കൂട്ടബലാത്സംഗത്തിന് ഇരയായ കൂട്ടുകാരിയെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി വിവാഹം ചെയ്തു

marriage_innerകൂട്ടബലാത്സംഗത്തിന് ഇരയായ കൂട്ടുകാരിയെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ യുവാവ് വിവാഹം ചെയ്തതായി ബീഹാര്‍ പോലീസ്. നാല് ദിവസങ്ങള്‍ക്കു മുമ്പാണ് 22കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പിന്നീട് വിവാഹം കഴിച്ച സുഹൃത്തിന്റെ സാന്നിധ്യത്തിലായിരുന്നു കൂട്ടബലാത്സംഗം.

പോലീസ് ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും ഗ്രാമവാസികളും അടക്കം വളരെ കുറച്ച് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരും എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ വിവാഹചടങ്ങില്‍ സന്നിഹിതനായിരുന്നു. ക്ഷേത്രത്തിലെ വിവാഹത്തിന് മുമ്പ് ഇരുവരും കോടതിയില്‍ നിയമപരമായി വിവാഹിതരായെന്നും പോലീസ് അറിയിച്ചു.

നാല് ദിവസങ്ങള്‍ക്ക് മുമ്പ് മന്ദര്‍ പര്‍വത് എന്ന തീര്‍ഥാടനകേന്ദ്രത്തിലേക്ക് പോകും വഴിയായിരുന്നു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. വഴിചോദിക്കുന്നതിന് ഇവര്‍ സമീപിച്ച ആളുകള്‍ ഇരുവരേയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്ന് മണിക്കൂറോളം തടവില്‍ വെച്ച അക്രമികള്‍ യുവാവിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. കൂട്ടത്തിലെ രണ്ട് പേരെ കാവല്‍ നിര്‍ത്തിക്കൊണ്ട് മൂന്ന് പേരാണ് ബലാത്സംഗം ചെയ്തത്.

ഇവരുടെ പക്കലുണ്ടായിരുന്ന പണവും അക്രമികള്‍ അപഹരിച്ചിരുന്നു. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ കടന്നു കളയുകയായിരുന്നു. പിന്നീട് ഇവര്‍ ബരഹാത്ത് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം തുടരുകയാണ്.

DONT MISS
Top