സംഘ് സഖാക്കള്‍

കേരളത്തിലെ സി.പി.എം. നരേന്ദ്രമോദിക്കു പഠിക്കുകയാണോ? ഹിന്ദുപ്രീണനത്തിന്റെയും മുസ്ലിം വിരോധത്തിന്റെയും ഇരട്ടക്കുഴല്‍ തോക്കുമായി പിണറായി വിജയന്‍ നായാട്ടിനിറങ്ങിക്കഴിഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ സി.പി.എം. നേരിട്ടല്ല, പാര്‍ട്ടിനേതാക്കളുടെ വിറകുവെട്ടികളെയും വെളളം കോരികളെയും കുത്തിനിറച്ചുണ്ടാക്കിയ സാംസ്‌കാരിക സംഘടനകളിലെ ചാവാലികളെക്കൊണ്ടാണ് സഖാവ് കാടിളക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളിലെ ചാനല്‍, മാധ്യമ വാര്‍ത്തകള്‍ തെളിയിക്കുന്നത് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ അപകടകരമാംവിധം വര്‍ഗീയ, രാഷ്ട്രീയ സഖ്യങ്ങളുടെ കനലുകള്‍ ആളിക്കത്തിത്തുടങ്ങിയിട്ടുണ്ട് എന്നാണ്.

നരേന്ദ്രമോദിയെ പലവട്ടം വാഴ്ത്തിയ വി.ആര്‍. കൃഷ്ണയ്യര്‍ക്കെതിരെ ഇന്നോളം ഒരക്ഷരം ഉരിയാടിയിട്ടില്ല സി.പി.എം. പി. വത്സല അമൃതാനന്ദമയിയെ പുകഴ്ത്തി ലേഖനമെഴുതിയത് പരക്കെ വിമര്‍ശിക്കപ്പെട്ടപ്പോള്‍ പു.ക.സ.യെക്കൊണ്ട് ചെറിയൊരു ഉണ്ടയില്ലാവെടി വയ്പിച്ചു എന്നതൊഴിച്ചാല്‍ അവിടെയും സി.പി.എം. മിണ്ടിയില്ല. എന്നുമാത്രമല്ല, തുടര്‍ന്നും സഖാവ് വത്സല പാര്‍ട്ടിപരിപാടികളില്‍ നിര്‍ബാധം ക്ഷണിക്കപ്പെടുകയും പങ്കെടുക്കുകയും ചെയ്തുവരുന്നു. പു.ക.സ. പണ്ടേ നാലാംകിട എഴുത്തുകാരുടെയും നിരക്ഷരരുടെതന്നെയും താവളമാണ്. ഇപ്പോള്‍ പ്രസിഡന്റായിരിക്കുന്ന യു.എ. ഖാദര്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്ന് സി.പി.എം. അനുവര്‍ത്തിച്ചിരുന്ന മുസ്ലിം പ്രീണനത്തിന്റെ ഭാഗമായി കെ.ഇ.എന്‍. വഴി പാര്‍ട്ടി നിയമിച്ച ശമ്പളക്കാരനാണ്. ഇടതുതൊഴിലാളികളുടെ ദേശീയപണിമുടക്കിനെതിരെ പത്രങ്ങളില്‍ ലേഖനമെഴുതിയ ധീരവിപ്ലവകാരി. പിന്നെയുളളത് റിട്ടയര്‍ ചെയ്യുംവരെ അധ്യാപക സംഘടനക്കു നോട്ടീസെഴുതിയ അക്ഷരപരിചയം മാത്രമുളള വി.എന്‍. മുരളിയെന്ന സെക്രട്ടറി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘമെന്ന തട്ടിപ്പുസംഘത്തിലൂടെ സഹകരണ ബാങ്കുകളിലെ ജനങ്ങളുടെ നിക്ഷേപത്തുക കട്ടുമുടിക്കുന്ന ഒരു സംഘം, മലയാളത്തിലെ മുഴുവന്‍ അക്ഷരങ്ങള്‍പോലും ഇനിയും പഠിച്ചിട്ടില്ലാത്ത മുരുകന്‍ കാട്ടാക്കടയെപ്പോലുളള പറട്ടകവികള്‍, എന്നിങ്ങനെയുളള ഉദരവിപ്ലവകാരികളും. ഓര്‍ക്കുക, പു.ക.സ. പ്രസിഡന്റായിരുന്ന എം.എന്‍. വിജയനെ പാര്‍ട്ടി വേട്ടയാടിയ ദിനങ്ങള്‍! ഇ.പി. രാജഗോപാലന്‍ എന്ന ശുദ്ധഗതിക്കാരന്‍ വത്സലക്കെതിരെ നിലപാടെടുത്തു സ്വയം മണ്ടനായി.

