വിദ്യയുടെ പകര്‍ന്നാട്ടങ്ങള്‍ നിറഞ്ഞ ബോബി ജാസൂസ്

അഭിനയത്തിനുള്ള ദേശീയപുരസ്‌കാരം വിദ്യാബാലനു സമ്മാനിച്ച ചിത്രമാണു ഡേര്‍ട്ടി പിക്ചര്‍. അതിനുശേഷം അഭിനയമികവിലൂടെയും കഥാപാത്രത്തിന്റെ കരുത്തിലൂടെയും ദേശീയശ്രദ്ധ വീണ്ടും തന്നിലേക്കാകര്‍ഷിക്കുവാന്‍ വിദ്യാബാലനെ സഹായിച്ച ചിത്രമാണ് കഹാനി. ഈ രണ്ടു സിനിമകള്‍ക്കും ശേഷം വീണ്ടും ഒരു നായികാപ്രാധാന്യചിത്രവുമായിട്ടാണ് വിദ്യ എത്തിയിരിക്കുന്നത്. അതാണ് ബോബി ജാസൂസ്.

സമര്‍ഷെയ്ക് സംവിധാനം ചെയ്തിരിക്കുന്ന ബോബി ജാസൂസ് എന്ന സിനിമ രണ്ടുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു സസ്‌പെന്‍സ് ത്രില്ലറാണ്. ബിള്‍ക്കീസ് എന്ന ബോബിയായാണ് വിദ്യാബാലന്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. രഹസ്യങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന ഒരു അന്വേഷണതല്‍പ്പരയായിട്ടാണ് വിദ്യയുടെ കഥാപാത്രം രൂപപ്പെടുത്തിയിരിക്കുന്നത്. കാണാതാകുന്ന പെണ്‍കുട്ടികള്‍ എന്ന സമകാലികമായ ഒരു സാമൂഹികപ്രശ്‌നത്തിനു നേരേ തിരിച്ചുവച്ച കണ്ണാടിയാണ് ഈ സിനിമ എന്നും വേണമെങ്കില്‍ പറയാം. കണ്ണാടി അത്ര തിരിഞ്ഞിട്ടില്ലെങ്കില്‍പ്പോലും.

ഡിറ്റക്ടീവ് നോവലിനോട്, അപസര്‍പ്പകഭാവനയോട് മനുഷ്യര്‍ക്കുള്ള താല്‍പര്യം കുറ്റകൃത്യങ്ങളുടെയും നിഗൂഢതകളുടെയും ലോകത്തിലേക്ക് പ്രവേശിക്കാനുള്ള മനുഷ്യന്റെ ഭീതികലര്‍ന്ന് ആവേശത്തിന്റെ ഫലമാണ്. അത്തരം ഭാവനയുടെ തലതൊട്ടപ്പന്‍ എന്നു പറയാനാകുന്നത് എഡ്ഗാര്‍ അലന്‍ പോയെയാണ്. പക്ഷേ, അത്തരം നിഗൂഢഗാഥകളുടെ മഹാഖ്യാതാവായി എന്നും ലോകം ആദരിക്കുന്നത് സര്‍ ആര്‍തര്‍ കോനന്‍ ഡോയലിനെയാണ്. ഡോയലിനെ വായിച്ചുവശംകെട്ട ഒരു വനിത ആ രംഗത്തേക്കു കടന്നുവന്നു. അവരാണ് അഗതാ ക്രിസ്റ്റി.

