മകന് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചില്ല;പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: മകന് പ്ലസ് വണ്‍ അഡ്മിഷന്‍ ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വടവാതൂരിലാണ് സംഭവം. 110 കെ.വി വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാശ്രമം നടത്തിയ തൈപ്പറമ്പില്‍ ജോസ് ഏറെ നേരം നാട്ടുകാരെ ഭീതിയിലാഴ്ത്തി.

രണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും ജോസിന്റെ മകന് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചിരുന്നില്ല. എന്തുചെയ്യണമെന്ന് വടവാതൂര്‍ തൈപ്പറമ്പില്‍ ജോസ് മനസില്‍ പലവട്ടം ആലോചിച്ചു. ഉത്തരംകിട്ടിയില്ല. ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു. വീടിന് സമീപം തന്നെയുള്ള 110 കെ.വി ലൈനിലേക്കാണ് ആത്മഹത്യ ചെയ്യാനായി ജോസ് കയറിയത്.

ശരീരം കത്തിചാമ്പലാകാതിരിക്കാന്‍ ലൈനില്‍ പിടിക്കാതെ ശ്രദ്ധിച്ചായിരുന്നു ആത്മഹത്യാശ്രമം. താഴെയിറങ്ങാനുള്ള നാട്ടുകാരുടെ അഭ്യര്‍ത്ഥന ജോസ് ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഒടുവില്‍ പഞ്ചായത്തംഗങ്ങള്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ഫോണില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് എവിടെയെങ്കിലും പ്രവേശനം നല്‍കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

മന്ത്രിയുടെ തീരുമാനം ടവറിന് സമീപത്തേക്ക് വള്ളത്തിലെത്തിയ ഉദ്യോഗസ്ഥര്‍ സാബുവിനെ അറിയിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് അന്ത്യമായി. എന്നാല്‍ ജോസ് ആത്മഹത്യാശ്രമത്തിന് കസ്റ്റഡിയിലായി. മകന്റെ അഡ്മിഷന്‍ ഉറപ്പായല്ലോ എന്ന ആശ്വാസത്തിലാണ് ജോസ് പോലീസ് സ്‌റ്റേഷനിലേക്ക് പോയത്.

DONT MISS
Top