മംഗള്‍യാനെതിരെ വിചിത്ര വിമര്‍ശനങ്ങളുമായി വിദേശ മാധ്യമങ്ങള്‍

മംഗള്‍യാനിന്റെ ആദ്യദിവസത്തെ വിജയത്തെ വിദേശ മാധ്യമങ്ങള്‍ സ്വീകരിച്ചത് സമ്മിശ്ര വികാരത്തോടെ. ദൗത്യത്തിന്റെ തുടക്കം വിജയിച്ചതിനെ അംഗീകരിച്ചുകൊണ്ട് തന്നെ വിചിത്രമായ വിമര്‍ശനങ്ങളാണ് വിദേശ മാധ്യമങ്ങള്‍ നടത്തിയത്.

നമ്മള്‍ കൊടുത്ത പണം കൊണ്ട് ചൊവ്വയിലേക്ക് ഇന്ത്യയുടെ റോക്കറ്റ് എന്നാണ് ബ്രിട്ടനിലെ ഡെയ്‌ലി എക്‌സ്പ്രസ് പത്രത്തിന്റെ വാര്‍ത്തയുടെ തലക്കെട്ട്. വിദേശ സഹായഫണ്ടില്‍ നിന്നും ബ്രിട്ടന്‍ നല്‍കിയ പണം ഉപയോഗിച്ചാണ് ഇന്ത്യ ചൊവ്വാ ദൗത്യം നടത്തുന്നതെന്നാണ് പത്രം ആരോപിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജ്ജി ധനകാര്യമന്ത്രിയായിരിക്കെ ബ്രിട്ടനോട് ഇന്ത്യക്കുള്ള പ്രതിവര്‍ഷ സഹായം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട വിവരം പത്രം ബോധപൂര്‍വ്വം അവഗണിക്കുന്നു.

ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ ഒരു ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വികസിത രാജ്യങ്ങളിലെ ശാസ്ത്രലോകവും പത്രങ്ങളും വിവിധ കുറവുകള്‍ കണ്ടെത്തുന്ന തിരക്കിലാണ്. ഇന്ത്യയുടെ ഈ ദൗത്യം വിജയിച്ചാല്‍ ചൊവ്വയിലേക്കുള്ള യാത്ര ആദ്യ ശ്രമത്തില്‍ വിജയിപ്പിക്കുന്ന ഒന്നാമത്തെ രാജ്യമായി ഇന്ത്യ മാറും.

റഷ്യയും നാസയും യൂറോപ്യന്‍ യൂണിയന്‍ സംയുക്തമായും നടത്തിയ ചൊവ്വാ ദൗത്യങ്ങള്‍ നിരവധി പരാജയങ്ങള്‍ക്ക് ശേഷമാണ് വിജയിച്ചത്. ചൈനയും ജപ്പാനും പദ്ധതിയില്‍ നിന്നും തോറ്റ് പിന്മാറിയ നിലയിലാണ്. ചൈന ഡെയ്‌ലി എന്ന സര്‍ക്കാരിന്റെ ഔദ്യോഗിക പത്രം തലക്കെട്ട് നല്‍കിയത് ഇന്ത്യ ബഹിരാകാശ മത്സരം നിര്‍ത്തി സഹകരിക്കാന്‍ തയ്യാറാകണമെന്നാണ്. ചൈനീസ് പദ്ധതികളുമായി സഹകരിക്കണമെന്ന മട്ടില്‍ ഗ്ലോബല്‍ ടൈംസും വാര്‍ത്ത നല്‍കി.

സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് ദരിദ്രരുടെ ഇന്ത്യ ഈ വഴിക്ക് പോകരുതെന്നായിരുന്നു വാര്‍ത്ത നല്‍കിയത്. ശതകോടികള്‍ പ്രതിവര്‍ഷം മറിയുന്നതാണ് ഉപഗ്രഹ വിക്ഷേപണ വ്യാപാരം. ആ മേഖലയിലേക്കാണ് ഇന്ത്യ ഇന്നലെ അസൂയാവഹമായ മുന്നേറ്റം നടത്തിയത്.

DONT MISS
Top