നീക്കം നടത്തുന്നുണ്ട്. ഉരുളക്കിഴങ്ങിന് വന്‍തോതില്‍ വില ഉയര്‍ന്നതോടെ സ്വന്തം സംസ്ഥാനത്ത് വില കുറയ്ക്കാനാണ് മമത മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വില്‍പന തടഞ്ഞത്.

DONT MISS
Top