ഇന്ത്യന്‍ മാമ്പഴത്തിന് യൂറോപ്യന്‍ യൂണിയന്റെ ഇറക്കുമതി നിരോധനം

മുംബൈ: ഇന്ത്യയില്‍ നിന്നുള്ള മാമ്പഴം ഉള്‍പ്പെടെ അഞ്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ചു. വര്‍ഷം 55,000 ടണ്‍ മാമ്പഴത്തിന്റെ കയറ്റുമതിയാണ് ഈ മേഖലയിലേക്ക് ഇന്ത്യ നടത്തിയിരുന്നത്. നിരോധന ഉത്തരവ് വന്ന് ആറുമണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ അല്‍ഫോണ്‍സോ മാമ്പഴത്തിന്റെ വില പകുതിയായി കുറഞ്ഞു.

[jwplayer mediaid=”97072″]

മാമ്പഴത്തിനു പുറമെ വഴുതിനങ്ങ, പാവയ്ക്ക, പടവലങ്ങ, ചേമ്പ് എന്നിവയാണ് മേയ് ഒന്നു മുതല്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത്. 2015 ഡിസംബര്‍ 31 വരെ നിരോധനം ബാധകമാണെന്ന് ഇന്നലെ ഇറക്കിയ ഉത്തരവില്‍ പറയുന്നു. കീടനാശിനികളുടേയും കീടങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയതിനാലാണ് നിരോധനം. ഇന്ത്യന്‍ മാമ്പഴത്തിന്റെ ഏറ്റവും വലിയ വിപണിയായ ബ്രിട്ടന്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിരോധനം ബാധകമാണ്.

നിരോധനം ഏറ്റവും കൂടുതല്‍ ബാധിക്കുക അല്‍ഫോണ്‍സോ മാമ്പഴത്തെയാണ്. 275 കോടി രൂപയുടെ മാമ്പഴമാണ് ഇന്ത്യ വര്‍ഷം തോറും കയറ്റി അയയ്ക്കുന്നത്. നിരോധനവാര്‍ത്ത വന്നയുടന്‍ ഇന്ത്യയുടെ മാമ്പഴ കയറ്റുമതി കേന്ദ്രമായ മഹാരാഷ്ട്രയില്‍ വില കുത്തനെ ഇടിഞ്ഞു. ഡസന് 800 രൂപയ്ക്കു വിറ്റിരുന്ന മുന്തിയ ഇനം മാമ്പഴത്തിന് ഇന്ന് രാവിലെ 300 രൂപ 400 രൂപവരെയായി കുറഞ്ഞു. അല്‍ഫോണ്‍സോ മാമ്പഴത്തിനു പുറമെ കേസര്‍, തോട്ടാപ്പൂരി ഇനങ്ങളുടെ കയറ്റുമതിയും ഇതോടെ മുടങ്ങും.

DONT MISS
Top