അള്‍ട്രാ എച്ച്.ഡി ദൃശ്യവിസ്മയവുമായി യുട്യൂബ്

അള്‍ട്രാ എച്ച്.ഡി(4 കെ) തെളിമയോടെ വീഡിയോ കാണാനുള്ള സംവിധാനം യുട്യൂബ് ഒരുക്കുന്നു. ലാസ് വെഗാസില്‍ അടുത്ത ആഴ്ച്ച നടക്കാനിരിക്കുന്ന ഇലക്ട്രോണിക് ഷോയില്‍ (സി.ഇ.എസ്) പുതിയ സംവിധാനം യുട്യൂബ് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ യുട്യൂബില്‍ പരമാവധി 1080 ഹൊറിസോണ്ടല്‍ പിക്‌സലുകളിലാണ് ദൃശ്യങ്ങള്‍ കാണാനാവുക. എന്നാല്‍ അള്‍ട്രാ എച്ച്.ഡിയില്‍ 4000 ഹൊറിസോണ്ടല്‍ പിക്‌സലുകളുടെ തെളിമയില്‍ യുട്യൂബ് വീഡിയോകള്‍ കാണാനാവും. നിലവില്‍ വിപണിയിലുള്ള ക്യാമറകള്‍ പലതും 4 കെ റെസല്യൂഷനില്‍ ദൃശ്യങ്ങള്‍ എടുക്കാന്‍ ശേഷിയുള്ളതാണ്. പ്രമുഖ ടി.വി ബ്രാന്റുകളായ സോണി, എല്‍.ജി, തോഷിബ തുടങ്ങിയവയെല്ലാം എള്‍ട്രാ എച്ച്.ഡി ടി.വികള്‍ വിപണിയിലിറക്കിയിട്ടുണ്ട്.

ടി.വി വിപണിയുമായി ശീതയുദ്ധത്തിലുള്ള യുട്യൂബ് തങ്ങളുടെ കാര്യക്ഷമതയും ദൃശ്യ ചാരുതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സാങ്കേതിക വിദ്യയെ കൂടെ കൂട്ടുന്നത്. അടുത്തവര്‍ഷത്തോടെ എച്ച്.ഡിയേക്കാള്‍ ചാരുതയുള്ള ദൃശ്യങ്ങള്‍ യു.ട്യൂബില്‍ സാധാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഇന്റര്‍നെറ്റ് കണക്ഷനില്‍ നിന്നും കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ 4 കെ ദൃശ്യങ്ങള്‍ ആസ്വദിക്കാനാകുമെന്നതും ഇതിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.

എല്‍.ജി, പാനസോണിക്ക്, സോണി, ഇന്റല്‍ തുടങ്ങി 19 ഓളം നിര്‍മ്മാതാക്കളുമായി 4 കെ ദൃശ്യങ്ങള്‍ പകര്‍ത്താനാവുന്ന ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഗൂഗിള്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഏറെ വൈകാതെ നിലവില്‍ എച്ച്.ഡി വീഡിയോകളേക്കാള്‍ സാധാരണമാകും അള്‍ട്രാ എച്ച്.ഡി ദൃശ്യങ്ങള്‍ എന്ന സൂചനയാണ് യുട്യൂബ് അധികൃതര്‍ നല്‍കുന്നത്.

DONT MISS
Top