കള്ളനും പൊലീസും കഥ, അല്ലെങ്കില്‍ വി(അ)ക്രമാദിത്യന്‍

മമ്മൂട്ടിമായി കൈകോര്‍ത്ത് മറവത്തൂര്‍ കനവുമായി മലയാളസിനിമയില്‍ അരങ്ങേറിയ ലാല്‍ ജോസാണ് വിക്രമാദിത്യന്റെ അമരത്ത്. അറബിക്കഥ, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ വിജയകഥകള്‍ക്ക് ശേഷം ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കിയ ചിത്രം കൂടിയാണ് വിക്രമാദിത്യന്‍.

അറബിക്കഥയില്‍ കണ്ട മിനിമം കൈയൊതുക്കമോ ഇന്ത്യന്‍ പ്രണയകഥയില്‍ കണ്ട പതിവെങ്കിലുമായ മര്യാദയോ ഇവിടെ കാണാനില്ല. നാട്ടുകാര്‍ പറഞ്ഞുപരക്കുന്നതുപോലെ, എല്ലാ അര്‍ത്ഥത്തിലും അക്രമാദിത്യനായിപ്പോയിട്ടുണ്ട് ഈ വിക്രമാദിത്യന്‍. പിന്നെ ഇതരപടങ്ങളുടെ അക്രമം ഇതിലും കഠിനമായതുകൊണ്ട് എല്ലാം പൊറുക്കുന്ന പ്രേക്ഷകസമൂഹം ഈ അക്രമത്തിന് അറിഞ്ഞുകൊണ്ടു തലവച്ചു വന്‍ വിജയം സമ്മാനിക്കുമെന്നാണ് ഊഹിക്കേണ്ടത്. അതു നന്നായി. സിനിമ നശിച്ചാലും സിനിമാവ്യവസായത്തിന് ഒരു കുഴപ്പവും വരരുത്.

ന്യൂ ജനറേഷന്‍ എന്ന വിചിത്രഭാവനാലോകം അതിന്റെ ധര്‍മ്മം നിര്‍വ്വഹിച്ചു മടങ്ങിയെന്ന് ഉറപ്പാക്കാം. കാരണം, ഓം ശാന്തി ഓമും 1983ഉം ബാംഗളൂര്‍ ഡേയ്‌സും ഹൗ ഓള്‍ഡ് ആര്‍ യൂവും ഇപ്പോഴീ വിക്രമാദിത്യനുമൊക്കെയായി മലയളസിനിമ അതിന്റെ ചിരപുരാതനമായ ആ പാതയില്‍ത്തന്നെ തിരിച്ചെത്തിയിരിക്കുന്നു. വളവുകളും തിരിവുകളും പിരിവുകളും ഉള്‍പ്പിരിവുകളും കൊടും ട്വിസ്റ്റുകളും അഗാധഗര്‍ത്തങ്ങളുമൊക്കെയുള്ള ആ പഴയ പുത്തൂരം അടവുതന്നെ എല്ലാവരും വീണ്ടും എടുത്തു പയറ്റിത്തുടങ്ങിയിരിക്കുന്നു. ഡയമണ്ട് നെക്ലസിലൂടെയും അയാളും ഞാനും തമ്മിലൂടെയും അല്‍പ്പമൊരു ന്യൂജനറേഷന്‍ ച്ഛായയില്‍ പണിതുതുടങ്ങിയ ലാല്‍ ജോസ് തിരികെ പഴയ ലാവണം പുല്‍കുന്നതിന്റെ നല്ല തെളിവുകൂടിയാണ് വിക്രമാദിത്യന്‍.

ഒരുപാടു കണ്ടുമടുത്ത ഒരു കള്ളനും പൊലീസും കഥയാണ് ഇത്തവണ ഇക്ബാല്‍ കുറ്റിപ്പുറം ലാല്‍ജോസിനായി തപ്പിയൊരുക്കിയെടുത്തിരിക്കുന്നത്. പോലീസിന്റെ വേഷം കെട്ടിനടന്ന വലിയൊരു കള്ളനും അവനെ പൂട്ടി നാണംകെടുത്തിയ ഒരു പോലീസും. രണ്ടാളുടെയും മക്കള്‍ പൊലീസാകാന്‍ ആഗ്രഹിക്കുന്നു. അതിലൊരാള്‍ ആകുന്നു. മറ്റേയാള്‍ പോകുന്നു. പിന്നെ കഥയെങ്ങനെ കാടുകയറി മൂടു മറക്കുന്നുവെന്നു തിരിയണമെങ്കില്‍ പടം കണ്ടുതന്നെ അനുഭവിക്കണം.

