ഫഹദ് -ദി ആര്‍ട്ടിസ്റ്റ്

മലയാള സിനിമയിലെ ഫീനിക്‌സ് പക്ഷി,കരുത്തുറ്റ നിശ്ചയ ദാര്‍ഢ്യം അതിലുപരി ആര്‍ജ്ജിച്ചെടുത്ത അഭിനയ പാടവം.ഈ വിശേഷണങ്ങള്‍ എല്ലാം ചേരുന്ന ഒരേ ഒരു പേര് ഫഹദ് ഫാസില്‍! ആദ്യ ചിത്രം കൈയെത്തും ദൂരത്തില്‍ നിന്ന് അഭിനയത്തിന്റെ കൈയെത്തും ദൂരത്തേക്ക് പറക്കുന്ന പക്ഷി.

മാസത്തില്‍ ഒരു ചിത്രമെന്ന കണക്കില്‍ 12 ചിത്രങ്ങളാണ് 2013-ല്‍ ഫഹദിന്റേതായി പുറത്തിറങ്ങിയത്.2013-ലെ ആരംഭചിത്രമായി അന്നയും റസ്സൂലും അവസാന ചിത്രമായി ഒരു ഇന്ത്യന്‍ പ്രണയകഥയും.വര്‍ഷം മുഴുവന്‍ തീയറ്ററുകളിലെ സാന്നിദ്ധ്യമായ മറ്റൊരു താരവും ഇല്ല,ഫഹദ്… ഫഹദ് മാത്രം.

മലയാളികളുടെ മനസ്സില്‍ പ്രണയത്തിന്റെ പുതിയ മുദ്രകള്‍ ചാര്‍ത്തിയാണ് 2013-ലേക്ക് ഫഹദ് ഫാസിലെന്ന താരം കാലെടുത്തു വെച്ചത്.രാജീവ് രവിയുടെ ആദ്യ സംവിധാനത്തിലൂടെ ഫഹദ്-ആന്‍ഡ്രിയ പ്രണയം തരംഗമായി മാറി.ചിത്രത്തിലെ പാട്ടുകളും പ്രണയവും അപ്രതീക്ഷിത ക്ലൈമാക്‌സും അന്നയും റസ്സൂലിനെയും മലയാളികളുടെ ഇഷ്ടചിത്രമാക്കി.റസ്സൂലിന്റെ വരവ് തമിഴ് സംവിധായകനായ കൃഷ്ണകുമാറിന്റെ മലയാളത്തിലേക്കുള്ള വരവും ഗംഭീരമാക്കി. പുതുമ നിറഞ്ഞ ഗാനങ്ങള്‍ പ്രേക്ഷക മനസ്സുകളെ പ്രണയാതുരമാക്കി.അന്നയും റസ്സൂലും 2013-ലെ ആദ്യ വിജയ ചിത്രമായി.

ഞാനേറ്റവും ഇഷ്ടപ്പെടുന്നത് സിനിമയാണ് എന്നു പറയുന്ന ഫഹദ് 2013-ല്‍ രണ്ടാമത് അഭിനയിച്ചത് വി.കെ.പ്രകാശിന്റെ നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിലാണ്.ഫഹദിന്റെ ഇരട്ട വേഷമാണ് പ്രേക്ഷകര്‍ ഈ ചിത്രത്തിലൂടെ കണ്ടത്.ചിത്രത്തിന്റെ ജയപരാജയങ്ങള്‍ക്കപ്പുറം ഫഹദിന്റെ മികവുറ്റ പ്രകടനമാണ് ശ്രദ്ധേയമായത്.നത്തോലി എന്നു വിളിപ്പേരുള്ള പ്രേമനെയും അയാള്‍ സൃഷ്ടിക്കുന്ന കഥാപാത്രമായ നരേന്ദ്രനെയും ഫഹദ് മികച്ചതാക്കി.

