ക്യുരിട്ടിബയുടെ ഹരിതമാതൃക

Cuപരിമിതസൗകര്യങ്ങളുള്ള വികസ്വര രാജ്യങ്ങള്‍ക്ക് മാതൃകയാണ് ക്യുരിട്ടിബയെന്ന ബ്രസീലിയന്‍ നഗരം. ബ്രസീലിയന്‍ സംസ്ഥാനമായ പരാനയുടെ തലസ്ഥാനമാണ് ക്യുരിട്ടിബ. പ്രകൃതിയെ കുറച്ച് മാത്രം നോവിച്ച് വിഭവങ്ങളെ പരമാവധി ഉപയോഗിച്ച് ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്ന രീതിയാണ് ക്യുരിട്ടിബയുടേത്. കരുതലും ആസൂത്രണവുമുണ്ടെങ്കില്‍ നഗരവത്ക്കരണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ വലിയൊരു പങ്ക് കുറക്കാമെന്ന് ഈ ബ്രസീലിയന്‍ നഗരം ലോകത്തെ പഠിപ്പിക്കുന്നു.

ചൈനക്കും ഇന്ത്യക്കും അമേരിക്കക്കും പുറകില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീല്‍. ആ ബ്രസീലിന് മാത്രമല്ല ലോകത്തിനാകെ മാതൃകയാണ് ക്യുരിട്ടിബയിലെ നഗരാസൂത്രണവും ഗതാഗതക്രമീകരണവും വിഭവങ്ങളെ ഉപയോഗിക്കാനുള്ള ശേഷിയും. ദീര്‍ഘവീക്ഷണമുള്ള ജെയ്മി ലെര്‍ണര്‍ എന്ന എഞ്ചിനീയര്‍ മേയറായി 1971ല്‍ എത്തിയതോടെയാണ് ക്യുരിട്ടിബയുടെ തലവര മാറുന്നത്. ക്യുരിട്ടിബയുടെ വെള്ളപ്പൊക്കമെന്ന തീരാ തലവേദനക്ക് ലെര്‍ണറാണ് പരിഹാരം കാണുന്നത്.

ചതുപ്പുനിലങ്ങളില്‍ അനുയോജ്യമായ മരങ്ങള്‍ വെച്ചുപിടിപ്പിച്ചും കൃത്രിമ തടാകങ്ങള്‍ നിര്‍മ്മിച്ചുമാണ് അവര്‍ വെള്ളപ്പൊക്കത്തെ മറികടന്നത്. ഒരുകാലത്ത് വെള്ളപ്പൊക്കം ദുരിതം വിതച്ചിരുന്ന പ്രദേശങ്ങളെ അവര്‍ പൂന്തോട്ടങ്ങളാക്കി ഒരുക്കിയെടുത്തു. നഗരാസൂത്രണത്തിന്റെ വെര്‍ണര്‍ മാതൃകയില്‍ വെള്ളപ്പൊക്കത്തിന് പരിഹാരം കോണ്‍ക്രീറ്റ് കനാലുകളായിരുന്നില്ല, പൂന്തോട്ടങ്ങളായിരുന്നു. വെള്ളപ്പൊക്കം വരുത്തിവെക്കുന്ന ദുരന്തനിവാരണ പരിപാടികളും മറ്റും കണക്കിലെടുത്താല്‍ അഞ്ചിലൊന്ന് ചിലവ് മാത്രം വരുന്ന പ്രായോഗിക പരിഹാരമാര്‍ഗ്ഗങ്ങളായിരുന്നു ഇവ.

വെള്ളപ്പൊക്കം ഇല്ലാതായതോടെ പ്രദേശത്തെ ഭൂമിവില കൂടുകയും സര്‍ക്കാരിന്റെ നികുതി വരവ് ഉയരുകയും ചെയ്തു. പൊതുഗതാഗതമാണ് ക്യുരിട്ടിബിയന്‍ മാതൃകയിലെ എടുത്തു പറയേണ്ട മറ്റൊന്ന്. കൊച്ചു തീവണ്ടികളോട് സാമ്യമുള്ളതും എന്നാല്‍ ട്രയിന്‍ യാത്രയേക്കാള്‍ പത്ത് മടങ്ങോളം ചിലവ് കുറഞ്ഞതുമായ ബസ് സര്‍വ്വീസാണ് ക്യുരിട്ടിബയിലുള്ളത്. രണ്ട് പതിറ്റാണ്ടിനുള്ളില്‍ മൂന്നിരട്ടിയായി ജനസംഖ്യ കൂടിയിട്ടും കാര്‍ യാത്രക്കാരുടെ എണ്ണം 30 ശതമാനം കണ്ട് കുറക്കാനായതില്‍ ഈ നീളന്‍ ബസുകള്‍ക്ക് അഭിമാനിക്കാം. മാലിന്യത്തിന് പകരമായി നാട്ടുകാര്‍ക്ക് ബസ് ടോക്കണുകള്‍ നല്‍കുന്ന രീതിയും തുടങ്ങിവെച്ചത് ജെയ്മി ലെര്‍ണറാണ്.