കുട്ടികളെയുറക്കാന്‍ അച്ഛനമ്മമാര്‍ തല്‍ക്കാലം തട്ടിക്കൂട്ടിയെടുക്കുന്ന പോലൊരു കഥയാണിത്. കള്ളനായ പൊലീസ് വനിതാ പോലീസിനെ കെട്ടുന്നതും മറ്റും ജനം വിശ്വസിക്കാന്‍ വേണ്ടി ഇടയ്ക്ക് യുക്തിഭദ്രമെന്നു തോന്നിക്കുന്ന ഒരു ഡയലോഗു തിരുകി ശരിയാക്കിയിരിക്കുകയാണ്. വിക്രമന്റെയും ആദിത്യന്റെയും കഥയും അവരുടെ കൂട്ടുകാരിയുടെ കഥയുമെല്ലാം ഇരുട്ടുകൊണ്ടുള്ള ഓട്ടയടയ്ക്കലുകളാല്‍ സമ്പന്നം. എത്ര ഇരുട്ടുരുട്ടിയടച്ചിട്ടും അടയാത്ത ഓട്ടയായി ക്ലൈമാക്‌സ് സീക്വന്‍സുകള്‍ കാണികളുടെ ക്ഷമയെയും യുക്തിബോധത്തെയും വെല്ലുവിളിച്ചുകൊണ്ട് പല്ലിളിച്ചു നില്‍ക്കുന്നു. ലോകത്ത് ഈ നാട്ടില്‍ മാത്രമേ ഇമ്മാതിരി സിനിമയുണ്ടാകൂ. കാരണം, ഇന്നാട്ടില്‍ മാത്രമേ ഇത്തരം പമ്പരവിഡ്ഢിത്തങ്ങള്‍ കേട്ടാലും ജനം പോട്ട്, വിശ്വസിക്കുന്ന മാതിരി അഭിനയിച്ചേക്കാം എന്നു പറയൂ.

ഒച്ചയും ഓളിയും ആട്ടവും ആരവവും നിറച്ച് ഒരു ഉത്സവപ്രതീതി നല്‍കിയൊരുക്കിയിരിക്കുകയാണ് വിക്രമാദിത്യനെ ലാല്‍ജോസ്. ചില ഹോട്ടലുകളില്‍ കറികളിലെ ഇതരരുചിപ്പിഴവുകള്‍ അറിയാതിരിക്കാന്‍ മുളകോ ഉപ്പോ ഒക്കെ വാരിക്കോരി പൂശുന്നതുപോലെ, നിറങ്ങളും ബഹളങ്ങളും കൊണ്ട് ഒരു കൃത്രിമമായ പ്രകമ്പനം ഉണ്ടാക്കിയിരിക്കുകയാണ് ഈ സിനിമയില്‍. ആവശ്യമേയില്ലാത്ത ആ ഒച്ചകളും ഓരിയിടലുകളും എടുത്തുമാറ്റിയാല്‍ വിക്രമാദിത്യന്‍ വിക്രിയാദിത്യനല്ലാതെ മറ്റൊന്നുമല്ലാതെ മാറും.

ചടുലമായി രംഗങ്ങളൊരുക്കുന്നതിലും അതിന് കാഴ്ചാസൗന്ദര്യം പകരുന്നതിലും ലാല്‍ ജോസിലെ സമര്‍ത്ഥസംവിധായകനുള്ള പാടവം ഈ ചിത്രത്തിലും കാണാനുണ്ട്. അതുമാത്രമാണ് ഈ സിനിമയെ പല്ലുകടിച്ചെങ്കിലും കണ്ടിരിക്കാവുന്നതാക്കുന്നത്.

[jwplayer mediaid=”119128″]