ഷാനുവെന്ന ചോക്ലേറ്റ് ബോയിയില്‍ നിന്ന് ഏറെ ദൂരം പിന്നിട്ട് സ്വാഭാവിക അഭിനയത്തിലൂടെ മനസ്സുകള്‍ കീഴടക്കിയതിന്റെ ഉദാത്തമായ ഉദാഹരണമായിരുന്നു ആമേന്‍ എന്ന ചിത്രം.റസ്സൂലെന്ന കഥാപാത്രത്തിനു ശേഷം ശ്രദ്ധേയമായ മറ്റൊരു വേഷമായിരുന്നു ആമേനിലെ സോളമന്‍ .ശോശന്നയോടുള്ള പ്രണയം മനോഹരമായ ഒരു കവിത പോലെ ലിജോ ജോസ് പെല്ലിശ്ശേരി മെനഞ്ഞെടുത്തു.സോളമനും ശോശന്നയും മലയാളക്കരയെ പ്രണയത്തിലാഴ്ത്തി.സിനിമയിലെ പാട്ടുകളും സൂപ്പര്‍ഹിറ്റായിരുന്നു.

മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രം എന്ന പ്രത്യേകതയുമായാണ് ഫഹദ് പ്രധാന വേഷത്തിലെത്തിയ റെഡ് വൈന്‍ തീയറ്ററുകളിലെത്തിയത്.സാമൂഹിക പ്രതിബദ്ധതയുള്ള അനൂപ് എന്ന കഥാപാത്രം നാടകാഭിനയവും പാര്‍ട്ടി പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നു.പിന്നീട് ഉണ്ടാകുന്ന കഥയിലെ സംഭവവികാസങ്ങള്‍ ഫഹദെന്ന അഭിനയപ്രതിഭയുടെ ഗംഭീര പ്രകടനങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.ഓര്‍മ്മകളിലെത്തുന്ന കഥാപാത്രമായി പതിവു പോലെ ഫഹദിന്റെ തകര്‍പ്പന്‍ അഭിനയം.ഈ ചിത്രത്തിലൂടെ മീരാ നന്ദന്‍-ഫഹദ് ജോഡികളെ കണ്ടു.

റെഡ് വൈനിനു ശേഷം വീണ്ടും ഒരു സൂപ്പര്‍താരത്തിനൊപ്പമാണ് ഫഹദിനെ പ്രേക്ഷകര്‍ കണ്ടത്.ലാല്‍ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഇമ്മാനുവേല്‍. ഈ ചിത്രത്തിന്റെ വിജയത്തിനു പിന്നിലും ഫഹദിന്റെ അഭിനയ പ്രതിഭ തന്നെയാണ് കഥാപാത്രത്തെ കുറേക്കൂടി നന്നാക്കാമായിരുന്നുവെന്ന് ഫഹദിന് സ്വയം തോന്നിയ ചിത്രം കൂടിയായിരുന്നു ഇമ്മാനുവേല്‍.ലാഭക്കൊതിയനായ ജീവന്‍ രാജ് എന്ന ഇന്‍ഷുറന്‍സ് കമ്പനി മുതലാളിയുടെ വേഷമായിരുന്നു ഫഹദിന്റേത്.നായികയില്ലാത്ത ഫഹദ് ചിത്രവും. ഒരു പക്ഷെ മമ്മൂട്ടിക്കൊപ്പം തന്നെയുള്ള മികച്ച അഭിനയസംരഭമായിരുന്നു ഈ സിനിമ.

ഫഹദ് ഫാസിലാണോ എങ്കില്‍ കഥാപാത്രങ്ങള്‍ ഭദ്രമാണ്.ഈ കാര്യം ഒന്നു കൂടി തെളിയിക്കുന്ന ചിത്രമാണ് ശാലിനി ഉഷ നായര്‍ സംവിധാനം ചെയ്ത അകം. ഭാര്യ മനുഷ്യസ്ത്രീ ആണോ എന്നു സംശയിക്കുന്ന ശ്രീനിയുടെ ചിന്തകളിലൂടെയാണ് കഥ പറയുന്നത്.മലയാറ്റൂരിന്റെ യക്ഷി എന്ന നോവലിന്റെ ആവിഷ്‌ക്കാരമായ അകത്തിലൂടെ ഫഹദിന്റെ വീണ്ടും സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം.