ഹെര്‍ക്യൂവിലെ പൊയ്‌റോട്ട് എന്ന ബെല്‍ജിയന്‍ അപസര്‍പ്പകനാണ് അഗതയുടെ കൃതികളിലൂടെ ഏറെ പ്രശസ്തനെങ്കിലും മിസ് മാര്‍പ്പിളെന്ന സാധാരണക്കാരിയായ ഒരു മദ്ധ്യവയസ്സു പിന്നിട്ട സ്ത്രീയെ, വീട്ടമ്മയെ നിഗൂഢതകള്‍ പൊളിക്കുന്ന അനൗദ്യോഗിക അപസര്‍പ്പകയായി അവര്‍ കൊണ്ടുവന്നിട്ടുണ്ട്. അതിനേക്കാള്‍ പ്രധാനം അവരുടെ മറ്റൊരു നോവലും അതിലെ നായികയുമാണ്. നേരിട്ട് ഒരു ഡിറ്റക്ടീവ് പ്രത്യക്ഷപ്പെടാത്ത തവിട്ടുകുപ്പായക്കാരന്‍ എന്ന നോവലാണത്. അതിലെ അന്ന എന്ന പെണ്‍കുട്ടിയുടെ സാഹസികനീക്കങ്ങളാണ് പ്രമേയം. കുറ്റകൃത്യത്തിന്റെ പിന്നാലെ ഒരു ധീരസാഹസികോന്മാദിനിയെപ്പോലെ പായുന്ന ആ അന്നയുടെ ഒരു വിദൂരനിഴല്‍ പോലെ വിരാജിക്കുന്നുണ്ട് ബോബി ജാസൂസിലെ വിദ്യാ ബാലന്റെ ബോബി.
വിദ്യാബാലന് മലയാളവുമായി ബന്ധമുണ്ടെങ്കിലും ബോബി ജാസൂസിന് മലയാളവുമായി പ്രത്യക്ഷബന്ധമൊന്നുമില്ല. വിദ്യാബാലന്‍ ഏതാണ്ടൊരു മലയാളിനിയാണെന്നു പറയാം. ലോഹിതദാസ് തിരക്കഥയെഴുതിയ കമല്‍ സംവിധാനം ചെയ്തുതുടങ്ങിയ മോഹന്‍ലാല്‍ ദിലീപ് സംഗമചിത്രമായ ശ്രീചക്രത്തിലാണ് അവര്‍ അഭിനയിച്ചു തുടങ്ങിയത്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ആ ചിത്രം പൂര്‍ത്തീകരിക്കപ്പെട്ടില്ല.

പിന്നീട്, പൃഥ്വിരാജ് നായകനായെത്തിയ ഉറുമിയിലൂടെ വിദ്യാബാലനെ മലയാളികള്‍ മലയാളസിനിമയില്‍ കണ്ടു.

ഒരു കൗതുകമെന്തെന്നുവച്ചാല്‍, അന്ന് ശ്രീചക്രമെന്ന പേരില്‍ ആലോചിച്ച കഥ പിന്നീടു ലോഹിതദാസ് ചക്രമെന്ന പേരില്‍ മാറ്റിച്ചെയ്തപ്പോള്‍ ആദ്യം മോഹന്‍ലാലിനായി കരുതിയ കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു.

പില്‍ക്കാലത്ത് ഹിന്ദിയില്‍ പേരെടുക്കാന്‍ സാധിച്ച വിദ്യാബാലന് ദേശീയപുരസ്‌കാരം നേടിക്കൊടുത്ത ഡേര്‍ട്ടി പിക്ചറില്‍ അവരവതരിപ്പിച്ച കഥാപാത്രത്തിനു മലയാളികളുടെയും കാമനാകല്‍പ്പനകളുടെ ഉടല്‍ച്ഛായയായിരുന്ന സില്‍ക്ക് സ്മിതയുടെ ആത്മച്ഛായയായിരുന്നു ഉണ്ടായിരുന്നത്.

[jwplayer mediaid=”114953″]

ബോബി ജാസൂസിന്റെ താരനിരയില്‍ മലയാളത്തിന്റെ ഓര്‍മ്മകളെയുണര്‍ത്തുന്ന രണ്ടു സാന്നിധ്യങ്ങളെ കണ്ടെത്താനാകും. ഒന്ന് സുപ്രിയാ പാഥക്കാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത അകലത്തെ അമ്പിളി എന്ന സിനിമയിലാണ് അക്കാലത്ത് ഹിന്ദിയിലെ സമാന്തരസിനിമകളിലെ സാന്നിദ്ധ്യമായിരുന്ന സുപ്രിയാ പാഥക് നായികയായെത്തിയത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍.

