ഫേസ്ബുക്കിനെ വെട്ടി വേസ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ വാങ്ങിയതെന്തിന് ?

iHUL2joO_hxY Untitled-71

സ്വന്തമായി മനോഹരമായ ഒരു നാവിഗേഷന്‍ ആപ്ലിക്കേഷന്‍ ഉണ്ടായിട്ടും വേസ് നാവിഗേഷന്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഏറ്റെടുക്കാനൊരുങ്ങുന്നത് എന്തിനാവും? ഇസ്രായേല്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വേസിനെ ഗൂഗിള്‍ സ്വന്തമാക്കാനൊരുങ്ങുന്നത് സ്വന്തം ആപ്ലിക്കേഷന്‍ പുതുക്കിപണിയാനാണോ അതോ  വേസിനെ ഫേസ്ബുക്ക് സ്വന്തമാക്കുന്നത് ഒഴിവാക്കാനാണോ എന്നതാണ് പലരും പ്രകടിപ്പിക്കുന്ന സംശയം. എന്നാല്‍ വാങ്ങാന്‍ തുനിഞ്ഞിറങ്ങിയ ഗൂഗിളും ഫേസ്ബുക്കും വിലപേശിക്കൊണ്ടിരിക്കുന്ന വേസുമെല്ലാം ഇക്കാര്യത്തില്‍ ഒരേപോലെ മൌനം പാലിക്കുകയാണ്.

ഫേസ്ബുക്ക് ആദ്യ ഘട്ടത്തില്‍ വേസിനെ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 100 കോടി അമേരിക്കന്‍ ഡോളര്‍ വേസിന് മുന്നില്‍ വച്ചു നീട്ടുകയും ചെയ്തു. എന്നാല്‍ 30 കോടി അമേരിക്കന്‍ ഡോളര്‍ അധികം നീട്ടിയെറിഞ്ഞാണ്  ഗൂഗിള്‍ വേസിനെ സ്വന്തമാക്കാനൊരുങ്ങുന്നത്. അടുത്ത ആഴ്ച്ചയോടെ ഇക്കാര്യം ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രമുഖ ടെക് വെബ്സൈറ്റായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക്  വാങ്ങാനൊരുങ്ങിയപ്പോള്‍ വേസിന്റെ ഇസ്രേയല്‍ ഓഫീസ് സിലിക്കോണ്‍ വാലിയിലേക്ക്  പറിച്ചു നടണം എന്ന നിബന്ധന വച്ചിരുന്നു. നൂറിലധികം പേര്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായേലിലെ ഓഫീസ് ഒരു കാരണവശാലും നിര്‍ത്താന്‍ വേസ് തയ്യാറായിരുന്നില്ല. സ്വന്തം രാജ്യം വിട്ടുപോകാന്‍ തയ്യാറല്ല എന്നതുതന്നെ കാരണം.

20130524google_wazeഇതായിരുന്നു ഫേസ്ബുക്കുമായുള്ള ചര്‍ച്ച വഴിമുട്ടാനുണ്ടായ കാരണങ്ങളിലൊന്ന്.  ഗൂഗിളാണെങ്കില്‍ വേസ് മാനേജ്മെന്‍റിന്‍റ നിര്‍ദ്ദേശത്തെ കണ്ണുംപൂട്ടി അംഗീകരിക്കുകയും ചെയ്തു. ഗൂഗിള്‍ ഏറ്റെടുത്താലും സ്വന്തം നാട്ടില്‍ വേസിന് ഓഫീസുണ്ടാകും എന്ന ഉറപ്പില്‍ ചര്‍ച്ച പുരോഗമിച്ചു.

ഏറ്റെടുക്കുന്നത് എന്ത് വിലക്ക് എന്നതായിരുന്നു അടുത്ത പ്രശ്നം. 100 കോടി ഡോളര്‍ ഫേസ്ബുക്ക്  നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. കാശായും ഷെയറായും നൂറ് കോടി ഡോളര്‍ വില നല്‍കാം എന്നായിരുന്നു ഫേസ്ബുക്ക് പറഞ്ഞത്. റൊക്കം പണമായി 130 കോടി ഡോളര്‍ നല്‍കാമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയതോടെ കാര്യങ്ങള്‍  ഗൂഗിളിന് അനുകൂലമായി. ഇതോടെ വേസിനെ സ്വന്തമാക്കാമെന്ന ഫേസ്ബുക്കിന്‍റെ മോഹം പോലിഞ്ഞു.