ദുല്‍ഖര്‍ സല്‍മാന്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. അച്ഛനോ അമ്മയോ രണ്ടുപേരുമോ ശരിയല്ലാത്തതുകൊണ്ട് വഴിപിഴച്ചുപോയ പുത്രന്‍. അവന്‍ ബഹുസുന്ദരനും മിടുക്കനുമാണ്. ഒടുക്കം. അവന്‍ വന്‍വിജയം വരിക്കുന്നു. ജീവിതം തന്നെ എന്തുപഠിപ്പിച്ചു എന്ന മട്ടിലുള്ള ദാര്‍ശനികപ്പെരുമഴയിലൂടെ, ഒരു ടിപ്പിക്കല്‍ വിജയമന്ത്രട്രാക്ക്. സെക്കന്റ് ഷോ ആയാലും നീലക്കടല്‍ പച്ചഭൂമിയായാലും ബാംഗളൂര്‍ ഡേയ്‌സായാലും സംഗതിയുടെ അടിസ്ഥാനപരമായ ഗതി ഇതുതന്നെ. ഇവിടെയും ദുല്‍ക്കര്‍ തന്റെയാ സ്ഥിരം വേഷം അധികം പരിക്കില്ലാതെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ഒരു താരമായി മാറുന്നതിനുള്ള കായികാഭ്യാസവും മാനറിസങ്ങളും പേശിവിറപ്പിക്കലുകളുമൊക്കെ പഠിച്ചുപാസായിരിക്കുന്നു ദുല്‍ഖര്‍.

ഉണ്ണി മുകുന്ദനും തന്റെ ഏല്‍പ്പിച്ച വിക്രമന്റെ പണി അക്രമമില്ലാതെ ചെയ്തിട്ടുണ്ട്. അഴകുള്ള ശരീരവും മുഖവും കൊണ്ട് താരസിംഹാസനമില്ലെങ്കില്‍ വേണ്ട, ഒരു താരക്കസേരയെങ്കിലും നേടിയെടുക്കാന്‍ ഉണ്ണിയെ ഈ സിനിമയും ഇതിലെ പ്രകടനവും സഹായിച്ചേക്കും. നായികാവേഷത്തിലെത്തുന്ന നമിതാ പ്രമോദിന് കാര്യമായി അഭിനയിച്ച് മറിക്കേണ്ട ആവശ്യമൊന്നുമില്ല. ഒതുങ്ങിനിന്ന് നാലു ഡയലോഗു പറയുകയും ഇടയ്ക്കിടെ മനോഹരമായി പുഞ്ചിരിക്കുകയും ചെയ്താല്‍ കഥാപാത്രമായി. അത് നമിത, പഴയ കോഴിക്കോടന്‍ ശൈലിയില്‍ പറഞ്ഞാല്‍ ഒപ്പിച്ചുമാറി.

ലെന, അനൂപ് മേനോന്‍, ജോയ് മാത്യു തുടങ്ങിയ ഇതരതാരങ്ങള്‍ പതിവുവേഷങ്ങളില്‍ പലപാടു പകര്‍ന്നാടി. റഫീക്ക് അഹമ്മദിന്റെ ചില വരികള്‍ നിലവാരം പുലര്‍ത്തുന്നതാണ്. എങ്കിലും മിക്ക പാട്ടുകളും പടം തീരുമ്പോള്‍ മറവിയില്‍ മായും. മിഷ്‌കിന്‍ സംവിധാനം ചെയ്ത അഞ്ജാതേ എന്ന ചിത്രത്തിലെ കള്ളനും പോലീസും കൂട്ടുകാരെ ശക്തമായി ഓര്‍മിപ്പിക്കുകയും ചെയ്യുന്നു വിക്രമാദിത്യന്‍.

നിവിന്‍ പോളി രംഗത്തുവന്ന് ആദിത്യന്‍ എങ്ങനെ വിജയവൈജയന്തിമാലയായി മാറി എന്നു വിശദീകരിക്കുന്ന കുറേ നേരമുണ്ട് പടത്തില്‍. ക്ഷമയുടെ നെല്ലിപ്പലകയെടുത്ത് കാണികള്‍ സ്വന്തം തലയ്ക്കടിക്കുന്ന നിമിഷങ്ങളാണവ. ഞാന്‍ പഠിക്കുമ്പോള്‍ അവന്‍ തെരുവില്‍ പണിയെടുക്കുകയായിരുന്നു. രാത്രിയില്‍ ഒരു എട്ടേമുക്കാലു തൊട്ട് എട്ടമ്പതു വരെ അവന്‍ എന്റെ പുസ്തകങ്ങളെടുത്തു മറിച്ചുനോക്കും. എന്നിട്ടും അവന്‍ ജയിച്ചു. ജയിച്ചുതൊപ്പിയിട്ടു എന്നെല്ലാം അടിച്ചുവിടുമ്പോള്‍ തോല്‍ക്കുന്നത് സിനിമയും കാശുകൊടുത്തു കാണാന്‍ വന്നവരും മാത്രം. അക്രമാദിത്യന്‍. മറ്റൊന്നും പറയാനില്ല.

DONT MISS
Top