സൈബര്‍ ആക്രമണം രൂക്ഷം; ട്വിറ്റര്‍ രണ്ട്ഘട്ട സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി

twitter-hackഅമേരിക്കയിലെയും ബ്രിട്ടനിലെയും വന്‍കിട മാധ്യമ സ്ഥാപനങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടുകളിലേക്ക് നുഴഞ്ഞുകയറി വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തിയ ഹാക്കര്‍മാരുടെ നടപടി കുറച്ചൊന്നുമല്ല ട്വിറ്ററിനെ വലച്ചത്. കൂടുതല്‍ സുരക്ഷയ്ക്കായി അന്ന് തന്നെ ട്വിറ്റര്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്നം അവസാനിക്കുന്നില്ലെന്ന് കണ്ടാണ് ട്വിറ്റര്‍ ഇപ്പോള്‍ പുതിയ നടപടികള്‍ക്ക് ഒരുങ്ങിയിരിക്കുന്നത്.

ട്വിറ്റര്‍ അക്കൌണ്ടിലേക്ക് കടക്കാനായി രണ്ട്ഘട്ട പരിശോധനാ നടപടികളാണ് ട്വിറ്റര്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. യൂസര്‍ നെയിമും പാസ്വേര്‍ഡിനും പുറമെ 6 അക്ക രഹസ്യ നമ്പര്‍ കൂടെ നല്‍കി അകത്തുകടക്കാന്‍‌ കഴിയുന്ന സുരക്ഷാ കവചമാണ് ട്വിറ്റര്‍ ഒരുക്കിയിരിക്കുന്നത്. എല്ലാതവണയും ട്വിറ്റര്‍ അക്കൌണ്ടിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ട്വിറ്റര്‍ 6 അക്ക രഹസ്യ നമ്പര്‍ ടെക്സ്റ്റ് മെസേജ് ചെയ്യും.

ഈ നമ്പര്‍ നല്‍കിയാല്‍ മാത്രമേ പിന്നീട് ട്വിറ്റര്‍ അക്കൌണ്ടിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു. അക്കൌണ്ട് സെറ്റിങ്ങില്‍ പോയി അക്കൊണ്ട് സെക്ക്യൂരിറ്റി സജീവമാക്കുക എന്നതാണ് ഇതിനായി ട്വിറ്റര്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ടതെന്നും ട്വിറ്റര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ വന്‍കിട ഇന്‍റെര്‍നെറ്റ് കമ്പനികള്‍ക്കെല്ലാം ഇപ്പോള്‍തന്നെ രണ്ട്ഘട്ട സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്വിറ്റര്‍ മാത്രം ഇത്രയും കാലം ഇത്തരമൊരു സുരക്ഷ ഏര്‍പ്പെടുത്താത്തത് ടെക് ലോകത്തുനിന്നുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ ട്വിറ്റര്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

പ്രത്യേകിച്ചും വന്‍കിട കമ്പനികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ട്വിറ്റര്‍ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. എന്തായാലും വൈകിയെത്തിയ വിവേകം ട്വിറ്റര്‍ അക്കൌണ്ടുകളെ കൂടുതല്‍ സുരക്ഷിതമാക്കുമെന്നുതന്നെയാണ് കരുതപ്പെടുന്നത്.

ട്വിറ്റര്‍ പുറത്തിറക്കിയ വീഡിയോ കാണുക

 

DONT MISS
Top