കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണാഭമായ തുടക്കം

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയില്‍ വര്‍ണ്ണാഭമായ തുടക്കം. കോമണ്‍വെല്‍ത്ത് ദീപശിഖക്കുള്ളിലെ സ്വന്തം സന്ദേശം വായിച്ച് എലിസബത്ത് രാജ്ഞിയാണ് ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

നാല്‍പ്പതിനായിരം കാണികള്‍ തിങ്ങി നിറഞ്ഞ സെല്‍റ്റിക് പാര്‍ക്ക് സ്റ്റേഡിയത്തെയും കാത്തിരുന്ന 71 കോമണ്‍വെല്‍ത്ത് രാജ്യങ്ങളെയും സ്‌കോട്‌ലന്‍ഡ്കാര്‍ അതിശയിപ്പിച്ചു. ഇടമുറിയാത്ത സംഗീതവും നൃത്തവും സമന്വയിപ്പിച്ചായിരുന്നു രണ്ടായിരം കലാകാരന്‍മാര്‍ സെല്‍റ്റിക് പാര്‍ക്കിനെ ആഘോഷ രാവാക്കിയത്. സ്‌കോട്‌ലന്റിന്റെ ചരിത്രം പറയുന്ന നൃത്തരൂപവുമായാണ് ചടങ്ങ് ആരംഭിച്ചത്. പിന്നാലെ ഇവാന്‍ മക്ഗ്രിഗാറും കരണ്‍ ഡണ്‍ബാറും ജോണ്‍ബോറോമോനും മൈതാനം കീഴടക്കി. വിഖ്യാത ഗായിക സൂസന്‍ ബോയെ കൂടി എത്തിയതോടെ അരങ്ങ് കൊഴുത്തു

ഇന്ത്യയായിരുന്നു സെല്‍റ്റിക് പാര്‍ക്കിനെ അഭിവാദ്യം ചെയ്‌തെത്തിയ ആദ്യ സംഘം.വിജയ് കുമാറിന് പിന്നാലെ 215 അംഗ സംഘം മൈതാനം വലം വെച്ചു.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ കാത്തിരുന്ന ആരാധകരെ നിരാശരാക്കി നേരത്തെ റെക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെയാണ് സച്ചിനെത്തിയത്.

എംഎച്ച് 17 വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി മൗനാനുചരണം നടത്തിയ ശേഷമായിരുന്നു അവസാന രാജ്യമായി ആതിഥേയരായ സ്‌കോട്‌ലാന്റ് എത്തിയത്.ഒടുവില്‍ എലിസബത്ത് രാജ്ഞി ഉദ്ഘാടനം പ്രഖ്യാപിച്ചതോടെ സ്റ്റേഡിയം വര്‍ണപ്രഭയില്‍ മുങ്ങി

ആഘോഷങ്ങള്‍ക്ക് വിട പറഞ്ഞ് ഗ്ലാസ്‌ഗോ ഇന്ന് മത്സരങ്ങളിലേക്ക് കടക്കും.ഇന്ത്യന്‍ പ്രതീക്ഷയായ 48 കിലോ ഗ്രാം വനിതാ വിഭാഗത്തിലും 58 കിലോഗ്രാം പുരുഷ വിഭാഗത്തിലും ഇന്ന് മെഡല്‍ നിശ്ചയിക്കപ്പെടും.ബാഡ്മിന്റണിലും ഇന്ത്യ ഇന്ന് മത്സരിക്കാനിറങ്ങും.

[jwplayer mediaid=”117019″]

DONT MISS
Top