ആ സുപ്രിയാ പാഥക്കാണ് ബോബി ജാസൂസില്‍ വിദ്യാബാലന്റെ അമ്മ വേഷത്തിലെത്തുന്നത്. വിദ്യാബാലന്റെ ബന്ധുവായെത്തുന്ന മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന തന്വിത ആസ്മിയാണ്. തന്വിത ആസ്മിയാണ് വിധേയനില്‍ മമ്മൂട്ടി ഭാസ്‌കരപ്പട്ടേലരായി പകര്‍ന്നാടിയപ്പോള്‍ പട്ടേലരുടെ ഭാര്യയായ സരോജക്കയായത്.

വിദ്യാബാലന്റെ സാന്നിധ്യവും അഭിനയമികവും തന്നെയാണ് പടത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അതിനാടകീയമായ ചില നിമിഷങ്ങളൊക്കെ സിനിമയിലും അഭിനയമുഹൂര്‍ത്തങ്ങളിലുമുണ്ടെങ്കിലും പൊതുവേ, വിദ്യയുടെ പ്രകടനം അഭിനന്ദനീയമാണ്. പല്ലുപൊന്തിയ, വികൃതമുഖനായ കൈനോട്ടക്കാരനായും ജഡാധാരിയായ സന്ന്യാസിവര്യനായും ഫക്കീറായും ഒക്കെ പ്രച്ഛന്നരൂപങ്ങളില്‍ വിദ്യ നടത്തുന്ന പകര്‍ന്നാ ട്ടങ്ങള്‍, ഒരല്‍പ്പം ഉദാരാഭിരുചിയോടെ വീക്ഷിച്ചാല്‍ കൗതുകകരമാണ്. അത്തരം ഒരുപിടി വേഷപ്പകര്‍ച്ചകള്‍ വരുന്നുണ്ട്. അവാര്‍ഡ് ഇനി അന്തര്‍ദ്ദേ ശീയമാകാം എന്ന പകല്‍ക്കിനാവിലായിരിക്കാം താരത്തിന്റെ പിടി.

അന്തര്‍ദ്ദേശീയമെന്നു പറഞ്ഞത് ദേശീയം ഒരിക്കല്‍ കിട്ടിപ്പോയതുകൊണ്ടുമാത്രമല്ല. ദേശീയത്തിന് ഈ ഫാന്‍സിഡ്രസ്സ് ധാരാളം മതിയെന്നതുകൊണ്ടുമാണ്. കാരണം, ഇവിടെയെന്നും പ്രച്ഛന്നവേഷങ്ങള്‍ക്കും പൊയ്മുഖങ്ങള്‍ക്കുമാണല്ലോ ഭരതും ഉര്‍വ്വശിയും ശോഭനയും എല്ലാം നല്‍കിപ്പോന്നിട്ടുള്ളത്. അതിപ്പോള്‍ ഉലകനായകന്‍ കമല്‍ഹാസന്റെ അവ്വൈ ഷണ്മുഖിയായാലും മലയാളമഹാനടന്‍ മമ്മൂട്ടിയുടെ പൊന്തന്മാനടയായാലും ആറാം തമ്പുരാന്‍ മോഹന്‍ലാലിന്റെ കുഞ്ഞുകുട്ടനായാലും.

ഇതരകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവരും കഥാപാത്രങ്ങളോടും ഇതിവൃത്തസന്ദര്‍ഭങ്ങളോടും നീതിപുലര്‍ത്തി. അഭിനയത്തിന്റെ മാത്രം കാര്യം പറയുകയാണെങ്കില്‍ ടീം വര്‍ക്ക് എന്നു തോന്നിപ്പിക്കുന്ന വിധം ലയം എല്ലാവരും ചേര്‍ന്ന നടനഘടന നിലനിര്‍ത്തി.