ഈയാഴ്ച രംഗം കൊഴുത്തു. സംസ്ഥാനത്തുടനീളം മുസ്ലിം വിരോധവും ഹിന്ദുപ്രീണനവും നേരിട്ടും പ്രച്ഛന്നരൂപത്തിലും നടപ്പാക്കുക തന്നെയാണ് സി.പി.എം. സംഘടനകള്‍ എന്നു വീണ്ടും തെളിഞ്ഞു. കണ്ണൂരില്‍ നടന്ന ‘മലബാര്‍ മുസ്ലിങ്ങളും ഇടതുപക്ഷവും’ എന്ന സെമിനാറിലാണ് തുടക്കം. നരേന്ദ്രമോദി ജയ്പൂരില്‍ തൊപ്പിയും പര്‍ദ്ദയുമണിഞ്ഞ മുസ്ലിങ്ങളെ പ്രത്യേകം അണിനിരത്തി സംഘടിപ്പിച്ച ബി.ജെ.പി. റാലിയെ അനുസ്മരിപ്പിച്ചുകൊണ്ട് മതാത്മകപരിവേഷത്തോടെ സി.പി.എം. ഒരു മുസ്ലിം സമ്മേളനം സംഘടിപ്പിച്ചു. മതേതര മുസ്ലിങ്ങളെ സംഘടിപ്പിക്കലായിരുന്നില്ല, ഹുസൈന്‍ രണ്ടത്താണിയെ ബലികൊടുത്ത്, മുസ്ലിം രാഷ്ട്രീയത്തോട് തങ്ങള്‍ക്കു യോജിപ്പില്ലെന്നു പ്രഖ്യാപിക്കുകയും അതുവഴി ഹിന്ദുത്വവാദികളുടെ കയ്യടി നേടുകയുമായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. അതുകൊണ്ടാണ്, സമാന്തരമായി നാടുനീളെ ‘സ്ത്രീസുരക്ഷയും വിവാഹപ്രായവും’ എന്ന പേരില്‍ ഹിന്ദുത്വവാദികളെ അണിനിരത്തി ഡിഫിയെക്കൊണ്ട് പാര്‍ട്ടി സെമിനാറുകള്‍ നടത്തിച്ചത്. എറണാകുളത്തു നടന്ന (ഒക്ടോബര്‍ 7) സെമിനാറില്‍ മുഖ്യപ്രഭാഷക മുന്‍ ജഡ്ജി ശ്രീദേവിയായിരുന്നു. വനിതാകമ്മീഷന്‍ അധ്യക്ഷയായിരിക്കെ സ്ത്രീവിരുദ്ധതയുടെ മൂര്‍ത്തരൂപമെന്ന് ഇടതുപക്ഷ സ്ത്രീപ്രവര്‍ത്തകര്‍തന്നെ വിമര്‍ശിച്ച സ്ത്രീ. മറ്റൊരാള്‍ ബി.ജെ.പിയുടെ ജന്മഭൂമിയുടെ മുഖപത്രമായ പത്രാധിപയും സംഘപരിവാര്‍ വക്താവുമായ ലീലാമേനോന്‍. എങ്ങനെയുണ്ട്, യുവസഖാക്കളുടെ വിപ്ലവവീര്യം?

