കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ മണല്‍മാഫിയ വീണ്ടും പിടിമുറുക്കുന്നു

sandകോട്ടയം: കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ മണല്‍മാഫിയ വീണ്ടും പിടിമുറുക്കുന്നു. ജലാശയങ്ങളില്‍ നിന്നുള്ള മണല്‍ വാരലിന് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കുന്നിടിച്ച് മണ്ണുകഴുകിയെടുക്കുന്ന വ്യാജമണല്‍ നിര്‍മ്മാണമാണ് പല കേന്ദ്രങ്ങളിലും പുരോഗമിക്കുന്നത്.

വൈക്കം താലൂക്കിലെ ഇടവഴികളില്‍ പോലുമുള്ള സ്ഥിരം കാഴ്ചയാണിത്. ലോറികള്‍ പിന്തുടര്‍ന്നാല്‍ എത്തിച്ചേരുക ഭൂമി തുരന്ന് മണ്ണൂറ്റിയെടുക്കുന്ന വന്‍ കേന്ദ്രങ്ങളിലേക്ക്. വീടു നിര്‍മ്മിക്കുന്നതിനായി പോലും മണ്ണു നീക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുള്ളപ്പോള്‍ നിരവധി ജെ.സി.ബികള്‍ കുന്നിടിച്ച് നിരത്തുന്നു.

തൊട്ടടുത്തുതന്നെ ജലസ്രോതസ് കെട്ടിയടച്ച് മണ്ണുകഴുകല്‍. വന്‍ കുതിരശക്തിയുള്ള മോട്ടോറുകളുപയോഗിച്ച് കഴുകുന്ന മണല്‍ വള്ളങ്ങളിലേറ്റി പുറത്തേക്ക്. നൂറുകണക്കിന് തൊഴിലാളികള്‍ ഇടതടവില്ലാതെ പണിയെടുക്കുന്ന കേന്ദ്രങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ലോഡ് മണലാണ് കയറ്റിയയ്ക്കപ്പെടുന്നത്. പരാതിയുമായി എത്തുന്ന നാട്ടുകാര്‍ക്ക് ലഭിയ്ക്കുന്നത് മണല്‍ മാഫിയയുടെ ഭീഷണിയും.

മതിയായ ലൈസന്‍സുകളോടെ പ്രവര്‍ത്തിക്കുന്നുവെന്നാണ് മണല്‍മാഫിയയുടെ അവകാശവാദം. ഈ അവകാശവാദം അംഗീകരിച്ച് പരിശോധനകള്‍ക്കായി പൊലീസോ റവന്യൂ ഉദ്യോഗസ്ഥരോ ഇവിടേക്ക് എത്താറുമില്ല.

DONT MISS
Top