ഒക്കെ ശരിതന്നെ, എന്തിനാണിങ്ങനെ ഫേസ്ബുക്കിന് തടയിട്ട് പോന്നുവിലകൊടുത്ത് വേസിനെ ഗൂഗിള് ഏറ്റെടുത്തത് എന്നതാണ് ഒടുവില്‍ ഉയരുന്ന ചോദ്യം. പ്രത്യേകിച്ചും ലോകത്തിലെ ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് നാവിഗേഷന്‍ ആപ്ലിക്കേഷന്‍ സ്വന്തമായുള്ളപ്പോള്‍‍. റോഡുമാര്‍ഗമുള്ള യാത്രാ സമയവും, പോകേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, സ്ഥലങ്ങള്‍ തമ്മിലുള്ള അകലവുമെല്ലാം ഗൂഗിള്‍ മാപ്പില്‍ ഇപ്പോള്‍തന്നെയുണ്ട്. ഗൂഗിളിന്‍റെ മാപ്പ് അവര്‍ സ്വന്തമായി നിര്‍മ്മിച്ചതുമാണ്. പിന്നെന്തിന് ഈ കച്ചവടം എന്നതാണ്  പിടികിട്ടാത്ത ചോദ്യം.

ഗൂഗിളിന്‍റെ നാവിഗേഷന്‍ ആപ്ലിക്കേഷനെ വേസിന്‍റെ സോഷ്യല്‍ നെറ്റ്വര്‍ക്കിന്‍റെ സാധ്യതകളിലേക്ക് സന്നിവേശിപ്പിക്കുകയാണ്  ലക്ഷ്യം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന്  ഇപ്പോള്‍ മനസിലാകുന്നത്.

ഗുഗിള്‍ പ്ലസ്സിന് പ്രതീക്ഷിച്ചത്ര അംഗീകാരം നേടാനായിട്ടില്ല എന്നതിനാല്‍ വേസിന്‍റെ 50 മില്ല്യണ്‍ ഉപഭോക്താക്കളെയും ഗൂഗിള്‍ ലക്ഷ്യമിടുന്നുണ്ട്. മറ്റൊരു നാവിഗേഷന്‍ ആപ്ലിക്കേഷനും ഇല്ലാത്ത തരത്തില്‍ മുന്നിലുള്ള തടസങ്ങളെ തത്സമയം റിപ്പോര്‍ട്ട് ചെയ്യാനുള്ള വേസിന്‍റെ കഴിവാണ് ഗൂഗിളിനെ ആകര്‍ഷിച്ചത് എന്നുവേണം കരുതാന്‍.

Waze_Google_500

ഉദാഹരണത്തിന്, സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ മുന്നില്‍ പോലീസ് ചെക്കിങ് ഉണ്ടെന്ന് കരുതുക. മുന്നില്‍ പോയ വേസ് ആപ്ലിക്കേഷനുള്ള വാഹനം അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ പുറകിലെ വണ്ടിയിലും, പോലീസ് എവിടെയാണുള്ളതെന്ന് കാണാനാകും. പോലീസ് നില്‍ക്കുന്നത് കാണാവുന്ന തരത്തിലാണോ ഒളിഞ്ഞാണോ, റോഡിന്‍റെ ഇടത് ഭാഗത്താണോ വലത് ഭാഗത്താണോ എന്നൊക്കെയുള്ള സൂക്ഷ്മ വിവരങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനവും ഈ ആപ്ലിക്കേഷനിലുണ്ട്.

റോഡിലെ അപകടം, മോശം കാലാവസ്ഥ, റോഡിലെ തടസങ്ങള്‍ എന്നിവയും ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക്  കാണാനാകും. ഇതിനെല്ലാം പുറമെ മുന്നില്‍ നടക്കുന്ന സംഭവങ്ങള്‍ അപ്പോള്‍തന്നെ ഫോട്ടോ എടുത്ത് മാപ്പില്‍ തത്സമയം ടാഗ് ചെയ്യുകയും ചെയ്യാം. ജിപിഎസ് വഴി പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷനിലെ വിവരങ്ങള്‍  പിന്നാലെ വരുന്ന ആളിന്  കാണാനാകും.