kazha-2
തീര്‍ന്നില്ല, അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടില്‍ കാലടി സര്‍വകലാശാലയില്‍ ഇടത്അധ്യാപകസംഘടനാ നേതാവും പു.ക.സ. സംസ്ഥാനകമ്മിറ്റിയംഗവുമായ ഒരുസഖാവ്, സംഘപരിവാര്‍ ശിങ്കിടിയായ മാടമ്പ് കുഞ്ഞുക്കുട്ടനെ ക്ഷണിച്ചുവരുത്തി സ്വീകരണം നല്‍കി, മാടമ്പിന് യാതൊരു അക്കാദമിക ധാരണയുമില്ലാത്ത വിഷയത്തില്‍ അയാളെക്കൊണ്ടു പ്രഭാഷണം നടത്തിച്ചതും ഈയാഴ്ചതന്നെയാണ്. അക്കിത്തം ഹിന്ദുത്വവാദിയാണെന്ന് ഇത്രയുംകാലം വിമര്‍ശിച്ചുനടന്ന പു.ക.സ.യിലെ നീര്‍ക്കോലികള്‍ അദ്ദേഹം മഹാകവിയാണെന്നു സ്ഥാപിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ രാപകല്‍ അധ്വാനിക്കുകയാണ്, ഇപ്പോള്‍. ഏറ്റവുമൊടുവില്‍, ഒരേസമയം സി.പി.എം. അംഗവും സംഘപരിവാര്‍ പിണിയാളുമായ ഭക്തകവി പ്രഭാവര്‍മ്മക്ക് പൊന്നരിവാള്‍ മഹാകവി വയലാര്‍ അവാര്‍ഡ് സംഘടിപ്പിച്ചു നല്‍കിയതും ഈയാഴ്ചതന്നെ. നരകത്തിലിരുന്ന് വയലാറിന്റെ ശരീരം ഇതുകണ്ട് കോള്‍മയിര്‍കൊണ്ടിരിക്കണം! കഴിഞ്ഞ അഞ്ചുവര്‍ഷം മലയാളത്തിലുണ്ടായ ഏറ്റവും മഹത്തായ സാഹിത്യകൃതിയാണല്ലോ ശ്യാമമാധവം!

പീപ്ള്‍ ചാനലില്‍ സി.പി.എം. വിമതരൊഴികെ ആരും വാര്‍ത്താചര്‍ച്ചകള്‍ക്കു ക്ഷണിക്കപ്പെടുമെന്നും ബി.ജെ.പി- ആര്‍.എസ്.എസ്. വക്താക്കള്‍ മിക്ക ദിവസവും സഖാക്കളുടെ അതിഥികളാണെന്നും മുന്‍പു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈയാഴ്ചയും അതിനു ഭംഗം വന്നില്ല. മുന്‍ ആര്‍.എസ്.എസ്. ഏജന്റാണല്ലോ സി.പി.എമ്മിന്റെ ഏറ്റവും വാചാലനായ മാധ്യമവക്താവ് എന്‍. മാധവന്‍കുട്ടിതന്നെയും! സി.പി.എം. പോഷകസംഘടനകളിലേക്ക് ഇനി പി. പരമേശ്വരന്‍ മാത്രമേ ക്ഷണിക്കപ്പെടാനുളളു. താമസിയാതെ അതും നടക്കുമെന്നു കരുതാം. എന്നിട്ടുവേണം പാര്‍ട്ടിപ്പതാകയിലെ അരിവാള്‍ ചുറ്റിക നക്ഷത്രം ചെറുതായൊന്ന് ഉടച്ചുവാര്‍ത്ത് ത്രിശൂലവും ചന്ദ്രക്കലയുമാക്കി മാറ്റാന്‍. ലാല്‍ ശ്രീറാം!

