സിന്‍ഡിക്കറ്റ് ബാങ്ക് അഴിമതി: അന്വേഷണം മറ്റു ബാങ്കുകളിലേക്കും

ദില്ലി: രാജ്യത്തെ എല്ലാ പൊതു മേഖലാ ബാങ്കുകളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ക്കു മേല്‍ വരും ദിവസങ്ങളില്‍ അന്വേഷണം ഉണ്ടായേക്കും എന്നു സൂചന. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബാങ്കുകളുടെ കിട്ടാക്കടം അഥവാ നോണ്‍ പെര്‍ഫോമിങ് അസറ്റ് വര്‍ധിച്ചത് അനധികൃത ഇടപാടുകളിലൂടെ ആണ് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.

ബാങ്കുകളുടെ കിട്ടാക്കടം കൂടുന്നതിനു പിന്നിലെ അഴിമതി അന്വേഷിക്കണം എന്ന് റിസര്‍വ് ബാങ്കും ധനമന്ത്രാലയവും ആറുമാസം മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. ഈടും രേഖകളും പരിശോധിക്കാതെ വായ്പ അനുവദിച്ച് പലരും കോടികള്‍ സമ്പാദിക്കുന്ന എന്ന സൂചനകളെ തുടര്‍ന്നായിരുന്നു ഇത്. പൊതുമേഖലാ ബാങ്കുകളുടെ തലവന്‍മാര്‍ അഴിമതിക്ക് വേഗത്തില്‍ വഴിപ്പെടുന്നത് ശമ്പളത്തിലെ അന്തരം കൊണ്ടാണെന്ന് റിസര്‍വ് ബാങ്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ അധ്യക്ഷ ചന്ദാ കൊച്ചാറിന് ഒരു വര്‍ഷം ശമ്പളമായി 5.23 കോടി രൂപ ലഭിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ ചെയര്‍മാന് ലഭിക്കുന്നത് 36 ലക്ഷം രൂപ മാത്രമാണ്. ആക്‌സിസ് ബാങ്ക് സിഇഒ ശിഖാ ശര്‍മ്മ 3.25 കോടി രൂപയും വാര്‍ഷിക ശമ്പളം വാങ്ങുന്നു.ചുമതലയേറ്റ് ഏഴുമാസം കൊണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്ബിഐ ചെയര്‍പഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യക്ക് ലഭിച്ചത് 11 ലക്ഷം രൂപ മാത്രമായിരുന്നു.

എസ്ബിടിയുടെ ഡപ്യൂട്ടി എംഡി ശ്യാമള്‍ ആചാര്യയെ 100 കോടി വായ്പ അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. 1991ല്‍ യൂക്കോ ബാങ്ക് ചെയര്‍മാന്‍ കെ എം മാര്‍ക്കണ്‌ഡേയയാണ് കൈക്കൂലി കേസില്‍ അറസ്റ്റിലാകുന്ന ആദ്യ പൊതു മേഖലാ ബാങ്ക് തലവന്‍. ഹര്‍ഷദ് മേത്ത കേസുമായി ബന്ധപ്പെട്ട് ആയിരുന്നു അത്.

DONT MISS
Top