യെമനില്‍ ചാവേറാക്രമണം: മലയാളി നേഴ്‌സ് ഉള്‍പ്പടെ 52 മരണം

യെമനിലെ പ്രതിരോധ മന്ത്രാലത്തിനുനേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. മണിമല കറിയ്ക്കാട്ടൂര്‍ ഇടമണ്ണല്‍ മാത്യു – മോളി ദമ്പതികളുടെ മകള്‍ രേണു മാത്യു(34)ആണ് മരിച്ചത്. യമനിലെ പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു.

ഇന്നലെ രാവിലെ ആശുപത്രിയില്‍ നടന്ന സ്‌ഫോടനത്തില്‍ രേണു ഉള്‍പ്പെടെ 52 പേര്‍ കൊല്ലപ്പെട്ടു. രേണു കുടുംബസമേതം യമനിലായിരുന്നു താമസം. കണ്ണൂര്‍ നെടുമ്പ്രം ചാലില്‍ കാരയ്ക്കാട്ട് ദിലീപാണ് ഭര്‍ത്താവ്. മക്കള്‍: വയൂണ്‍, വരുണ്‍. സഹോദരങ്ങള്‍: റോബിന്‍ (യു.എസ്), റീനു. ക്രിസ്മസ് അവധിക്ക് 18ന് നാട്ടില്‍ വരാനിരിക്കെയായിരുന്നു ദുരന്തം. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മന്ത്രാലത്തിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ചാവേര്‍ ആക്രമണത്തിന് പിന്നില്‍ അല്‍ഖ്വയ്ദയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജര്‍മ്മനി, വിയറ്റ്‌നാം എന്നിവിടങ്ങളിലെ രണ്ട് വീതം ഡോക്ടര്‍മാരും യമനില്‍ നിന്നുള്ള ഒരു ഡോക്ടറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫിലിപ്പീന്‍സില്‍ നിന്നുള്ള രണ്ട് നേഴ്‌സുമാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ 167 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒമ്പത് പേരുടെ നില അതീവഗുരുതരമാണ്.

DONT MISS
Top