 കാഴ്ചക്കപ്പുറം

1. കണ്ണൂരില്‍ സി.പി.എം. നടത്തിയ മാപ്പിളവിരുന്ന് രണ്ടത്താണി, ഫസല്‍ഗഫൂര്‍, ഷംസീര്‍ എന്നിവരുടെ ലോകസഭാതെരഞ്ഞെടുപ്പിന്റെ പെണ്ണുകാണലായിരുന്നുവെങ്കിലും, തേജസ് ദിനപത്രത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തപ്പോള്‍ സി.പി.എം. മൗനം പാലിച്ചു. ജമാഅത്തെ ഇസ്ലാമിയെ പുലഭ്യം പറഞ്ഞ പിണറായി പോപ്പുലര്‍ ഫ്രണ്ടിന്റെ പത്രത്തിനെതിരെ ഉമ്മന്‍ചാണ്ടി വാളോങ്ങിയതു കണ്ടില്ലെന്നു നടിച്ചു. മാധ്യമസ്വാതന്ത്ര്യവാദികളായ ഇടതുബുദ്ധിജീവികള്‍ ഒന്നടങ്കം കാശിക്കുപോയി. ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ ബി.ആര്‍. പി. ഭാസ്‌കറും ഹമീദ് ചേന്നമംഗലൂരും ഒ. അബ്ദുറഹിമാനും പത്രമാരണനയത്തെ വിമര്‍ശിച്ചു. ഒറ്റ ഇടതുപക്ഷക്കാരനെയും അവിടെ കണ്ടില്ല. സമസ്ത-ലീഗ് ഒത്തുതീര്‍പ്പിന്റെ ഫലങ്ങള്‍ പലതലങ്ങളില്‍ കണ്ടുതുടങ്ങിയെന്ന് ഒക്ടോബര്‍ അഞ്ചിന് ഇന്ത്യാവിഷന്‍ ചര്‍ച്ച തെളിയിച്ചു.

മറുവശത്ത് സര്‍ക്കാര്‍ ഏജന്‍സികള്‍തന്നെ മതവല്‍ക്കരണം പല രീതികളില്‍ നടപ്പാക്കുകയാണ്. സ്വകാര്യ ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളില്‍ മതാധികാരത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ ഓവര്‍കോട്ട് എറണാകുളം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളധ്യാപകര്‍ക്കും ബാധകമാക്കാന്‍ ജില്ലാപഞ്ചായത്ത് തീരുമാനിച്ചു. കോട്ടിന്റെ നിറം ഏതുമാകാം എന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന ജില്ലാപഞ്ചായത്ത് അധ്യാപകര്‍ക്ക് സ്വാതന്ത്ര്യവും നല്‍കി. (പച്ചവേണ്ട എന്നര്‍ഥം) ടീച്ചര്‍മാരുടെ ശരീരഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ ഒളിഞ്ഞുനോക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പരിഷ്‌ക്കാരം തങ്ങള്‍ പണ്ടേ നടപ്പാക്കിയതെന്ന് ടി.പി.എം. ഇബ്രാഹിംഖാന്‍. കോട്ട് ഇട്ടാലുംപോരാ, അതില്‍ ‘മാതാപിതാഗുരുദൈവം’ എന്ന് തയ്ചുപിടിപ്പിക്കുകയും വേണമത്രേ. തങ്ങള്‍ ദൈവങ്ങളാണ് എന്ന് എഴുതിക്കൊണ്ടു നടക്കേണ്ട ഗതികേടിലായിരിക്കുന്നു, അധ്യാപകര്‍.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, എല്‍ദോ കുന്നപ്പിളളി എന്ന ചെറുപ്പക്കാരനാണ്. സ്‌കൂളിലും കോളേജിലും പഠിച്ച സമയത്ത് കുന്നപ്പിളളിക്ക് പണി ഇബ്രാഹിംഖാന്‍ പറഞ്ഞതായിരുന്നോ എന്നറിയില്ല. അല്ലെങ്കില്‍ പിന്നെ ഇത്ര വിവരംകെട്ട ഒരു തീരുമാനം ഈ ചെറുപ്പക്കാരന്‍ എങ്ങനെയെടുത്തു? മധ്യപ്രദേശില്‍ ബി.ജെ.പി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരുടെ പാദപൂജ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമാക്കിയതും കര്‍ണാടകയില്‍ കോണ്‍ഗ്രസ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ടീഷര്‍ട്ടും ജീന്‍സുമൊക്കെ നിരോധിച്ചതും കുന്നപ്പിളളി ഒന്നിച്ചനുകരിക്കുകയാണോ? പക്ഷെ ഒരു ചാനലും ഈ വിഷയം ചര്‍ച്ചചെയ്തില്ല. അവര്‍ തടിയന്റവിട നസീറിന്റെ ജീവപര്യന്തം ശിക്ഷ ചര്‍ച്ചചെയ്തു. നസീര്‍മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളാണ് തങ്ങള്‍ ചര്‍ച്ചചെയ്യാതെ മാറ്റിനിര്‍ത്തിയത് എന്ന് അവര്‍ ഓര്‍ത്തില്ല.