അജ്മല്‍ എന്ന ബിസിനസ്സുകാരനായി ഫഹദ് ഫാസില്‍ ജീവിക്കുകയായിരുന്നു എന്ന അഭിപ്രായമുണര്‍ത്തിയ ചിത്രമായിരുന്നു അഞ്ചു സുന്ദരികളിലെ ആമി എന്ന കഥാപാത്രം.ലിപ് ലോക്ക് ചുംബനവും ദ്വയാര്‍ത്ഥ പ്രയോഗവും നിറഞ്ഞു കളിക്കുന്ന ഫഹദ് ചിത്രം പ്രേക്ഷകര്‍ നന്നേ ആസ്വദിച്ചിരുന്നു.

അഭിനയത്തില്‍ മാത്രമല്ല നിലപാടുകളിലും താന്‍ വ്യത്യസ്തനാണെന്ന് ഫഹദ് തുറന്നടിച്ചു.ഒളിപ്പോര് എന്ന തന്റെ ചിത്രം പ്രേക്ഷകരില്‍ ഉണ്ടാക്കിയ നിരാശക്ക് മറുപടിയെന്നോണം ബ്ലോഗില്‍ ഇങ്ങനെ എഴുതി.’ഒളിപ്പോരിനെക്കുറിച്ചുള്ള നിരൂപണങ്ങള്‍ക്ക് നന്ദി.ചിത്രം നിങ്ങളെ നിരാശരാക്കിയതില്‍ മാപ്പ്,നിങ്ങളുടെ നിരാശ എന്റെയും വേദനയാണ്’.അജയന്‍ എന്ന ബ്ലോഗറായാണ് ഫഹദ് ഒളിപ്പോരിലെത്തുന്നത്. ചിത്രത്തിന്റെ പരാജയനിരൂപണങ്ങള്‍ ഫഹദെന്ന കലാകാരനെ മാത്രം വലിഞ്ഞു മുറുക്കിയിട്ടില്ല.കാരണം ഫഹദ് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

‘യഥാതഥമായ അഭിനയം’ മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇത്തരമൊരു അഭിപ്രായം നേടിയെടുത്തത് ഫഹദ് ഫാസിലാണ്.ശ്യാമപ്രസാദി്‌ന്റെ ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലൂടെ യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റിനെ പ്രേക്ഷകര്‍ കണ്ടു.ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ നിന്നും തെല്ലുമാറി നിലകൊണ്ട
ഫഹദ് ചിത്രമായിരുന്നു ഇത്. അന്ധനായ മൈക്കിള്‍ എന്ന ചിത്രകാരന്റെ ജീവനും ജീവിതവും ചാലിച്ചെടുത്ത ചിത്രം.കലാകാരന്റെ പ്രതിഭയെ മറ്റൊരു കലാകാരന്‍ അഭ്രപാളിയില്‍ അഭിനയിച്ചു പ്രതിഫലിപ്പിച്ചു.ഫഹദ്- ആന്‍ അഗസ്റ്റിന്‍ ജോഡികളുടെ ആദ്യ ചിത്രം.മൈക്കിളാകാന്‍ ഫഹദിനെ കഴിഞ്ഞേ മലയാളത്തില്‍ ഇന്ന് മറ്റൊരു നടനുള്ളു എന്നടിവരയിടുന്ന പ്രകടനം.ഉള്ളിലൊരു നോവു ബാക്കിയാക്കി ചിത്രവും ചിത്രകാരനും പ്രേക്ഷക മനസ്സില്‍ കുടിയേറി.

