ഹൗസ് ബോട്ട് പെണ്‍വാണിഭം: ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ നടപടിയില്ല

ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ മൂന്നര മാസത്തിനിപ്പുറവും പോലീസ് നടപടിയില്ല. ഗാര്‍ഹിക പീഡനത്തിന് നെടുമുടി സ്വദേശിയായ യുവതി രാമങ്കരി പോലീസില്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഇതുവരെ നടപടിയെടുക്കാത്തത്.

ഒന്നരവര്‍ഷം മുമ്പാണ് നെടുമുടി സ്വദേശിയായ യുവതിയെ ചേര്‍ത്തല വേളാരവട്ടം സ്വദേശി ആനന്ദന്‍ വിവാഹം കഴിച്ചത്. വീട്ടിലുള്ള കാവും അമ്പലവുമായി ബന്ധപ്പെട്ട പ്രാകൃതമായ ആചാരങ്ങള്‍ പിന്തുടരാന്‍ ഭര്‍തൃ ഗൃഹത്തിലുള്ളവര്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി വഴങ്ങില്ല. കല്യാണ ശേഷം ഭര്‍തൃസഹോദരന്‍ മുരളി യുവതിയുടെ 40പവന്റെ ആഭരണങ്ങളെല്ലാം വാങ്ങിവെച്ചു.

ഭര്‍ത്താവും ഭര്‍തൃസഹോദരനും ചേര്‍ന്ന് ആലപ്പുഴ ഫിനിഷിംഗ് പോയിന്റിലുള്ള സ്ഥാപനത്തില്‍ ഹൗസ്‌ബോട്ട് കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭമാണ് നടത്തുന്നതെന്ന് 4മാസം മുമ്പാണ് യുവതി തിരിച്ചറിഞ്ഞത്. ഭര്‍ത്താവിന്റെ ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്തതോടെയാണ് ഇത് മനസ്സിലായത്.

പെണ്‍വാണിഭത്തെക്കുറിച്ച് അറിഞ്ഞെന്ന് മനസ്സിലായതോടെ പലതവണ ഭര്‍തൃസഹോദരനും ഭര്‍ത്താവും തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നു യുവതി പറയുന്നു.

രാമങ്കരി പോലീസില്‍ ഗാര്‍ഹിക പീഡനത്തിന് കേസുകൊടുത്തെങ്കിലും നടപടിയുണ്ടായില്ല. കേസ് പണംകൊടുത്ത് ഒതുക്കി തീര്‍ക്കുമെന്നും ഇനിയും ശബ്ദിച്ചാല്‍ ഇല്ലാതാക്കിക്കളയുമെന്നും ആനന്ദനും സഹോദരന്‍ മുരളിയും ഭീഷണിപ്പെടുത്തുന്നുവെന്നും യുവതി പറയുന്നു.

DONT MISS
Top