2. ‘കൊമ്പനു പിന്നാലെ മോഴയും’ എന്നതുപോലെ മാതൃഭൂമി പത്രത്തിനു പിന്നാലെ മാതൃഭൂമി ന്യൂസും സംഘപരിവാറിന്റെ വക്താവായി മാറിത്തുടങ്ങി. ഒക്ടോബര്‍ നാലിന്, തടിയന്റവിട നസീറും സഖാക്കളും ശിക്ഷിക്കപ്പെട്ട കേസില്‍ മതരാഷ്ട്രീയം ചര്‍ച്ചചെയ്യാന്‍ ചാനല്‍ സ്റ്റുഡിയോവിലെത്തിച്ചത് രാഷ്ട്രീയ നേതാക്കളെയോ മതനിരപേക്ഷതയുടെ വക്താക്കളെയോ ഒന്നുമല്ല, സംഘപരിവാര്‍ ഏജന്റും മലയാളിഹൗസ് താരവുമായ രാഹുല്‍ ഈശ്വര്‍ എന്ന പൂമാനെയാണ്. കേരളത്തിലും ഇന്ത്യയിലും ലോകം മുഴുവനുമുളള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ മുസ്ലിങ്ങളാണെന്നു സ്ഥാപിച്ചു, ഈശ്വരന്‍. ചാനലും അവതാരകന്‍ വേണുവും യാതൊരു ‘തടസ്സ’പ്പെടുത്തലുമില്ലാതെ ഈശ്വരനെ യഥേഷ്ടം ഹിന്ദുത്വം ഛര്‍ദ്ദിക്കാനനുവദിച്ചു; അഥവാ ഈശ്വരന്റെ മതപ്രഭാഷണം വാര്‍ത്താചര്‍ച്ചയായി സംപ്രേഷണം ചെയ്തു.

ഒ അബ്ദുളളക്കെതിരെ ബി.ജെ.പിയുടെ വക്താവ് ചാനലില്‍ ചര്‍ച്ചക്കുളള സമയത്തുതന്നെയാണ് വേണുനായര്‍ തന്റെ വീരേന്ദ്രഭക്തിയും സംഘ്താല്‍പര്യവും പുറത്തെടുത്തത് എന്നുകൂടി അറിയുക. എം.എന്‍. കാരശ്ശേരി പീപ്ള്‍ ചാനലിലും ഹമീദ് ചേന്ദമംഗലൂര്‍ മനോരമയിലും ആര്യാടന്‍ ഷൗക്കത്ത് ഏഷ്യാനെറ്റിലും കാര്യമാത്ര പ്രസക്തമായി ചര്‍ച്ച നടത്തി. മുസ്ലിംതീവ്രവാദികളുടെ പ്രതിനിധിയായി പോപ്പുലര്‍ഫ്രണ്ട് നേതാവ് അഷ്‌റഫ് മൗലവി പലചാനലുകളിലും പ്രത്യക്ഷനായി. കഴിഞ്ഞയാഴ്ച സമസ്ത നേതാവ് കോട്ടുമല ബാപ്പുമുസലിയാരായിരുന്നു, ഈ സ്ഥാനത്ത്. റിപ്പോര്‍ട്ടര്‍, വക്കീലന്മാരുടെ കൂട്ടത്തിലെ സംഘപരിവാര്‍ ഏജന്റായ ഗോവിന്ദ് ഭരതിനെ ചര്‍ച്ചക്കുകൂട്ടി. ധനമോഹവും മതഭ്രാന്തും കീഴടക്കിയ ചെറുപ്പക്കാരുടെ സാമൂഹ്യമനഃശാസ്ത്രം കാരശ്ശേരിയും ഇടതുപക്ഷമുള്‍പ്പെടെയുളളവ കൈവിടുന്ന മതേതരരാഷ്ട്രീയം ഹമീദും ചൂണ്ടിക്കാണിച്ചപ്പോള്‍, ഒരേസമയം മുസ്ലിംലീഗിന്റെയും ബി.ജെ.പിയുടെയും പ്രതിനിധികളോട് പോരാടേണ്ടിവന്നു, ഷൗക്കത്തിന്. വേണു ബാലകൃഷ്ണനെപ്പോലുളളവര്‍ തങ്ങള്‍ക്കു കിട്ടുന്ന മാധ്യമസ്ഥലവും സ്വാതന്ത്ര്യവും സമയവും സംഘപരിവാറിനു വിടുപണി ചെയ്യാനും മാധ്യമ ഉടമക്കു പാദസേവ ചെയ്യാനും മാത്രമായുപയോഗിക്കരുത്. അതു വലിയ അപകടം ചെയ്യും.

