പാകിസ്ഥാനില്‍ നവാസ് ഷെരീഫ് അധികാരത്തിലേക്ക്

Nawaz-Sharif-_mainപ്രധാനമന്ത്രി പദം ഉറപ്പിച്ച നവാസ് ഷെരീഫ് തെരഞ്ഞെടുപ്പ് വിജയ പ്രഖ്യാപനം നടത്തി. പാകിസ്ഥാന്‍ മുസ്ലിം ലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം പി.എം.എല്ലിന് ലഭിച്ചിട്ടില്ല. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് നവാസ് ഷെരീഫ് വിജയ പ്രഖ്യാപനം നടത്തിയത്.

തനിക്കുമേല്‍ പാകിസ്ഥാനിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഷെരീഫ് നന്ദി പറഞ്ഞു. ക്ഷണിച്ചാലും ഇല്ലെങ്കിലും ഇന്ത്യ സന്ദര്‍ശിക്കുമെന്നു പറഞ്ഞ നവാസ് ഷെരീഫ്, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. ഇത് മൂന്നാം തവണയാണ് നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

നേരത്തെ 1990ലും 1997ലുമാണ് നവാസ് ഷെരീഫ് പാകിസ്ഥാന്റെ പ്രധാനമന്ത്രിസ്ഥാനത്തെത്തിയിട്ടുള്ളത്. രണ്ട് തവണയും കാലാവധി പൂര്‍ത്തിയാക്കാന്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ആദ്യ തവണ അന്നത്ത പാക് പ്രസിഡന്റ് ഗുലാം ഇസ്ഹാക്ക് ഖാന്‍ പിരിച്ചുവിടുകയായിരുന്നു. 1999ല്‍ മുഷര്‍റഫിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക അട്ടിമറിയാണ് നവാസ് ഷെരീഫ് സര്‍ക്കാരിന്റെ അന്ത്യം കുറിച്ചത്.

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച നവാസ് ഷെരീഫിനെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഭിനന്ദിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മന്‍മോഹന്‍സിംഗിന്റെ പ്രതികരണം.


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ നേതൃത്വത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. നിരവധി വെല്ലുവിളികളെ മറികടന്ന് വോട്ട് ചെയ്യാന്‍ തയ്യാറായ പാകിസ്ഥാനിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്‍മോഹന്‍സിംഗ് അറിയിച്ചു. ഇന്ത്യ സന്ദര്‍ശിക്കാന്‍ നവാസ് ഷെരീഫിനെ മന്‍മോഹന്‍സിംഗ് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

DONT MISS
Top