ദൃശ്യത്തിന്റെ തനിപ്പകര്‍പ്പില്‍ ‘ദൃശ്യ’

അങ്ങനെ നാക്കുവടിക്കാതെ പറയുന്ന ദൃശ്യമാണ് ദൃശ്യ. രവിചന്ദറാണ് മോഹന്‍ലാലിന്റെ റോളില്‍ നടിക്കുന്നത്. മലയാളത്തില്‍ മീന അവതരിപ്പിച്ച വേഷത്തിലെത്തുന്നത് മലയാളത്തിന്റെ പ്രിയനടിയായിരുന്ന നവ്യാ നായരാണ്. കന്നഡനാട്ടിലാകെ വന്‍വിജയം നേടുകയാണ്രേത ഈ സിനിമ. ഇതോടെ, തെന്നിന്ത്യന്‍ സിനിമയില്‍ നവ്യാ നായര്‍ വീണ്ടുമൊരു തരംഗമാകുമോ എന്നാണ് സിനിമാറിപ്പോര്‍ട്ടര്‍മാര്‍ ഉറ്റുനോക്കുന്നത്. ദൃശ്യത്തിനു ശേഷം മീന മലയാളത്തില്‍ ഒരു അടങ്ങാത്ത തരംഗമായതുപോലെ ആകാതിരിക്കട്ടെ.

മലയാളികളുടെ ദൃശ്യബോധത്തെ ഒന്നുലച്ച സിനിമയാണ് ദൃശ്യം. ആദ്യപാതിയില്‍ ഒരു കുന്തവും ഇല്ലാതിരുന്ന സിനിമ രണ്ടാം പാതിയിലെ ത്രില്ലര്‍ ആഖ്യാനം കൊണ്ടാണ് പിടിച്ചുനിന്നത്. ആദ്യപാതിയില്‍ പഴയ മോഹന്‍ലാലിനെ തിരികെക്കൊണ്ടുവരാനുള്ള ഉഡായിപ്പ് നമ്പരുകളായിരുന്നു ജീത്തു ജോസഫ് തിരുകിനിറച്ചത്. അതുകൊണ്ടുതന്നെ, ദൃശ്യത്തെ അങ്ങനെ തന്നെ പിന്തുടരുന്ന കന്നഡ ദൃശ്യയ്ക്കും ആദ്യപാതി അലങ്കോലമായി.

രണ്ടാം പാതിയില്‍ മലയാളത്തിലെപ്പോലെ തന്നെ ഉദ്വേഗനിര്‍ഭരതയും സങ്കീര്‍ണതയും നിറച്ച് പാകത്തിന് എരുവും പുളിയും ചേര്‍ത്ത് ഒരുക്കിയിട്ടുണ്ട് സംവിധായകന്‍ പി വാസു. മലയാളത്തില്‍ നിന്ന് എന്തെങ്കിലും എടുത്തുകൊണ്ടുപോയി തമിഴിലും തെലുഗുവിലും കന്നഡത്തിലും ഒരു കസറു കസറുന്നത് വാസുവണ്ണന് ഒരു ഹരമാണ്. നമ്മുടെ മണിച്ചിത്രത്താഴിനെയൊക്കെ മൂപ്പര്‍ കന്നഡം പറയിച്ചതാണ്. ദൃശ്യയെ ഒരു അനുഭവമാക്കി മാറ്റുന്നതിലും മോഹന്‍ലാലിനോട് അല്‍പമെങ്കിലും മത്സരിച്ചഭിനയിക്കുന്ന തരത്തില്‍ രവിചന്ദറിനെ നിയന്ത്രിച്ചതിലുമൊക്കെ വാസുവിന്റെ കരവിരുത് കാണാനുണ്ടുതാനും.

രവി ചന്ദ്രന്‍ എത്ര കസറിയാലും മോഹന്‍ലാലാവില്ലല്ലോ. ആ ഒരു അഭാവം കന്നഡ ദൃശ്യയ്ക്ക് ഉണ്ട്. മലയാളത്തില്‍ പക്ഷേ, മീന അവതരിപ്പിച്ചതിനേക്കാള്‍ ഭാവസാന്ദ്രതയോടെ തന്റെ വേഷം കൈയാളിയിട്ടുണ്ട് നവ്യാ നായര്‍. മലയാളത്തിലെ ദൃശ്യത്തില്‍ നിന്ന് ഒരു താരമാണ് അതേ വേഷവുമായി കന്നഡത്തിലുമുള്ളത്. അത് പോലീസ് ഓഫീസറെ അവതരിപ്പിച്ച ആശാ ശരത്താണ്. ആദ്യമായി സിനിമ കണ്ട നമ്പൂതിരി ചോദിച്ചതുപോലെ, ഇത്രയൊക്കെയായിട്ടും സംഗതി പറ്റിച്ചത് ആരാണെന്ന് ആശാശരത്തിനു മനസ്സിലാകാത്തതെന്താണ് എന്നു മലയാളികളില്‍ ചില സരസന്മാര്‍ക്കു തോന്നിയേക്കും.

എന്ത് എന്നതിലേറെ എങ്ങനെ എന്ന വ്യാഖ്യാനത്തിനാണ് റിമേക്കുകള്‍ നമുക്ക് ഇടമൊരുക്കുന്നത്. കലാമണ്ഡലം കൃഷ്ണന്‍ നായരോ രാമന്‍കുട്ടി നായരോ നടത്തിയ വ്യാഖ്യാനത്തിന് കലാമണ്ഡലം ഗോപിയാശാന്‍ നടത്തുന്ന മറ്റൊരു വ്യാഖ്യാനമെങ്ങനെ, അതു തന്നെ വീണ്ടുമൊരിക്കല്‍ എങ്ങനെ എന്നറിയാനാണല്ലോ എത്ര കണ്ടിട്ടും നാം വീണ്ടും നളചരിതം കാണുന്നത്. അതുപോലെ, മോഹന്‍ ലാലും മീനയും ജീത്തുവും കലാഭവന്‍ ഷാജോണും എല്ലാം ചേര്‍ന്നൊരുക്കിയ ദൃശ്യമെങ്ങനെ അത് പി വാസുവും രവിചന്ദ്രനും കൂടി കന്നഡത്തില്‍ കലക്കിയൊഴിച്ചപ്പോള്‍ എങ്ങനെ എന്നറിയാന്‍, മൈസൂരു ബാംഗ്ലൂരു ഭാഗത്തുള്ള മലയാളികള്‍ക്ക് ഈ സിനിമ കണ്ടുനോക്കാം.

[jwplayer mediaid=”113339″]

DONT MISS
Top