കോമണ്‍വെല്‍ത്ത് ഗെയിംസ്: അത്‌ലെറ്റിക്‌സില്‍ ടിന്റുലൂക്ക ഇന്നിറങ്ങും

കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷകളുമായി ടിന്റു ലൂക്കയും വികാസ് ഗൗഡയും ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 11.20നാണ് ടിന്റു ലൂക്കയുടെ 800 മീറ്റര്‍ സെമി നടക്കും. ഡിസ്‌കസ് ത്രോ മത്സരങ്ങള്‍ രാത്രി പത്തരക്ക് ആരംഭിക്കും.

മലയാളത്തിന്റെ അത്‌ലറ്റിക് പ്രതീക്ഷകളുമായാണ് ടിന്റു ലൂക്ക ഹാംടെണ്‍ പാര്‍ക്ക് സ്റ്റേഡിയത്തിലെ ട്രാക്കില്‍ സ്‌പൈക്കണിഞ്ഞെത്തുക. ആദ്യ റൗണ്ടിലെ ടിന്റുവിന്റെ വേഗതയാര്‍ന്ന പ്രകടനം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ടിന്റുവിന്റെ പതിവ് പാളിച്ചയെന്ന് എല്ലായ്‌പ്പോഴും വിലയിരുത്തപ്പെടുന്ന ആദ്യ ലാപ്പിലെ കുതിപ്പും പിന്നീടുള്ള കിതപ്പും സ്‌കോട്ട്‌ലന്റിലും ദൃശ്യമായി.

അവസാന 200 മീറ്ററുകളില്‍ ഏങ്ങി വലിയുന്ന ടിന്റു അതേ തന്ത്രം തന്നെ ആവര്‍ത്തിക്കുകയാണെങ്കില്‍ സെമി പോരാട്ടം കടുത്തതാകും. സെമി ഫൈനലിലേക്ക് യോഗ്യത നേടിയ 16 പേരില്‍ ടിന്റു ആറാം സ്ഥാനത്തുണ്ട്. ഹീറ്റ്‌സിലെ പ്രകടനം വെച്ച് പരിശോധിച്ചാല്‍ ഫൈനല്‍ പ്രവേശം ടിന്റുവിന് കീറാമുട്ടിയല്ല.

വികാസ് ഗൗഡയിലൂടെ ഡിസ്‌കസ് മെഡല്‍ ഉറപ്പിച്ചാണ് ഇന്ത്യന്‍ ആരാധകര്‍ അത്‌ലറ്റിക് സ്റ്റേഡിയത്തിന്റെ ഗ്യാലറികളില്‍ ഇരിപ്പുറപ്പിക്കുന്നത്. ദില്ലി ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവായ ഗൗഡയാണ് യോഗ്യതാ ഘട്ടത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ യോഗ്യതാ ഘട്ടം കടക്കാന്‍ കൃഷ്ണാ പൂനിയയും സീമാ ആന്‍രിലും ഇന്നിറങ്ങുന്നുണ്ട്. 200 മീറ്റര്‍ ഫൈനല്‍ പോരാട്ടങ്ങളും ഇന്ന് നടക്കും.

DONT MISS
Top