പുതുമകളില്ലാതെ ‘വടകറി’

ശരവണരാജന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് വടകറി. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഫോണ്‍ കഥാപാത്രമാകുന്ന സിനിമയാണിത്.

ടെലിഫോണ്‍ കഥാപാത്രമാകുന്ന സിനിമകള്‍ സ്ഥിരമായി ആവര്‍ത്തിക്കുന്നവയാണ്. വളരെ നല്ലൊരു കഥാപാത്രമാണ് ടെലിഫോണ്‍. മൊബൈല്‍ ഫോണുകളുടെ വരവിനു മുമ്പ് നാടകീയത വര്‍ദ്ധിപ്പിക്കുന്നൊരു ഘടകം തന്നെയായിരുന്നു സാധാരണ ടെലിഫോണുകള്‍. സത്യത്തില്‍ മൊബൈല്‍ ഫോണുകള്‍ സിനിമയിലെ നാടകീയതയെ കുത്തിച്ചോര്‍ത്തിക്കളഞ്ഞു എന്നുതന്നെ പറയാം. പിന്നെ അതുവച്ച് നാടകീയത സൃഷ്ടിക്കുന്ന തരികിടക്കളികള്‍ വന്നു എന്നതു വേറേ കാര്യം. ഏതായാലും മലയാളത്തില്‍ ഫോണ്‍ പ്രധാനകഥാപാത്രമാകുന്നൊരു സിനിമയായിരുന്നു ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍.

മലയാളികളുടെ മനസ്സില്‍ ഒരിക്കലും മായാത്ത ടെലിഫോണുകളാണ് മാന്നാര്‍ മത്തായിയുടെയും ഉറുമീസ് തമ്പാന്റെയും. സാധാരണ ടെലിഫോണിന്റെ സ്ഥാനം മൊബൈല്‍ ഫോണുകള്‍ അപഹരിച്ചപ്പോള്‍ വന്ന സിനിമയാണ് പുലിവാല്‍ക്കല്ല്യാണം. പിന്നീട് ചാപ്പാ കുരിശിലും ഒരു മൊബൈല്‍ഫോണ്‍ പ്രധാന കഥാപാത്രമായി.

ഇവയില്‍ റാംജി റാവു സ്പീക്കിംഗ് അരങ്ങേറ്റ വേളയെന്ന പേരിലും ചാപ്പാ കുരിശ് പുലിവാലെന്ന പേരിലും തമിഴിലെത്തിയിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്ന വടകറിക്ക് നേരിട്ടല്ലെങ്കിലും വളഞ്ഞ വഴിക്ക് പുലിവാല്‍ കല്യാണത്തിന്റെയും ചാപ്പാ കുരിശിന്റെയും ചാര്‍ച്ച അവകാശപ്പെടുവാനാകും.

സുബ്രഹ്മണ്യപുരത്തിനുശേഷം ജയ്, സ്വാതി എന്നിവര്‍ നായകനായികാവേഷങ്ങളിലെത്തുന്ന സിനിമയെന്ന കൗതുകവും ഈ സിനിമയ്ക്കുണ്ട്. സതീഷ് എന്ന നിസ്സഹായ നായകവേഷത്തിലാണ് ജയ്. അവന്റെ കാമുകി നവീനയുടെ വേഷത്തിലാണ് സ്വാതി. സുബ്രഹ്മണ്യപുരത്തില്‍ നിന്നും വ്യത്യസ്തമായി സ്വാതി ഇതില്‍ മോഡേണ്‍ പെണ്‍കുട്ടിയാണെന്നു മാത്രം. ആമേനിലും ഇരുപത്തിനാലു കാതം നോര്‍ത്തിലായാലും മോസയിലെ കുതിരമീനുകളിലും മറ്റും നാം സ്വാതിയെ കൂടുതല്‍ മോഡേണായി കണ്ടുകഴിഞ്ഞതാണ്. അതുകൊണ്ട് ആ പുതുമയുമില്ല.

ഒരു പഴഞ്ചന്‍ ഫോണ്‍ മൂലം സതീഷ് അനുഭവിക്കുന്ന കഷ്ടപ്പാടുകളും ഒടുവില്‍ ഒരു കൂടിയ ഇനം ഫോണ്‍ അവന്‍ അവിഹിതമായി കൈക്കലാക്കുമ്പോള്‍ ഉണ്ടാകുന്ന കുഴപ്പങ്ങളും അവയുടെ കുരുക്കഴിക്കലുമായിട്ടാണ് സിനിമ പ്രമേയപ്പെട്ടിരിക്കുന്നത്. സവിശേഷമായ പുതുമയൊന്നുമില്ലെങ്കിലും നര്‍മ്മപ്രധാനമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്ന സിനിമ ചിലപ്പോഴെങ്കിലും രസം പകരുന്നുണ്ട്. ജയ്യുടെ സ്വാഭാവികമായ പ്രകടനമാണ് സിനിമയെ കണ്ടിരിക്കാന്‍ പാകത്തിലാക്കിയിരിക്കുന്നത്.

ഇടവേളയ്ക്കുശേഷം സിനിമ തമിഴ് സിനിമയുടെ പരമ്പരാഗത ശീലങ്ങളിലേക്കു തെന്നിത്തെറിച്ചു വീഴുന്നു. അതിനപ്പുറം സിനിമ കണ്ടിരിക്കുന്നത് കടുത്ത ക്ഷമാശീലമുള്ളവര്‍ക്കു മാത്രം സാദ്ധ്യമാകുന്ന ഒന്നത്രേ.

മലയാളത്തില്‍ സാള്‍ട്ട് ആന്റ് പെപ്പറായാലും തമിഴില്‍ അതിന്റെ പരിണതിയായ ഉന്‍ സമയല്‍ അറയിലായാലും ഇംഗ്ലീഷില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഷെഫ് എന്ന സിനിമയായാലും ആധുനികജീവിതത്തിലെ സങ്കീര്‍ണമനുഷ്യ ബന്ധങ്ങളെ ഭക്ഷണത്തിന്റെ പരിസരവുമായി ബന്ധപ്പെടുത്തിയാണ് കാണിക്കുന്നത്. ഇത് നിരീക്ഷണവിധേയമാക്കാവുന്ന ഒരു കാര്യമത്രേ.

[jwplayer mediaid=”113355″]

DONT MISS
Top