ചെമ്പകപ്പാറ അമ്മച്ചിയും ഇടുക്കിയില്‍ കൈലാസവും

pradeep cammaപ്രകൃതി മനോഹാരിത കൊണ്ട് ദൈവം കയ്യൊപ്പുവച്ച സ്ഥലമാണ് ഹൈറേഞ്ച്. ഇടുക്കി ജില്ലയിലെ ഹൈറേഞ്ചില്‍ കൂടിയാണ് ഇന്ന് കാണാത്ത കേരളം കടന്നുപോകുന്നത്. ജീവിതത്തിലെ പല സമസ്യകള്‍ക്കും ഉത്തരം കിട്ടാതെ വരുമ്പോള്‍ മനുഷ്യന്‍ എന്തിലും ഏതിലും അഭയം തേടും. ശരിതെറ്റുകളെക്കാള്‍ നിത്യജീവിതത്തിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മറികടക്കുന്നതിനാകും അവര്‍ പ്രാധാന്യം നല്‍കുക. അത്തരമൊരു കാഴ്ചയാണ് ഈ എപ്പിസോഡില്‍ ആദ്യം.

ഇടുക്കി തങ്കമണിക്കടുത്തുള്ള പ്രകാശ് എന്ന ഗ്രാമത്തിലാണ് ചെമ്പകപ്പാറ അമ്മച്ചിയുടെ ആത്മജ്യോതി ദര്‍ശന്‍ സംഘം. ചെമ്പകപ്പാറ സ്വദേശിനിയായ മേരിക്കുട്ടി വര്‍ഗീസാണ് പിന്നീട് ചെമ്പകപ്പാറ അമ്മച്ചിയായി മാറിയത്. അമ്മച്ചിക്ക് ദൈവികമായ ശക്തികളുണ്ടെന്നാണ് അനുയായികളുടെ വിശ്വാസം. അവര്‍ക്ക് ശരണവും അഭയവും ആശ്രയവുമെല്ലാം അമ്മച്ചി തന്നെ. 1988-ലാണ് ചെമ്പകപ്പാറ കേന്ദ്രമാക്കി ആത്മജ്യോതി ദര്‍ശനസംഘം പ്രവര്‍ത്തനം ആരംഭിച്ചത്. 2005-ല്‍ ഇത് ധര്‍മ്മസ്ഥാപനമായി രജിസ്റ്റര്‍ ചെയ്തു. പിന്നീട് പ്രവര്‍ത്തനകേന്ദ്രം പ്രകാശിലേക്ക് മാറ്റി. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും കണ്ണൂരിലും സംഘത്തിന് ശാഖകളുണ്ട്. ജാതിമത വര്‍ഗ്ഗ വര്‍ണ്ണവ്യത്യാസങ്ങളില്ലാതെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സംഘത്തിലുള്ളവരുടെ അവകാശവാദം. അമ്മച്ചി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതനുസരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം.

ഞങ്ങള്‍ ചെല്ലുമ്പോള്‍ 30-ഓളം സ്ത്രീകളും ഏതാനും പുരുഷന്മാരും അമ്മച്ചിക്കു ചുറ്റും കൂടിയിരുന്ന് പ്രാര്‍ത്ഥന ചൊല്ലുകയായിരുന്നു. അമ്മച്ചിയെ പ്രകീര്‍ത്തിക്കുന്ന ഭക്തിഗാനങ്ങളുടെ അന്ത്യത്തില്‍ എല്ലാവരും ‘അമ്മച്ചിയേ ശരണം’ എന്നു മൂന്നു തവണ വീതം പറയും. അവരുടെ അമ്മച്ചിഭക്തി ചിരിയുണര്‍ത്തിയെങ്കിലും ഞങ്ങള്‍ അതമര്‍ത്തി നിന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ എല്ലാവരുടെയും മുഖത്ത് ചെറിയ സംശയം. നേരത്തെ തന്നെ അമ്മച്ചിയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയിരുന്നതിനാല്‍ സംഘം നടത്തുന്ന കൃഷിയെക്കുറിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് വന്നതെന്നു പറഞ്ഞു. അമ്മച്ചിയുടെ ഇളയ മകന്‍ ഷൈജുവിനെ കാര്യങ്ങള്‍ ധരിപ്പിച്ചതോടെ അനുമതി കിട്ടി.

