കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് ഇന്ന് നൂറ്റിപതിനൊന്നാം ജന്മദിനം

shankar

വരകളുടെ തമ്പുരാനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിപ്പതിനൊന്നാം ജന്മദിനമാണിന്ന്. ശങ്കേഴ്‌സ് വീക്കിലിയിലെ കാര്‍ട്ടൂണുകളിലൂടെ വലിയ കാര്യങ്ങള്‍ വരച്ച് ജനങ്ങളെ ചിന്തിപ്പിച്ച മഹാനാണ് അദ്ദേഹം. മലയാളിയായ അദ്ദേഹത്തിന്റെ വരകള്‍ ലോകജനശ്രദ്ധയാകര്‍ഷിച്ചു.

നര്‍മ്മത്തിലൂടെ സാമൂഹിക, രാഷ്ട്രീയ ധര്‍മ്മ ബോധമെന്താണെന്ന് ശങ്കര്‍ എന്ന ശങ്കരപ്പിള്ള വരച്ചു കാണിച്ചു തന്നു. വിമര്‍ശനത്തിന്റെ കൂരമ്പുകളായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍. തമാശയോടൊപ്പം വലിയ വലിയ ആശയങ്ങള്‍ ആ വരകളിലൂടെ തുറന്നു തന്നു.

1902ല്‍ കായങ്കുളം ഇല്ലിക്കുളത്താണ് ശങ്കറിന്റെ ജനനം. കുട്ടിക്കാലത്തു തന്നെ വരകളുടെ ലോകത്തിലേക്കു കടക്കാനായിരുന്നു കുഞ്ഞു ശങ്കറിന്റെ ഇഷ്ടം. ക്ലാസ്സിലിരുന്ന് ഉറങ്ങുന്ന അധ്യാപകന്റെ ചിത്രം വരച്ചുകൊണ്ടാണ് ആ ലോകത്തിലേക്ക് കടന്നു വന്നത്. പിന്നീട് രവിവര്‍മ്മ സ്‌കൂളില്‍ നിന്നും വരയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു.

പില്‍ക്കാലത്ത് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന പേര്‍ വരാന്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ പോത്തന്‍ ജോസഫാണ് കാരണമായത്. പത്രങ്ങളിലൂടെ തന്റെ വരകളെ ലോകത്തിനു മുന്നിലെത്തിക്കാന്‍ ശങ്കറിനു എളുപ്പം സാധിച്ചു. ഡെല്‍ഹിയിലെത്തിയതിനു ശേഷമായിരുന്നു ശങ്കറിന്റെ നല്ല നേരം തെളിയാന്‍ തുടങ്ങിയത്. പോത്തന്‍ ജോസഫ് എഡിറ്ററായ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ശങ്കറിനെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി നിയമിച്ചു. പിന്നീട് കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ രംഗത്ത് വിപ്ലവം വിതയ്ക്കുകയായിരുന്നു.

1948ല്‍ അദ്ദേഹം സ്വന്തമായി ശങ്കേഴ്‌സ് വീക്കിലി എന്ന പേരില്‍ പ്രസിദ്ധീകരണം ആരംഭിച്ചു. ശങ്കേഴ്‌സ് വീക്കിലിയിലെ കാര്‍ട്ടൂണുകളില്‍ വിമര്‍ശനത്തിനു വിധേയരാകാത്തവരായി അക്കാലത്ത് ഒരു നേതാക്കളും ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളും പ്രശ്‌നങ്ങളും ശങ്കേഴ്‌സ് വീക്കിലിയില്‍ വിഷയങ്ങളായി. ചിരിയും ചിന്തയും കോര്‍ത്തിണക്കിയ ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ ഇന്നും ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ നിലനില്‍ക്കുന്നു. വ്യക്തിഹത്യയായിരുന്നില്ല അദ്ദേഹത്തിന്റെ ഒരു കാര്‍ട്ടൂണുകളും. അതുകൊണ്ട് തന്നെയാണ് ശങ്കേഴ്‌സ് വീക്കിലിയുടെ ഉദ്ഘടാനത്തിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു തന്നെ കാര്‍ട്ടൂണുകളില്‍ നിന്നും ഒരിക്കലും ഒഴിവാക്കരുതെന്ന് പറഞ്ഞത്.

DONT MISS
Top