കമ്മ്യൂണിറ്റി ബേസ്ഡ് ആപ്ലിക്കേഷന്‍ എന്ന പ്രത്യേകതയും വേസിനുണ്ട്. ഇതിലെ വിവരങ്ങള്‍ ഉപയോഗിക്കുന്നവര്‍ പങ്കുവെയ്ക്കുന്നത് കൂടെയാണ്. ചുരുക്കി പറഞ്ഞാല്‍ വേസ് ഉപയോഗിച്ച്  റോഡിലൂടെ പൊയ്ക്കെണ്ടിരിക്കുമ്പോള്‍ മുന്നിലുള്ള കാര്യങ്ങള്‍ മുന്‍പേ അറിയാനാകും.മുന്നിലുള്ള തടസങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഏത് വഴിയിലൂടെ പോയാല്‍ എത്തേണ്ട സ്ഥലത്ത് എത്താം എന്നും ആപ്ലിക്കേഷന്‍ കാട്ടിത്തരും. അതുകൊണ്ടുതന്നെ ഈ ആപ്ലിക്കേഷന്‍ തുറന്നുവച്ചുകൊണ്ട് വാഹനമോടിച്ചാല്‍ മുന്നിലുള്ള തടസങ്ങള്‍ ഒഴിവാക്കി സമയം നഷ്ടപ്പെടുത്താതെ സ്ഥലത്തെത്താം എന്നാണ് വേസ് അവകാശപ്പെടുന്നത്.

ഇത് വെറും അവകാശവാദമല്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് 50  മില്ല്യണ്‍ ഉപഭോക്താക്കളെ വേസിന് ഇപ്പോള്‍തന്നെ ലഭിച്ചത്. നിലവില്‍ ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡ് നാവിഗേഷന്‍ ആപ്ലിക്കേഷനില്‍ ഇത്തരത്തില്‍ തത്സമയം വിവരങ്ങള്‍ ലഭ്യമാകുന്ന സംവിധാനങ്ങളില്ല. ഭാവിയില്‍ ഗൂഗിള്‍ മാപ്പിന് പകരമായി ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഉപയോഗിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നതിലുപരി വേസിന് തങ്ങളുടേതായ സ്വന്തം ഭൂപടം ഉണ്ട്. അതിലാണ് തത്സമയ വിവരങ്ങള്‍ നല്‍കുന്നത്. തങ്ങളും ഗൂഗിളും മാത്രമാണ് ഇപ്പോള്‍ റിയല്‍ ടൈം മാപ്പുകള്‍ ഉപയോഗിക്കുന്നതെന്നാണ് വേസ് വൈസ് പ്രസിഡന്‍റ് ഡി ആന്‍ ഇസ്നര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

Waze

2007 ല്‍ ഇസ്രേലില്‍ തുടങ്ങിയ കമ്പനിയുടെ ഇപ്പോഴത്തെ ആസ്ഥാനം അമേരിക്കയിലെ സിലിക്കോണ്‍വാലിയാണ്. അമേരിക്കയില്‍ സാന്‍റി കൊടുങ്കാറ്റ് അഞ്ഞടിച്ചപ്പോഴാണ് വേസ് ആപ്ലിക്കേഷന്‍റെ ഗുണം ശരിക്കും തിരിച്ചറിയപ്പെട്ടത്. അന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ദുരന്ത നിവാരണത്തിനായി വേസിന്‍റെ സഹായം പല ഘട്ടങ്ങളിലും തേടിയിരുന്നു.

ആപ്പിള്‍ നേരത്തെ സ്വന്തം ഭൂപട ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ക്ക് മുകളില്‍ പ്രശ്നങ്ങളായപ്പോള്‍ ആപ്പിള്‍ അത് ഒഴിവാക്കി.  സ്വന്തമായി ലോകത്തിന്‍റെ ഭൂപടം ഉണ്ടാക്കാനും ഓരോ റോഡും ചെറുവഴികളും മാപ്പ് ചെയ്യാനും എളുപ്പമല്ലെന്ന് ആപ്പിള്‍ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. ഇങ്ങനെ ആപ്പിളിന് തിരിച്ചറിവ് ഉണ്ടായപ്പോള്‍ കമ്പനി സിഇഒ ടിം കുക്ക് വേസ് ആണ് പകരം ഉപയോഗിക്കാനായി നിര്‍ദ്ദേശിച്ചിരുന്നത്. ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി എന്നനിലയില്‍ വേസിന് ഇത് വലിയ അംഗീകാരമായിരുന്നു.

കാര്യമെന്തായാലും വേസ് ഗൂഗളിന് സ്വന്തമായിരിക്കുന്നു. ഇതി അത് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട താമസം മാത്രമേയുള്ളൂ. വേസ്, ഗൂഗിള്‍ വേസ് ആയി മാറുമ്പോള്‍ മറ്റൊരു നാവിഗേഷന്‍ ആപ്ലിക്കേഷനും ഇതുവരെ തന്നിട്ടില്ലാത്ത സേവനങ്ങളാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. വേസിനെ വാങ്ങാനൊരുങ്ങി നിരാശയിലായ ഫേസ്ബുക്ക്  ഇനിയെന്താണ് ചെയ്യുകയെന്ന്  കാത്തിരുന്ന് കാണാം.

DONT MISS
Top