അമ്മച്ചിയില്‍ വിശ്വസിച്ചെത്തിയവരാണ് ഇവിടുത്തെ അന്തേവാസികള്‍. കൃഷിചെയ്തും വാഴനൂല്‍ കൊണ്ടും മറ്റും കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയും ഇവര്‍ വരുമാനമുണ്ടാക്കുന്നു. അന്തേവാസികള്‍ക്ക് പുറമെ ഞായറാഴ്ചകളില്‍ അമ്മച്ചി നയിക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ പുറത്തുനിന്നും വിശ്വാസികളെത്തും. കാര്യമെന്തൊക്കെയായാലും മൊട്ടക്കുന്നിനു മുകളില്‍ ഇവര്‍ നിര്‍മ്മിച്ചിട്ടുള്ള കൃഷിത്തോട്ടം മാതൃകാപരമാണ്. അപൂര്‍വ്വമായ ഔഷധച്ചെടികളും ഒട്ടുമിക്ക പച്ചക്കറി ഇനങ്ങളുമെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. കാസര്‍ഗോഡ് കുള്ളന്‍ ഇനത്തില്‍പ്പെട്ട പശുക്കളുടെ ചാണകം മാത്രമാണ് ഔഷധത്തോട്ടത്തിലെ വളം. മറ്റിനം പശുക്കളും പന്നി, മുയല്‍, ഗിനിപ്പന്നി തുടങ്ങിയവയും ഇവിടെയുണ്ട്. ഷൈജുവാണ് കൃഷിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

തന്റെ അത്ഭുത ശക്തികളെക്കുറിച്ച് അമ്മച്ചി വിശദമായി പറഞ്ഞു. കുട്ടിക്കാലം മുതല്‍ക്കെ അമ്മച്ചിക്ക് ആത്മീയകാര്യങ്ങളില്‍ നല്ല താത്പര്യമായിരുന്നു. കണ്ണൂരിലേക്കാണ് മേരിക്കുട്ടി വര്‍ഗീസിനെ വിവാഹം കഴിച്ചയച്ചത്. മക്കളെല്ലാം മുതിര്‍ന്ന ശേഷമാണ് അമ്മച്ചിക്ക് പ്രത്യേകശക്തി ബോധ്യമായത്.

ടൈഫോയ്ഡ് വന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞെങ്കിലും പ്രാര്‍ത്ഥനയിലൂടെ രോഗം മാറി. അമ്മച്ചിക്കൊപ്പം പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം അസുഖം ഭേദമായത്രെ. അത് നാട്ടില്‍ പരന്നതോടെ നിരവധി പേര്‍ അമ്മച്ചിയുടെ അടുത്ത് പ്രാര്‍ത്ഥനയ്‌ക്കെത്തുകയായിരുന്നു. താന്‍ ഇപ്പോള്‍ ക്രിസ്തുമത വിശ്വാസിയല്ല, എല്ലാ മതങ്ങളിലും വിശ്വസിക്കുന്നുണ്ടെന്ന് അമ്മച്ചി പറഞ്ഞു. സ്വയം പ്രാര്‍ത്ഥന ഏറിയപ്പോള്‍ അമ്മച്ചിക്ക് വിലക്കേര്‍പ്പെടുത്തിയ പള്ളിക്കാര്‍ വിശ്വാസികള്‍ അമ്മച്ചിയുടെ അടുക്കല്‍ പോകുന്നതും വിലക്കി.മുല്ലപ്പെരിയാറും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും എല്ലാമായി ഇടുക്കി ജില്ലക്കാരെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ അമ്മച്ചി നേരത്തെ അറിഞ്ഞിരുന്നത്രെ.

ഇടുക്കിയെ രക്ഷിക്കണമെന്ന് ദൈവം ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ഇവിടെ മടങ്ങിയെത്തിയതെന്ന് അമ്മച്ചി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് അമ്മച്ചി നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് സഹോദരിയും റിട്ട. അധ്യാപികയുമായ ഫിലോമിന സാക്ഷ്യപ്പെടുത്തുന്നു. നാട്ടുകാര്‍ക്ക് ചില്ലറ എതിര്‍പ്പൊക്കെയുണ്ടെങ്കിലും അന്തേവാസികള്‍ക്ക് അമ്മച്ചിയുടെ ശക്തിയില്‍ തികഞ്ഞവിശ്വാസമാണ്. താന്‍ ദൈവമാണെന്നൊന്നും അമ്മച്ചി അവകാശപ്പെടുന്നില്ല. കാലിനു നീരുമായുള്ള അമ്മച്ചിയുടെ ഇരിപ്പിനെക്കാള്‍ സഹതാപം തോന്നുക ആ വൃദ്ധയെ പ്രകീര്‍ത്തിച്ചുകൊണ്ട് മുന്‍പിലിരിക്കുന്ന സാധുക്കളെ കാണുമ്പോഴാണ്. ഇവിടെ കുഴപ്പം ആരുടേതാണ്. മക്കള്‍ മിക്കവരും നല്ല ഉദ്യോഗസ്ഥരാണെന്നതല്ലാതെ അമ്മച്ചി വലിയ സമ്പന്നയൊന്നുമല്ല. വിശ്വാസികളുടെ കാര്യമെടുത്താലും മിക്കവരും ദരിദ്രര്‍ തന്നെ. ഒരുപക്ഷേ തങ്ങളെ കേള്‍ക്കുകയും ആശ്വസിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരാകും ഇവര്‍ക്ക്് ദൈവം.

