കേരളം ദൈവത്തിന്റെ സ്വന്തം നാടോ?

പേരു തിരിച്ചിട്ടാല്‍ പേരുദോഷം മാറുമെന്നു കരുതി സനല്‍ വാസുദേവ് സനലായി സംവിധാനം ചെയ്ത പടമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി…

പണ്ട്, വാസുദേവ് സനലല്ല, വാസുദേവ് വക്കീല്‍ അഥവാ, വക്കീല്‍ വാസുദേവായി അഭിനയിച്ച ജഗദീഷ് പറഞ്ഞിട്ടുണ്ട്, അമ്മായി മീശവച്ചാല്‍ അമ്മാവനാകില്ലെന്ന്. അത് തെളിയിക്കുന്നുണ്ട് വാസുദേവ് സനലിന്റെ ഈ പുതിയ ചിത്രം.

ന്യൂ ജനറേഷന്‍ സിനിമയാകണമെങ്കില്‍ അതിനു ചില റേഷന്‍ നിയമങ്ങളൊക്കെ പാലിക്കേണ്ടതുണ്ട്. മള്‍ട്ടിപ്പിള്‍ നറേഷനായിരിക്കണം. നോണ്‍ ലീനിയര്‍ കഥാഗതികളുണ്ടായിരിക്കണം. ഒറ്റ ദിവസം നടക്കുന്നതായാല്‍ ജോറായി. പല കഥകളും പല വഴിക്കു വന്ന് ഒരു ജംങ്ഷനില്‍ ഒന്നിച്ചുകൂടി ട്രാഫിക് ജാമുണ്ടാക്കണം. ഇങ്ങനെ ചില നിബന്ധനകളാണ് ന്യൂ ജനറേഷന്‍ മലയാളസിനിമയ്ക്കുള്ളത്. ഈ ലക്ഷണങ്ങളും നിബന്ധനകളും നൂറു ശതമാനം പാലിച്ച്, അതില്‍ ചാലിച്ച് വാസുദേവ് സനല്‍ വാര്‍ത്തെടുത്ത കലാശില്‍പ്പമാണ് ഗോഡ്‌സ് ഓണ്‍ കണ്ട്രി. അതുകൊണ്ടുതന്നെ ഇതൊരു പക്കാ ന്യൂ ജനറേഷന്‍ മലയാളം സിനിമയാണ്. ഇതില്‍ സംശയമുള്ളവര്‍ക്ക് ന്യൂ ജനറേഷന്‍ സിനിമയെന്തെന്നോ അതിന്റെ ലക്ഷണങ്ങളേതെന്നോ ഒരു പിടിയുമില്ലെന്നു കരുതാം.

കണ്ടിരിക്കാവുന്ന വിധത്തില്‍ കഴിയുന്നത്ര ഒതുക്കി ഉദ്വേഗം നിലനിര്‍ത്തി കഥ പറഞ്ഞൊപ്പിച്ച് കൈ കഴുകിയിട്ടുണ്ട് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ സംവിധായകന്‍ വാസുദേവ് സനല്‍. ആ നിലയ്ക്ക് വാച്ചബിള്‍ എന്ന് ഒരു തലക്കുറിയെഴുതിക്കൊടുക്കാം ദൈവത്തിന്റെ ഈ സ്വന്തം നാടിന്.

ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുള്ള കേരളം എന്ന മലയാളക്കര ചിലപ്പോഴെങ്കിലും ചെകുത്താന്റെ സ്വന്തം നാടെന്നുകൂടിയായി മാറുമെന്ന് ഓര്‍മിപ്പിക്കുന്നുണ്ട് സിനിമ. ഇത് ഭര്‍ത്താവിനെയും മക്കളെയും വഞ്ചിച്ച ഭാര്യയുടെ കഥയല്ല ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി ജീവിച്ച ഭര്‍ത്താവിന്റെ കഥയാണെന്ന് നെഞ്ചത്തു കൈവെച്ചു സത്യം ചെയ്യുന്നുണ്ട് സിനിമ. ന്യൂ ജനറേഷന്‍ സിനിമയുടെ പൊതു സ്ത്രീ സമീപനം എന്താണെന്നും ഇത് അതിനെ പിന്തുടരുന്നില്ലെന്നും പരസ്യവാക്യത്തില്‍ തന്നെ പറയുന്നുണ്ട് സിനിമ.