3. കേരളത്തിന്റെ രാഷ്ട്രീയ, സാഹിത്യ, മാധ്യമ മണ്ഡലങ്ങള്‍ സംഘപരിവാര്‍ ദൂതരും ഹിന്ദുത്വവാദികളും കയ്യടക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ മേല്‍പറഞ്ഞ രീതിയില്‍ ഓരോ ദിവസവും അരങ്ങേറുന്നുണ്ട്. മാതൃഭൂമി ചാനലില്‍ ‘അകം-പുറം’ എന്ന ടോക്‌ഷോ മുസ്ലിം സ്ത്രീയുടെ വിവാഹപ്രായം കുറയ്ക്കാനുളള ശ്രമത്തിന്റെ ചര്‍ച്ച നടത്തിയതില്‍ പ്രകടമായതും മറ്റൊന്നല്ല. ജെ.ദേവിക എന്ന കേരളത്തിലെ ഏറ്റവും മികച്ച അക്കാദമിക, സാമൂഹ്യ, സ്ത്രീചിന്തകയും ഊര്‍ജ്ജസ്വലയായ അരുന്ധതി എന്ന വിദ്യാര്‍ഥിനിയും പങ്കെടുത്ത ചര്‍ച്ചയില്‍ പ്രച്ഛന്നരാഷ്ട്രീയം ഇഴഞ്ഞുകയറിയത് അതിന്റെ അവതരണത്തിലും ആസൂത്രണത്തിലുമാണ്.

akam_puramഒരു മുസ്ലിം കുടുംബത്തിലെ അംഗങ്ങളെ രണ്ടു മിനിറ്റുവീതം സ്റ്റുഡിയോവില്‍ എത്തിച്ച്, തങ്ങള്‍ സ്ത്രീയുടെ സ്വാതന്ത്ര്യം സംരക്ഷിക്കും എന്നു പ്രതിജ്ഞയെടുപ്പിച്ച് പറഞ്ഞുവിട്ടു അവതാരക ശ്രീകല. എന്നിട്ട് അമുസ്ലിങ്ങള്‍ മാത്രം ചര്‍ച്ചചെയ്യേണ്ട വിഷയമാണ് ഇതെന്നരീതിയില്‍ മുസ്ലിങ്ങളെ വെറും വിഷയതലത്തില്‍ ഒതുക്കി മാറ്റിനിര്‍ത്തി. എല്ലാ മതങ്ങളും പുരുഷാധിപത്യസമൂഹവും പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ യാഥാസ്ഥിതികരും ഒരുപോലെ കുറ്റവാളികളുമാണെന്ന് ദേവിക പറഞ്ഞതും, മുസ്ലിം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ ഈയവസ്ഥയില്‍ ഒരുപോലെ ദുഃഖിതരാണെന്ന് അരുന്ധതി പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടില്ല. സ്വതന്ത്രചിന്തയുളളവരാകട്ടെ യാഥാസ്ഥിതികരാകട്ടെ, എന്തിന് മേല്‍പറഞ്ഞ മുസ്ലിം കുടുംബത്തെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറക്കിവിട്ടു? അജണ്ട കൃത്യമാണ്. വ്യക്തവും.

