ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ചാമ്പ്യന്മാര്‍

റാഞ്ചി: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായി പതിനേഴാം തവണയും കേരളം ചാമ്പ്യന്മാര്‍. അവസാനദിനം രണ്ടാമതുള്ള മഹാരാഷ്ട്രക്ക് മെഡല്‍ നിലയില്‍ പിന്തള്ളാനാവില്ല. കിരീടം നിലനിര്‍ത്തിയ കേരളം 38 സ്വര്‍ണ്ണവും 28 വെള്ളിയും 16 വെങ്കലവുമാണ് നേടിയത്. ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ കേരളത്തിന്റെ മൂന്നാമത്തെ ഏറ്റവും വലിയ മെഡല്‍ വേട്ടയാണിത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 4*100 മീറ്റര്‍ റിലേയില്‍ റെക്കോഡോടെയാണ് കേരള ടീം സ്വര്‍ണ്ണം നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 4*400 മീറ്റര്‍ റിലേയിലും കേരളം സ്വര്‍ണ്ണം നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയാണ് കേരളത്തിന്റെ വി.വി ജിഷ ട്രിപ്പിള്‍ സ്വര്‍ണ്ണം നേടിയത്. നേരത്തെ 400 മീറ്ററിലും 400 മീറ്റര്‍ ഹഡില്‍സിലും ജിഷ സ്വര്‍ണ്ണം നേടിയിരുന്നു. ഇത്തവണത്തെ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം നേടുന്ന രണ്ടാമത്തെ കേരള താരമാണ് ജിഷ.

തന്റെ വിടവാങ്ങല്‍ സ്‌കൂള്‍ അത്‌ലറ്റിക്ക് മീറ്റ് നാല് സ്വര്‍ണ്ണത്തോടെ പി.യു ചിത്ര ഗംഭീരമാക്കി. മീറ്റിന്റെ അവസാന ദിനത്തില്‍ നടന്ന ക്രോസ് കണ്‍ട്രിയിലൂടെയാണ് പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ ചിത്ര നാലാം സ്വര്‍ണ്ണം സ്വന്തമാക്കിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 5000മീറ്റര്‍, 1500 മീറ്റര്‍, 3000 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് ചിത്ര നേരത്തെ സ്വര്‍ണ്ണം നേടിയിരുന്നത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ജെസി ജോസഫും ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സി.ബബിതയും സ്വര്‍ണ്ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് പറളി സ്‌കൂളിലെ വി വി ജിഷയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ അഞ്ജലി ജോസിനാണ് വെങ്കലം.

റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളയിലെ ഹര്‍ഡില്‍സ് ട്രാക്കില്‍ കേരളത്തിന്റെ ആധിപത്യമാണ് കണ്ടത്. രണ്ടു മീറ്റ് റെക്കോര്‍ഡുകളടക്കം മൂന്നു സ്വര്‍ണ്ണമാണ് കേരള താരങ്ങള്‍ ഹര്‍ഡില്‍സ് ട്രാക്കില്‍ നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്ററില്‍ എം എന്‍ നാസിമുദീനും, ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഡൈബി സെബാസ്റ്റ്യനുമാണ് ദേശീയ റെക്കോര്‍ഡിട്ടത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം 20 ആയി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കെ.ടി നീന കേരളത്തിനു വേണ്ടി സ്വര്‍ണം സ്വന്തമാക്കി. ഇതേയിനത്തില്‍ കെ ആര്‍ സുജിത വെള്ളി നേടി.കെ.പി അശ്വിനാണ് അത് ലറ്റിക് മീറ്റിലെ വേഗതയേറിയ താരം. കേരളത്തിന്റെ തന്നെ നാസിമുദ്ദീനാണ് വെള്ളി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ രഖില്‍ എ ജി വെള്ളിനേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ എ പി ഷില്‍ബി കേരളത്തിനായി വെള്ളി നേടി.

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തില്‍ 400 മീറ്ററില്‍ മലയാളി പെണ്‍കുട്ടികളുടെ മേധാവിത്തമായിരുന്നു പ്രകടമായത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ കെഎസ് അനന്തു രണ്ടാം ദേശീയ റെക്കൊര്‍ഡിനുടമയായി.

5000 മീറ്റര്‍ നടത്തത്തില്‍ ബിന്‍സി.എ.എം നടന്നെടുത്ത സ്വര്‍ണ്ണത്തോടെയാണ് രണ്ടാം ദിനം കേരളം മെഡല്‍ വേട്ട തുടങ്ങിയത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ കെ.എസ് അനന്തു ദേശീയ റെക്കോഡിനെ മറികടന്ന് സ്വര്‍ണ്ണം നേടി. തുടര്‍ച്ചയായി നേടിയിരുന്ന വെള്ളി ജെനിമോള്‍ ജോയ് സ്വര്‍ണ്ണമാക്കിയപ്പോള്‍ ആതിര സുരേന്ദ്രന്റെ നേട്ടം ലോംങ് ജംപില്‍ വെള്ളിയില്‍ ഒതുങ്ങി.

സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ സ്വര്‍ണ്ണം നേടി പറളിയിലെ ബി.എം സന്ധ്യയും സ്വര്‍ണ്ണനേട്ടം ഉയര്‍ത്തി. 400 മീറ്ററില്‍ കേരള പെണ്‍കുട്ടികളുടെ മേധാവിത്വമായിരുന്നു. ജൂനിയര്‍ വിഭാഗത്തില്‍ ജിസ്‌ന മാത്യുവും ഷഹര്‍ബാനയും ആദ്യ രണ്ട് മെഡലുകള്‍ നേടി. സീനിയര്‍ തലത്തില്‍ ജിഷ സ്വര്‍ണ്ണവും തെരേസ ജോസഫ് വെള്ളിയും നേടി. സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പ്രജിതയും വെങ്കലം സമ്മാനിച്ചു.

DONT MISS
Top