മെഡിക്കല്‍ പ്രവേശന കുംഭകോണം: റഷീദ് മസൂദ് എം.പിക്ക് നാല് വര്‍ഷം തടവ്

രാജ്യസഭയിലെ കോണ്‍ഗ്രസ് എം.പി റഷീദ് മസൂദിന് നാല് വര്‍ഷം തടവ്. 1990-91 കാലഘട്ടത്തില്‍ നടന്ന മെഡിക്കല്‍ പ്രവേശന കുംഭകോണത്തിലാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതോടെ രാജ്യസഭയിലെ എം.പി സ്ഥാനം റഷീദ് മസൂദിന് നഷ്ടമാകും.

വിധി വന്നതോടെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സ്ഥാനം നഷ്ടമാകുന്ന ആദ്യ എം.പിയായി റഷീദ് മസൂദ് മാറി. സെപ്തംബര്‍ 19നാണ് സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി ഉണ്ടായത്. രണ്ട് വര്‍ഷത്തിലേറെ തടവ് ശിക്ഷക്ക് വിധേയരാകുന്ന ജനപ്രതിനിധികളെ സ്ഥാനഭ്രംഷ്ടരാക്കണമെന്നതാണ് വിധി.

വി.പി സിംഗ് മന്ത്രിസഭയില്‍ 1990-91 കാലത്ത് ആരോഗ്യമന്ത്രിയായിരുന്നയാളാണ് റഷീദ് മസൂദ്. ത്രിപുര മെഡിക്കല്‍ കോളേജിന് അനുവദിച്ച എം.ബി.ബി.എസ് സീറ്റുകള്‍ കേന്ദ്ര പൂളിലേക്ക് മാറ്റി ക്രമക്കേട് നടത്തിയെന്നതാണ് റഷീദ് മസൂദിനെതിരായ കേസ്. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, ചതി എന്നീ വകുപ്പുകളില്‍ ചുമത്തിയ കുറ്റങ്ങളാണ് റഷീദ് മസൂദിനെതിരെ തെളിഞ്ഞിരിക്കുന്നത്.

ഇത്തരത്തില്‍ സീറ്റ് നേടിയ റഷീദ് മസൂദിന്റെ അനന്തരവന്‍ അടക്കമുള്ള ഒമ്പത് വിദ്യാര്‍ഥികളേയും കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇവരുടെ കേസുകള്‍ ജുവൈനല്‍ കോടതിയിലേക്ക് മാറ്റിയിരുന്നു. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഗുര്‍ദയാല്‍ സിംഗ്, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അമല്‍ കുമാര്‍ റോയ്, ത്രിപുര മുഖ്യമന്ത്രിയുടെ സെക്രട്ടറി സുധീര്‍ രാജന്‍ മജുംദാര്‍ എന്നിവരേയും കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്.

DONT MISS
Top