ഫഹദ് ഫാസില്‍, ലാല്‍ എന്നിവരുടെ പ്രകടനങ്ങള്‍ എടുത്തു പറയാവുന്ന വിധമായി. മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം പങ്കിട്ട ലാലും ഫഹദും ഒരേ സിനിമയില്‍ പ്രത്യക്ഷപ്പെട്ടു മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നത് രസകരം തന്നെ.

സംഘട്ടനരംഗങ്ങളും അപകടരംഗങ്ങളും അത്യാവശ്യം സിനിമാറ്റിക്കായി ചിത്രീകരിച്ചിട്ടുണ്ട്. അവയെ, അവയിലെ വയലന്‍സിനെ പുകഴ്ത്തുന്നത് അപായകരമാണെങ്കിലും സാങ്കേതികമികവിന്റെ പേരില്‍ കൈയടിക്കുക തന്നെ ചെയ്യുന്നു.

ഫ്രൈഡേ , ട്രാഫിക്, പാസഞ്ചര്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നിങ്ങനെ പല സിനിമകളിലായി കണ്ടുമടുത്ത സിക്‌സ് ട്രാക്ക് കഥകള്‍, അവയുടെ സംയോജനം എന്നിവയുടെ ആ പുതുമയുടെ ഒരു പഴമയുണ്ടല്ലോ. അത് അസാരം അസഹനീയം തന്നെ. ഒപ്പം ഊഹിക്കാവുന്ന ഉള്‍പ്പിരിവുകളും ഗതിമാറ്റങ്ങളും പടത്തെ കൂടുതല്‍ രസംകൊല്ലിയാക്കി.

[jwplayer mediaid=”104363″]

മൈഥിലി, ഇഷാ തല്‍വാര്‍ എന്നിവരുടെ പ്രകടനം നിരാശാജനകവും കഥാപാത്രങ്ങളുടെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടിക്കുന്നതുമായി. അതുകൊണ്ടുതന്നെ ഇതു വീണ്ടും വീണ്ടും നിര്‍ണാകയകനിമിഷങ്ങളില്‍ വെറുമൊരു സിനിമ എന്നു തോന്നിച്ചു. ഏലിയനേഷനാണുദ്ദേശിച്ചതെങ്കില്‍ സംഭവം എരമ്പി.

ചുരുക്കിപ്പറഞ്ഞാല്‍, കണ്ടിരിക്കാവുന്ന വിധത്തില്‍ ഒരുക്കിയ, അധികം പുതുമയൊന്നുമില്ലെങ്കിലും പറ്റേ മടുപ്പിക്കാത്ത ഒരു ന്യൂ ജനറേഷന്‍ മലയാളസിനിമ. അതാണ് ഗോഡ്‌സ് ഓണ്‍ കണ്ട്രി.

സംവിധായകര്‍ പേരുമാറ്റി വരുന്നത് മലയാളത്തില്‍ എന്നും അരങ്ങേറിയിട്ടുള്ള പ്രതിഭാസമാണ്. ശശികുമാറും ബേബിയുമൊക്കെ സ്വന്തം പേര് സിനിമയ്ക്കു വേണ്ടി ബലി കഴിച്ചവരാണെങ്കില്‍ മറ്റു ചിലര്‍ മുമ്പു വന്നു പരാജയപ്പെട്ട സംവിധായകനാണെന്നു നാലാളറിയാതെ, പുതുമയ്ക്കായി പഴയ കുപ്പിയില്‍ പഴയ പച്ചവെള്ളമൊഴിച്ച് പുതിയ വീഞ്ഞിന്റെ പഴയ ലേബലൊട്ടിക്കുന്നവരാണ്. അതിലേറ്റവും പ്രധാനി ചെല്ലപ്പന്‍ എന്ന സംവിധായകനാണ്. വൈസ് ചാന്‍സലര്‍ അര്‍ജുന്‍ ഡെന്നീസും മിസ് പമേലയും അവള്‍ കാത്തിരുന്നു അവനും ഒക്കെയെടുത്ത ചെല്ലപ്പന്‍ ജഗദീഷ് സിദ്ദിഖ് ഇരട്ടനായകതരംഗത്തിന്റെ കാലത്ത് പേരൊന്നു മാറ്റി. പ്രശാന്ത് എന്ന പുതുപുത്തന്‍ യുവനാമത്തില്‍ രണ്ടു പടവുമെടുത്തു നഗരത്തില്‍ സംസാരവിഷയവും കള്ളന്‍ കപ്പലില്‍ തന്നെയും. പക്ഷേ, പേരേ മാറിയുള്ളൂ. പേരുദോഷം തഥൈവാ.

DONT MISS
Top