നസ്രിയയുടെ വിവാദ പേജും ഫെയ്സ്ബുക്ക് ഒഫീഷ്യലാക്കി

nazഏറെ വിവാദങ്ങളുണ്ടാക്കിയ തെന്നിന്ത്യന്‍ നടി നസ്രിയ നസിമിന്റെ പേജും ഫെയ്സ്ബുക്ക് ഒഫീഷ്യലാക്കി. ഒരൊറ്റ ചിത്രം കൊണ്ട് ബോക്സോഫീസില്‍ ഹിറ്റ് തീര്‍ത്ത നസ്രിയയുടെ ഫെയ്സ്ബുക്ക് പേജ് സംബന്ധിച്ച് നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മുന്‍‌നിര നടന്മാരെയും നടിമാരെയും ഞെട്ടിച്ചുകൊണ്ട് ലൈക്കുകള്‍ സ്വന്തമാക്കിയ നസ്രിയയുടെ പേജ് വ്യാജമാണെന്ന് വരെ പ്രചാരമുണ്ടായിരുന്നു.

സൂപ്പര്‍താരം മമ്മൂട്ടിയും നസ്രിയ നസിമും തമ്മില്‍ നടന്ന മത്സരം ഫെയ്സ്ബുക്കില്‍ വലിയ ചര്‍ച്ചയായിരുന്നു. 2012 ഡിസംബര്‍ 19ന് മാത്രം ഫേസ്ബുക്കില്‍ പേജ് ആരംഭിച്ച നസ്രിയ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടാണ് സൂപ്പര്‍താരങ്ങളുടെ ആരാധകരെ പോലും ഞെട്ടിപ്പിക്കുന്ന കുതിപ്പ് നടത്തിയത്. നസ്‌റിയയുടെ ഫേസ്ബുക്ക്‌പേജ് 7.70 ലക്ഷത്തിലേറെ ലൈക്ക് നേടി മമ്മൂട്ടിയെ മറികടന്നിരുന്നു. മമ്മൂട്ടിക്ക് 704,050 ലൈക്ക്സാണ് ഉള്ളത്.

8.74 ലക്ഷത്തിലേറെ ലൈക്കുകളുമായി മോഹന്‍ലാലാണ് മലയാള താരങ്ങളില്‍ ഫേസ്ബുക്കില്‍ മുന്നിലുള്ളത്. എന്നാല്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലിനും നസ്‌റിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നതാണ് വസ്തുത. വര്‍ഷങ്ങള്‍കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും നേടിയെടുത്ത ഫേസ്ബുക്ക് ലൈക്കുകള്‍ ചെറിയൊരു സൂത്രപണിയിലാണ് നസ്‌റിയ നേടിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

സമാനമായ പേജുകള്‍ അഡ്മിന്റെ സമ്മതത്തോടെ കൂട്ടിച്ചേര്‍ക്കാനുള്ള(മെര്‍ജ്) ഓപ്ഷന്‍ ഫേസ്ബുക്കിലുണ്ട്. ഈ ഓപ്ഷന്‍ സമര്‍ഥമായി ഉപയോഗിച്ചാണ് നസ്‌റിയ സൂപ്പര്‍താരങ്ങളേയും ആരാധകരേയും ഞെട്ടിപ്പിച്ചുകളഞ്ഞത്. നസ്‌റിയയുടെ വിവിധ ആരാധകരുടെ നാല്‍പത് പേജുകളാണ് നസ്‌റിയ നസീം തന്റെ പേജിനോട് കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഈ പേജുകള്‍ക്ക് ലഭിച്ച ലൈക്കുകളും നസ്‌റിയയുടെ പേജിന് ഒറ്റയടിക്ക് ബോണസായി ലഭിച്ചു.

അതോടൊപ്പം മലയാളത്തിലും തമിഴിലും റിലീസ് ചെയ്ത നേരത്തിന് യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയും ലഭിച്ചതോടെ നസ്‌റിയയുടെ ഫേസ്ബുക്കിലെ നല്ല നേരം തെളിയുകയായിരുന്നു. എന്നാല്‍ താന്‍ സൂപ്പര്‍താരങ്ങളുമായി ഒരു മത്സരത്തിനുമില്ലെന്നും തന്നെ മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നതുതന്നെ മണ്ടത്തരമാണെന്നുമാണ് നസ്‌റിയ നസീം പ്രതികരിച്ചത്.

DONT MISS
Top