ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് നിര്‍ണ്ണായകം

കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നല്‍കിക്കൊണ്ടാണ് ആം ആദ്മി പാര്‍ട്ടി ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം പിടിച്ചെടുത്തത്. ഭരണ വിരുദ്ധ വികാരവും അഴിമതിക്കെതിരായ ജനങ്ങളുടെ പ്രതികരണവുമാണ് ആം ആദ്മി പാര്‍ട്ടിയുടെ നേട്ടത്തില്‍ നിര്‍ണായക ഘടകമായത്. വന്‍ ഭൂരിപക്ഷത്തില്‍ ഷീലാ ദീക്ഷിദിനെ അരവിന്ദ് കെജ്രിവാള്‍ അട്ടിമറിച്ചതും ആം ആദ്മി പാര്‍ട്ടി വരും ദിനങ്ങളില്‍ ദേശീയ രാഷ്ടീയത്തില്‍ ഏറെ നിര്‍ണായകമാകുമെന്ന സൂചനയാണ് നല്‍കുന്നത്.

രൂപംകൊണ്ട് ഒരു വര്‍ഷത്തിനകം ഇത്രയും വലിയ വിജയം നേടാനായി എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ ശ്രദ്ധേയമാക്കുന്നത്. ദില്ലിയിലെ എഴുപത് സീറ്റുകളിലും മത്സരിച്ച ആം ആദ്മി പാര്‍ട്ടി നേടിയ വിജയം വിമര്‍ശകരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. കോണ്‍ഗ്രസിന്റെ വോട്ടുകളാണ് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഇതാണ് കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പത്തില്‍ താഴെയായി ചുരുങ്ങിയതും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി പാര്‍ട്ടിയെ എതിരാളികളായി പോലും കരുതാതിരുന്ന കോണ്‍ഗ്രസും ബി.ജെ.പിയും പോളിംഗ് കഴിഞ്ഞതോടെ ചുവടുമാറ്റിയത് വരാനിരിക്കുന്ന നേട്ടത്തിന്റെ സൂചനയായിരുന്നു. കോണ്‍ഗ്രസിനെതിരായ പ്രത്യേകിച്ചും അഴിമതിക്കെതിരായ ജനങ്ങളുടെ എതിര്‍പ്പാണ് ആം ആദ്മി പാര്‍ട്ടിക്ക് നേട്ടമായത്. കെജ്രിവാള്‍ ഷീല ദീക്ഷിത്തിനെ അട്ടിമറിച്ചത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.

ദില്ലിയിലെ മന്ത്രിസഭാ രൂപീകരണത്തിലും ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് നിര്‍ണ്ണായകമാകും. ബി.ജെ.പിക്കോ കോണ്‍ഗ്രസിനോ മന്ത്രിസഭയുണ്ടാക്കാന്‍ പിന്തുണ നല്‍കില്ലെന്ന് കെജ്രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തതാണ്. അങ്ങനെ വന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്കും ദില്ലിയില്‍ മന്ത്രിസഭ രൂപീകരിക്കാനാകില്ല. ബി.ജെ.പിയുമായി ആം ആദ്മി പാര്‍ട്ടി തയ്യാറായാല്‍ അത് കോണ്‍ഗ്രസിന് വിമര്‍ശിക്കാനുള്ള ഒരു വിഷയമായി മാറുകയും ചെയ്യും. ആം ആദ്മി പാര്‍ട്ടി കര്‍ശന നിലപാട് സ്വീകരിച്ചാല്‍ ദില്ലിയില്‍ മറ്റൊരു തെരഞ്ഞെടുപ്പിനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല.

DONT MISS
Top