സ്റ്റാര്‍ട്ട് അപ്പ് കളേയും യുവ സംരഭകരേയും തലോടി…

അത്ര ജനപ്രിയമല്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ വ്യക്തമാക്കിയ ബജറ്റില്‍ അവഗണനയുടെ കണക്കുകള്‍ മാത്രമാണ് വിവിധ മേഖലകള്‍ക്ക് പറയാനുള്ളത്.എന്നാല്‍ സ്റ്റാര്‍ട്ട് അപ്പുകളേയും ചെറു ബിസിനസുകളേയും യുവ സംരഭകരേയും അത്ര തള്ളിക്കളഞ്ഞില്ല ജെയ്റ്റ്‌ലിയുടെ കന്നി ബജറ്റ്.10000 കോടിയില്‍ അധികം തുകയാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ജെയ്റ്റ്‌ലി മാറ്റിവച്ചത്.

ഇന്ത്യയെ ഒരു കൊച്ചു സിലിക്കണ്‍വാലിയാക്കുക എന്നതാവും അരുണ്‍ ജെയ്റ്റ്‌ലിയുടെ സ്വപ്നം. കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ മാതൃകയില്‍ എല്ലാ സംസ്ഥാനത്തും സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍ സ്ഥാപിക്കുകയെന്ന ഒരു ആശയവും ജെയ്റ്റ്‌ലി ബജറ്റില്‍ അവതരിപ്പിച്ചു. യുവ സംരഭകരെയും സ്റ്റാര്‍ട്ട് അപ്പുകളേയും പ്രോത്സാഹിപ്പിക്കാന്‍ മോദി സര്‍ക്കാരിനുള്ള താത്പര്യവും ഈ ബജറ്റില്‍ പ്രതിഫലിച്ചു. പ്രാരംഭ ഘട്ട മൂലധനത്തില്‍ ഇന്ത്യയെ അമേരിക്കയും ചൈനയും പോലെയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളെ സംരഭക പ്രവര്‍ത്തനത്തില്‍ പങ്കെടുപ്പിക്കുകയും അതുവഴി പ്രതിദിനം ഇന്ത്യയില്‍ 2 പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയുമാണ് ജെയ്റ്റ്‌ലി ലക്ഷ്യം വക്കുന്നത്.

ചെറുകമ്പനികളുടെ പ്രാരംഭഘട്ട ഫണ്ടിംഗ് ഇതുവഴി സുഗമമാകും. ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കുള്ള പ്രാരംഭ ഘട്ട ഫണ്ടിംഗില്‍ 40 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. 3630 കോടി രൂപയാണ് ചെറുകമ്പനികള്‍ക്കുള്ള നിക്ഷേപമായി ലഭിച്ചത്. എന്നാല്‍ ഈ തുകയുടെ 90 ശതമാനവും വിദേശ നിക്ഷേപമാണ്. പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് വഴി സ്റ്റാര്‍ട്ട് അപ്പുകളുടെ ഫണ്ടിംഗ് സുഗമമാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി.

DONT MISS
Top