ഏത് അസുഖത്തിനും ചെടിയമ്മയുടെ ഔഷധത്തോട്ടത്തില്‍ മരുന്ന് റെഡി

nithaqath

അന്നമ്മ ദേവസ്യയ്ക്ക് പ്രായം 80 കഴിഞ്ഞു. പ്രായാധിക്യത്തിലും നാട്ടുവൈദ്യത്തെ രക്തബന്ധം പോലെ കൂടെകൊണ്ടു നടക്കുകയാണ് കോഴിക്കോട് ജില്ലയിലെ മുക്കത്ത് വാലില്ലാപ്പുഴയില്‍ താമസിക്കുന്ന അന്നമ്മ. വീട്ടുവളപ്പില്‍ വലിയൊരു ഔഷധത്തോട്ടം ഒരുക്കിയിട്ടുള്ള അന്നമ്മ നാട്ടുകാര്‍ക്കെല്ലാം ചെടിയമ്മയാണ്.

പ്രായാധിക്യം ചെടിയമ്മയുടെ ഓര്‍മ്മയെ തെല്ലും ബാധിച്ചിട്ടില്ല. അഞ്ഞൂറിലധികം മരുന്നുചെടികളുടെ പേരും അവ ഓരോന്നും ഏത് രോഗങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടതെന്നും ചെടിയമ്മ പറഞ്ഞു തരും. അവ ഓരോന്നും നട്ടുവളര്‍ത്തേണ്ട രീതിയും ചെടിയമ്മ വളരെ വ്യക്തമായി പറയും. വീട്ടുവളപ്പില്‍ ഒരുപാട് മരുന്ന് ചെടികള്‍ നട്ടുവളര്‍ത്തിയിട്ടുള്ള ചെടിയമ്മ സോറിയാസിസ്, ഉണങ്ങാത്ത വ്രണം, മന്ത്, വെള്ളപ്പാണ്ട് തുടങ്ങിയ മാറാ വ്യാധികള്‍ സുഖപ്പെടുത്തിയിട്ടുണ്ട്. ചെടിയമ്മയെ തേടി എത്തുന്നവര്‍ ഭൂരിഭാഗം പേരും ആശുപത്രികള്‍ കൈയൊഴിഞ്ഞവരാണ്.

ചെടിയമ്മയുടെ വല്ല്യപ്പന്‍ കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍ തറവാട്ടംഗം  ഇസഹാക്കാണ് ഒറ്റമൂലി ചികിത്സയുടെ ഗുരു. ആ നാട്ടിലെ പേരുകേട്ട നാട്ടുവൈദ്യനാണ് അദ്ദേഹം. രോഗം ഭേദമാക്കുവാനുള്ള മരുന്നുചെടികളെല്ലാം അദ്ദേഹം വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയിരുന്നു. അങ്ങനെയാണ് ഓരോ ഔഷധചെടികളുടെയും പേരും അവയുടെ ഉപയോഗവും ചെടിയമ്മ പഠിച്ചത്.

ഔഷധത്തോട്ടത്തില്‍ നിന്നും പറിച്ചെടുത്ത ചെടികളുമായി ക്ലാസ്സുകളിലും സെമിനാറുകളിലും പങ്കെടുക്കാറുണ്ട്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ചെടിയമ്മയില്‍ നിന്നും നാട്ടുചികിത്സയുടെയും ഒറ്റമൂലിയുടെയും ഗുണങ്ങള്‍ അറിയാനായി ആദിവാസി വൈദ്യന്മാര്‍ മുതല്‍ ആയുര്‍വേദ, മെഡിക്കല്‍ ഓഫീസര്‍മാരും, വിദ്യാര്‍ത്ഥികളും വരെ എത്താറുണ്ട്.

ഗൃഹവൈദ്യത്തില്‍ നിപുണയായ ചെടിയമ്മ മുക്കം ഹൈലൈഫ് ആയുര്‍വേദ ആശുപത്രിയില്‍ റിസേര്‍ച്ച് പേഴ്‌സണായി പ്രവര്‍ത്തിക്കുകയാണ്. ആശുപത്രിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഔഷധത്തോട്ടത്തിന്റെ മേലധികാരി കൂടിയാണ് ചെടിയമ്മ.

താന്‍ പ്രയോഗിക്കുന്ന ചികിത്സാരീതികള്‍ വരുംതലമുറ തുടരുമെന്ന പ്രതീക്ഷ ചെടിയമ്മയ്ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് മാറാവ്യാധികള്‍ക്ക് പ്രതിവിധിയായി നിര്‍ദേശിക്കുന്ന ഔഷധക്കൂട്ടുകള്‍ രഹസ്യമായി വെയ്ക്കാതെ വരുന്നവര്‍ക്കെല്ലാം പകര്‍ന്നു കൊടുക്കുന്നത്.

DONT MISS
Top