മൂന്ന് ഹ്രസ്വചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഡി-കമ്പനിയില്‍ ഡേ ഓഫ് ജഡ്ജ്‌മെന്റ് എന്ന ചിത്രമായിരുന്നു ഫഹദിന്റേത്.സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയില്‍ സുനില്‍ എന്ന കഥാപാത്രമായി ഫഹദിനെ പ്രേക്ഷകര്‍ കണ്ടു.ബംഗാളി സുന്ദരി തനുശ്രീ ഘോഷായിരുന്നു ഫഹദിന്റെ നായിക.പൂര്‍ണ്ണമായും ഒരു ഫഹദ് ഫാസില്‍ ചിത്രം എന്ന് തന്നെ പറയേണ്ടി വരും ഡി.കമ്പനിയിലെ ഡേ ഓഫ് ജഡ്ജ്‌മെന്റ്.അഭിനയം കഴിഞ്ഞപ്പോള്‍ തനുശ്രീക്ക് ഫഹദിനെപ്പറ്റി പറയാന്‍ ഒത്തിരി കാര്യങ്ങളുണ്ടായിരുന്നു. ഹോളിവുഡ് നടന്റെ പൂര്‍ണ്ണതയുള്ള മലയാളി നടനാണ് ഫഹദ്.വളരെ മികച്ചതെന്ന അഭിപ്രായമായിരുന്നു തനുശ്രീക്ക്.ഇത്തരം വിശേഷണങ്ങള്‍ വാരിക്കൂട്ടിക്കൊണ്ട് ഫഹദ് തുടര്‍ന്നഭിനയിച്ചു.

ഓരോ ചിത്രത്തിലും ഓരോ നായിക.ആ പതിവു മാറ്റി വീണ്ടും ആമേന്‍ ജോടി സ്വാതി റെഡ്ഢിക്കൊപ്പം നോര്‍ത്ത് കാതം 24 കാതം തീയറ്ററുകളിലേക്ക്.ഹര്‍ത്താല്‍ ദിവസം കണ്ടു മുട്ടുന്നവരുടെ കഥ പറഞ്ഞ് ഒരു സുഖമുള്ള യാത്രയായി മാറി ആ ചിത്രം.അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന നവാഗത സംവിധായകന്റെ റിയലിസ്റ്റിക് ചിത്രം റിയലായി രക്ഷപ്പെടുത്തിയതും ഹരി എന്ന ഫഹദിന്റെ കഥാപാത്രമായിരുന്നു.
ഫഹദ് എന്ന നടനെ കാര്യമായി ഉപയോഗിച്ച ചിത്രമാണ് നോര്‍ത്ത് കാതം 24 ചേഷ്യകളിലും രൂപഭാവങ്ങളിലും ഫഹദ് ഫാസില്‍ ഹരികൃഷ്ണനെ ഭംഗിയാക്കി.ഫഹദിന്റെ 24-ാമത്തെ ചിത്രം ഏറെ അഭിനയ സാധ്യതകള്‍ കണ്ടെത്തിയ ചിത്രവിമായി മാറി നോര്‍ത്ത് കാതം.

2013 വിട പറയുമ്പോഴും ഓര്‍മ്മിക്കാന്‍ ഒരു ചിത്രം കൂടി ഫഹദ് ചെയ്തു.സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ അയ്മനം
സിദ്ധാര്‍ത്ഥന്‍ എന്ന രാഷ്ട്രീയക്കാരനായി ഫഹദ് വിലസി.സിദ്ധാര്‍ത്ഥന്‍ തന്നെ ഇതിലും തിളങ്ങിയത്.വിനയം തേച്ചു പിടിപ്പിച്ച മുഖവുമായി നടക്കുന്ന അധികാര മോഹിയെ ഫഹദ് നന്നായി അവതരിപ്പിച്ചു.ഫഹദിനു മാത്രം കഴിയുന്ന ചില മാനറിസ്സങ്ങളോടെ സിദ്ധാര്‍ത്ഥനെ മനോഹരമാക്കിയ ഫഹദിന്റെ ഈ ചിത്രത്തിന് ഈ പേരാകും ചേരുക.ഒരു ഫഹദ് വിജയ കഥ.അഭിനയത്തിന്റെ വേറിട്ട മുഖങ്ങള്‍ ഇനിയും പോരട്ടെ എന്ന മട്ടില്‍ ഫഹദ് 2013-ലെ താരമായി മാറി.

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആര് എന്ന ചോദ്യത്തിന് ഇനിയൊരുത്തരം ഉണ്ട്;ഫഹദ് ദി ആര്‍ട്ടിസ്റ്റ്.

DONT MISS
Top