Curitiba_bus

നീളന്‍ ബസുകള്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ക്യുരിട്ടിബയുടെ നിരത്തുകളില്‍ വന്നു പോകുന്നു. ക്യുരിട്ടിബയിലെ യാത്രക്കാരില്‍ 45 ശതമാനം പേരും പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. കാര്യക്ഷമമായ പൊതുഗതാഗതം റോഡുകളിലെ തിരക്ക് കുറക്കാന്‍ ഏറെ സഹായിക്കുന്നുണ്ട്. റോഡിലെ തിരക്കും ഗതാഗതതടസവും മൂലം നഷ്ടമാകുന്ന സമയധന നഷ്ടം ബ്രസീലിയന്‍ വന്‍നഗരമായ സാവോ പോളോയിലേക്കാള്‍ 11 ഇരട്ടി കുറവാണ് ക്യുരിട്ടിബയില്‍. ബ്രസീലിലെ ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള നഗരമെന്ന സ്ഥാനവും ക്യുരിട്ടിബക്ക് സ്വന്തം.

വിഭവങ്ങളെ പരമാവധി പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തില്‍ വന്‍ പ്രചാരണങ്ങളാണ് ക്യുരിട്ടിബയില്‍ നടന്നത്. ഈ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചതാകട്ടെ കുട്ടികളുമായിരുന്നു. ഇന്ന് വിഭവങ്ങളെ പുനരുപയോഗിക്കാനുള്ള ശേഷിയില്‍ ഒന്നാമതാണ് ഈ നഗരം. 70 ശതമാനമാണ് വിഭവങ്ങളെ പുനരുപയോഗിക്കാനുള്ള ക്യുരിട്ടിബയുടെ ശേഷി. പൊതുഗതാഗതം ശക്തമായ ഭാഗങ്ങളില്‍ മാത്രമാണ് നഗരവികസനത്തെ കയറൂരിവിട്ടത്. ഇവിടം വന്‍ കെട്ടിടങ്ങളാല്‍ സമൃദ്ധവും എന്നാല്‍, ഗതാഗതകുരുക്കില്‍ നിന്നും വിമുക്തവുമാണ്.

അംബരചുംബികളായ കെട്ടിടങ്ങളെ ചില പ്രദേശത്ത് മാത്രമായി ഒതുക്കിയത് നഗരത്തിന്റെ പച്ചപ്പിനെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശക്തമായ നിയന്ത്രണങ്ങള്‍ കെട്ടിടനിര്‍മ്മാണത്തിനും മറ്റും നിലവിലുണ്ട്. ഇത് വികസനത്തേയും നഗരവത്ക്കരണത്തേയും കൃത്യമായ വേര്‍തിരിവില്‍ നിര്‍ത്തുന്നു. അതുകൊണ്ടാണ് ആകാശം മുട്ടനെയുള്ള കെട്ടിടങ്ങളുടെ അധികം ദൂരത്തല്ലാതെ പച്ചപ്പിന്റെ കുളിര്‍മയില്‍ ജീവിക്കാന്‍ ക്യുരിട്ടിബക്കാര്‍ക്ക് കഴിയുന്നത്.

ക്യുരിട്ടിബയിലെ വ്യവസായ പാര്‍ക്കിനും(ക്യുരിട്ടിബ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്) പ്രത്യേകതയുണ്ട്. നഗരത്തിന്റെ പടിഞ്ഞാറന്‍ മൂലയിലായിട്ടാണ് വ്യവസായ മേഖല സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറേക്കടിക്കുന്ന കാറ്റ് വ്യാവസായികമേഖലയില്‍ നിന്നുണ്ടാകുന്ന മലിനീകരണത്തെ നഗരത്തിലേക്ക് കടത്തില്ലെന്ന് ഉറപ്പുവരുത്തുന്നു. പാരിസ്ഥിതിക നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കുന്ന മേഖലയില്‍ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളൊന്നും അനുവദിക്കുന്നില്ല. മുപ്പതുവര്‍ഷം കൊണ്ട് മേഖലയില്‍ 700 കമ്പനികള്‍ എത്തിയിട്ടുണ്ട്. വ്യവസായ പാര്‍ക്ക് 50,000 പേര്‍ക്ക് പ്രത്യക്ഷമായും ഒന്നരലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നു. പരാന സംസ്ഥാനത്തിന്റെ 20 ശതമാനം കയറ്റുമതിയും ഈ വ്യവസായ പാര്‍ക്കില്‍ നിന്നാണ്.

നഗരവത്ക്കരണത്തെ കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന ക്യുരിട്ടിബ വിഭവങ്ങളെ പരമാവധി ഉപയോഗിച്ച് മുന്നേറുന്ന വികസ്വരരാജ്യങ്ങളിലെ പട്ടണങ്ങള്‍ക്ക് വഴികാട്ടിയാണ്. ക്യുരിട്ടിബയെ വേറിട്ട വഴിയിലൂടെ നടത്തിയ ജെയ്മി ലെര്‍ണര്‍ പിന്നീട് രണ്ട് തവണകൂടി നഗരത്തിന്റെ മേയറായി. 1994ലും 1998ലും ലെര്‍ണര്‍ പരാനയുടെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പുരസ്‌ക്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ സുസ്ഥിര നഗരവല്‍ക്കരണത്തിന്റെ ആഗോള മാതൃകയായ ലെര്‍ണറെ തേടി എത്തിയിട്ടുണ്ട്.

DONT MISS
Top