4. മുതിര്‍ന്ന നേതാക്കളുടെ വിറകുവെട്ടികളും വെളളംകോരികളുമായി മാത്രമല്ല, പെട്ടിപെറുക്കികളും എച്ചിലെടുപ്പുകാരും ചട്ടികഴുകികളുമൊക്കെയായാണ് രാഷ്ട്രീയത്തില്‍ യുവനേതാക്കള്‍ വളര്‍ന്നു വരുന്നത്. ടെലിവിഷന്‍കാലം വ്യക്തമാക്കിത്തരുന്ന ഒരു കാഴ്ച ജനപ്രിയനേതാക്കളുടെ ക്ലോണ്‍ ആകാന്‍ മനഃപൂര്‍വം ശ്രമിക്കുന്ന അനുയായികളുടേതാണ്. അഥവാ നേതാക്കളുടെ ചില മാനറിസങ്ങള്‍ അനുകരിച്ച് സ്വന്തം വ്യക്തിത്വം ഇല്ലാതാക്കുന്ന അല്‍പപ്രാണികള്‍. എല്ലാവരും ഇങ്ങനെയാവണമെന്നുമില്ല. മാതൃകാപരം എന്നു കരുതാവുന്ന ചില ശൈലികള്‍ പിന്തുടരുന്നതുമാകാം.

ചില ഉദാഹരണങ്ങള്‍ നോക്കുക. ഓടിച്ചാടി, കുണുങ്ങിക്കൂനിയുളള ഉമ്മന്‍ചാണ്ടിയുടെ നടപ്പാണ് യൂത്ത്‌കോണ്‍ഗ്രസിലെ പല കോമാളികളും അനുകരിക്കുന്ന ഒന്ന്. രാഹുല്‍ഗാന്ധി ടീഷര്‍ട്ട് ധരിച്ചു നടന്നതാണ് ഹൈബിഈഡനും മറ്റും കുറെക്കാലം അനുകരിച്ചത്. വിലകൂടിയ ചെരിപ്പും വസ്ത്രങ്ങളും ധരിച്ച് സര്‍വപുച്ഛത്തോടെയുളള നെഞ്ചുവിരിച്ചുളള നടപ്പാണ് എസ്.എഫ്.ഐ., ഡിഫിക്കാര്‍ സി.പി.എം.നേതാക്കളില്‍ നിന്ന് ആകെ പഠിച്ചത്. പിണറായി വിജയന്റെ കിരാതവും മാരകവുമായ പ്രസംഗശൈലിയാണ് വലിയൊരു സംഘം യുവസഖാക്കളുടെ ഏറ്റവും പ്രിയപ്പെട്ട അനുകരണം. കയ്യില്‍കെട്ടുന്ന ചരടും ചന്ദന-കുങ്കുമപ്പൊട്ടുമാണ് ബി.ജെ.പി. നേതാക്കളില്‍നിന്ന് പുതുനേതാക്കള്‍ പകര്‍ത്തുന്നത്. വൃന്ദാകാരാട്ടിന്റെ വലിയപൊട്ടും കോട്ടണ്‍സാരിയും ആഭരണവിരോധവുമാണ് സി.പി.എമ്മിന്റെ പോഷകസംഘടനകളിലെ വനിതാനേതാക്കള്‍ (പി.കെ. ശ്രീമതിയൊഴികെ-സാരി ഭ്രമത്തില്‍ ശ്രീമതി ഒരു ശീമാട്ടിതന്നെയാണ്!) പിന്തുടരുന്ന പ്രധാനരാഷ്ട്രീയംതന്നെ. ടെലികാലം എന്നല്ലാതെ എന്തുപറയാന്‍ !

DONT MISS
Top