കോമണ്‍വെല്‍ത്തില്‍ മിന്നല്‍പിണറാകാന്‍ ബോള്‍ട്ട് എത്തുന്നു

100 മീറ്ററിലെ ലോക റെക്കോര്‍ഡിന് ഉടമയായ ഉസൈന്‍ ബോള്‍ട്ടും ദീര്‍ഘ ദൂര ഇനങ്ങളിലെ ഡബിള്‍ ഒളിംപിക് ചാമ്പ്യനായ ബ്രിട്ടന്റെ മോ ഫറായുമാണ് ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തുന്ന പ്രധാന താരങ്ങള്‍. 800 മീറ്ററില്‍ ഇറങ്ങുന്ന കെനിയയുടെ ഡേവിഡ് റുഡിഷയുടെയും ഒളിംപിക് ചാമ്പ്യന്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസറിന്റെയുമെല്ലാം സാന്നിധ്യം മേളയുടെ തിളക്കമേറ്റും.

ആറ് ഒളിംപിക് മെഡലുകള്‍ എട്ട് ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍ ഉസൈന്‍ ബോള്‍ട്ട് എന്ന അതികായന്‍ ട്രാക്കിലിറങ്ങിയാല്‍ ശരിക്കും മിന്നല്‍ പിണറാണ്. ആ മികവിനൊപ്പം ഒരു കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ കൂടി ചേര്‍ത്തുവെക്കാനുറച്ചാണ് ബോള്‍ട്ട് ഗ്ലാസ്‌ഗോയിലെത്തിയിരിക്കുന്നത്. എന്നാല്‍ 4 ഗുണം 100 മീറ്റര്‍ റിലേയില്‍ മാത്രമേ ഗ്ലാസ്‌ഗോയില്‍ ബോള്‍ട്ടിന്റെ കാലുകളിലെ തീപ്പൊരി കാണാനാകൂ. പരുക്കുകാരണം സെലക്ഷന്‍ ട്രെയല്‍സില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിനാലാണ് 100 മീറ്ററിലും 200 മീറ്ററിലും മത്സരിക്കാനുള്ള അവസരം ബോള്‍ട്ടിന് നഷ്ടമായത്.

ദില്ലിയില്‍ നടന്ന പത്തൊന്‍പതാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോള്‍ട്ട് പങ്കെടുത്തിരുന്നില്ല. അതുകൊണ്ടു തന്നെ ഗ്ലാസ്‌ഗോയില്‍ തന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണ് ഈ ഇരുപത്തിയേഴുകാരന്‍ ലക്ഷ്യം വെക്കുന്നത്. വയറുവേദന വലച്ച ദിവസങ്ങള്‍ക്ക് ശേഷം ട്രാക്കിലേക്ക് തിരിച്ചെത്തുന്ന ബ്രിട്ടന്റെ മോ ഫറ ഇരട്ട സ്വര്‍ണവുമായി മടങ്ങാനാണ് എത്തിയിരിക്കുന്നത്. ബെയ്ജിംഗിലും ലണ്ടനിലും ഒളിംപിക് സ്വര്‍ണവുമായി മടങ്ങിയ ഫറായ്ക്ക് 5000 മീറ്ററിലും 10000 മീറ്ററിലും സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാന്‍ പോലുമാകില്ല. ബോള്‍ട്ടിനെപോലെ തന്നെ 100 മീറ്ററിലെ ജമൈക്കന്‍ വനിതാ തീപ്പൊരി ഷെല്ലി ആന്‍ ഫ്രേസറും റിലേ മത്സരത്തില്‍ മാത്രമാണ് കോമണ്‍വെല്‍ത്ത് വേദിയില്‍ ട്രാക്കിലിറങ്ങുക.

800 മീറ്ററില്‍ ഈ വര്‍ഷത്തെ മികച്ച സമയം കുറിച്ച കെനിയയുടെ ഡേവിഡ് റുഡിഷയും പരുക്കില്‍ നിന്ന് മോചിതനായി ഗ്ലാസ്‌ഗോയിലെത്തിയത് മേളയുടെ നിറം കൂട്ടുന്നു. ഇവരെ കൂടാതെ സൈക്ലിംഗില്‍ ബ്രിട്ടന്റെ ബ്രാഡ് ലി വിഗ്ഗിന്‍സിന്റെയും നീന്തല്‍ കുളത്തിലെ ഓസീസ് പ്രതീക്ഷയായ ജെയിംസ് മാഗ്‌നെസ്സന്റെയും ഹെപ്റ്റാത്‌ലണില്‍ ഇംഗ്ലണ്ടിന്റെ കാതറീന ജോണ്‍സണ്‍ തോംപ്‌സണിന്റെയുമെല്ലാം സാന്നിധ്യം കോമണ്‍വെല്‍ത്ത് വേദിക്ക് തിളക്കമേകും.

DONT MISS
Top