അതെന്തായാലും അമ്മച്ചിയും അനുജത്തിയും കൂടി സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ച് ഊണു കഴിപ്പിച്ചശേഷമാണ് ഞങ്ങളെ മടക്കിയത്. അന്തേവാസികളായ സ്ത്രീകള്‍ തയ്യാറാക്കിയ വെജിറ്റേറിയന്‍ ഊണ് പൂര്‍ണ്ണമായും അവിടെ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികള്‍ ഉപയോഗിച്ചുള്ളതായിരുന്നു. വിഷം ചേര്‍ക്കാത്ത പച്ചക്കറികളുടെ സ്വാദ് എടുത്തുപറയേണ്ടതുതന്നെ.

കൈലാസനാട്ടിലെ കാഴ്ചകള്‍

നെടുങ്കണ്ടത്തു നിന്നും ഏതാനും കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരള തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള കൈലാസനാട്ടിലെത്തും. ചെറിയ ക്ഷേത്രം മാത്രമുണ്ടായിരുന്ന ഈ ഗ്രാമത്തിന് യഥാര്‍ത്ഥ കൈലാസവുമായി ഏറെ സാദൃശ്യങ്ങളുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം. അതുകൊണ്ടുതന്നെ രണ്ടു കോടിയിലേറെ രൂപ പിരിച്ചെടുത്ത് മഹാക്ഷേത്രങ്ങളുടെ മാതൃകയില്‍ അവര്‍ ഇവിടെ ശിവപാര്‍വ്വതീക്ഷേത്രം നിര്‍മ്മിച്ചു.

ക്ഷേത്രത്തിനു മുന്‍പില്‍ ശിവലിംഗത്തിന്റെ മാതൃകയിലുള്ള ശിലയും അടുത്തിടെ നടന്ന ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ചു.
ക്ഷേത്രനിര്‍മ്മാണവേളയില്‍ പരശുരാമന്റെ കമണ്ഡലുവും മറ്റും മണ്ണിനടിയില്‍ നിന്ന് ലഭിച്ചതായി ക്ഷേത്രഭാരവാഹികള്‍ അവകാശപ്പെടുന്നു. ക്ഷേത്രത്തിന് എതിര്‍ വശത്തുള്ള മലയില്‍ കൂടിയാണ് വിവാഹശേഷം ശ്രീരാമനും സീതയും പോയതെന്നും ഇവര്‍ വിശ്വസിക്കുന്നു. രാത്രി മലയിലേക്ക് നോക്കിയാല്‍ മഹര്‍ഷിമാരുടെ രൂപങ്ങള്‍ കാണാമത്രെ. ഭക്തരില്‍ 90 ശതമാനവും തമിഴ്‌നാട് വംശജരാണ്. അതുകൊണ്ടാകും ഉത്സവത്തോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘത്തിന്റെ കരകം ഇവിടെ പതിവാണ്.കരകം തുള്ളല്‍ ക്ഷേത്രത്തിന്റെ അടുക്കല്‍ എത്തുമ്പോള്‍ പരിപാടി സ്‌റ്റേജിലേക്കുമാറും.

തമിഴ്‌നാട്ടിലെ തെരുക്കൂത്തിനോടും നമ്മുടെ കാക്കാരിശി നാടകത്തോടും സാമ്യമുള്ള പരിപാടി ദ്വയാര്‍ത്ഥപ്രയോഗങ്ങളാല്‍ സമ്പന്നമാണ്.രാവെളുക്കുവോളം നീളുന്ന പരിപാടിയില്‍ ഹാസ്യപ്രയോഗങ്ങള്‍ ഏറുമ്പോള്‍ സ്ത്രീകളായ കാണികള്‍ സ്ഥലം കാലിയാക്കും. ഗ്രാമീണരുടെ ഉത്സവാഘോഷങ്ങള്‍ എപ്പോഴും കണ്ണിനും മനസിനും കുളിര്‍മ്മ പകരുന്നതാണ്.

[jwplayer mediaid=”97193″]

DONT MISS
Top