വിശാല്‍ സിന്‍ഹയുടെ ക്യാമറ പകരുന്ന ദൃശ്യചാരുതയാണ് മറ്റൊരു ആകര്‍ഷകഘടകം. വൈകാരികമെന്നതിനേക്കാള്‍ ബുദ്ധിപരമായ ഛായചലനങ്ങള്‍ എന്ന് അദ്ദേഹത്തിന്റെ വര്‍ണവിന്യാങ്ങളെയും ക്യാമറാക്കോണുകളെയും നീക്കങ്ങളെയും വിശേഷിപ്പിക്കാം. അഴകു നല്‍കുകയും ഒപ്പം അനുഭവാത്മകമാക്കുകയും ചെയ്യുന്നുണ്ട് ബോബി ജാസൂസിനെ ക്യാമറാവേലയിലൂടെ അദ്ദേഹം.

ഗൗരവാവഹമായ ചലച്ചിത്രപദ്ധതികളുടെ ഭാവശില്‍പ്പത്തിന് രാഗചമല്‍ക്കാരം തീര്‍ക്കുന്ന ശന്തനു മൊയ്ത്രയാണ് ബോബി ജാസൂസിന്റെ സംഗീതസംവിധായകന്‍. തന്റെ ജോലി ശരാശരിക്കു മുകളിലായി ചെയ്തുതീര്‍ത്തുവെന്നും ചിത്രത്തിന്റെ ആകെത്തുകയ്ക്ക് ആ സംഭാവന ഗുണപരമായ ആക്കം നല്‍കിയിട്ടുണ്ടെന്നും മൊയ്ത്രയ്ക്ക് ആശ്വസിക്കാം. കേള്‍വിക്കാര്‍ക്കും ആശ്വാസമാകുന്നുണ്ട് അദ്ദേഹത്തിന്റെ ലയഭരിത നാദവിന്യാസങ്ങള്‍, രാഗവിതാനങ്ങള്‍.

ഉദ്വേഗഭരിതവും രസകരവുമാക്കുക എന്ന വെല്ലുവിളി, സംത്രാസത്തിന്റെയും നര്‍മം എന്ന അത്ര സാമാന്യമല്ലാത്ത കാര്യം ആവുംവണ്ണം മനോഹരമായും പ്രശംസനീയമായും മറികടന്നിട്ടുണ്ട് സംവിധായകന്‍.

സന്ദര്‍ഭങ്ങളുടെ കൂട്ടിയിണക്കത്തിനും രസനീയതാവര്‍ദ്ധനയ്ക്കും ശ്രമിക്കുമ്പോള്‍ അവയിലെ യുക്തി പൊയ്‌പ്പോകുന്നത് പലപ്പോഴും അത്രയൊന്നും ശ്രദ്ധയില്ലാതെ നോക്കിനില്‍ക്കുന്നുണ്ട് അതേ സംവിധായകന്‍ എന്നത് പടത്തിന്റെ ഔന്നത്യത്തിനും ആഴത്തിനും കാര്യമായ ക്ഷതമേല്‍പ്പിക്കുന്നുവെന്നത് എടുത്തുപറയാതെ വയ്യ.

വിദ്യയുടെ അഭിനയം ആണു സിനിമയുടെ ഹൈലൈറ്റ് എന്നതിനാല്‍ അവര്‍ക്ക് പൂന്തുവിളയാടാനുള്ള അവസരങ്ങള്‍ കുത്തിനിറച്ചത് സിനിമയുടെ ഘടനയെ ഏകാഗ്രമാക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുന്നുണ്ട്.

രണ്ടു പാതികളും തമ്മിലുള്ള പൊരുത്തം കഷ്ടിയാണ്. അടിച്ച വഴിയേ പടം പോയില്ലെങ്കില്‍ പോകുന്ന വഴിയേ അടിക്കുകയെന്ന മട്ടിലാണ് അവസാനഘട്ടത്തിലെത്തുമ്പോള്‍ നമുക്കു തോന്നുക.

കൗതുകകരമാംവണ്ണം ലഘുകൗശലങ്ങളെ കൂട്ടിച്ചേര്‍ക്കുക വഴി കാഴ്ചാരസവും ചിന്താമധുര്യവും പകരുന്ന സിനിമയാണിത്. പത്തില്‍ ആറു മാര്‍ക്ക് കൊടുക്കാം ജാസൂസിന്.

DONT MISS
Top