വൈവിധ്യമാര്‍ന്ന മാമ്പഴങ്ങളുമായി തേന്‍ മാമ്പഴോത്സവം

desk

ഇന്ത്യന്‍ മാമ്പഴങ്ങളുടെ വൈവിധ്യമാണ് തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന ദേശീയ തേന്‍മാമ്പഴോത്സവത്തിന്റെ ആകര്‍ഷണീയത. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ഹോര്‍ട്ടികോര്‍പ്പും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന തേന്‍ മാമ്പഴോത്സവം അനന്തപുരി നിവാസികള്‍ക്ക് വേനല്‍ചൂടില്‍ നിന്നും കുളിര് പകരുന്നു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ദേശീയ തേന്‍മാമ്പഴോത്സവത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുമുള്ള മാമ്പഴങ്ങളുടെ ശേഖരമുണ്ട്.

പഞ്ചാര വരിക്ക, ഇളനീര്‍കൂമ്പ്, മല്ലിക, ഉണ്ട വരിക്ക, നീലം, സിന്ദൂരം തുടങ്ങിയ 120 ഓളം ഇനങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിലെ തനത് മാമ്പഴങ്ങളുടെ പ്രദര്‍ശനവും മേളയിലുണ്ടാകും. മുപ്പതു രൂപയില്‍ തുടങ്ങുന്ന കല്ലാമ മുതല്‍ 150 രൂപ വരെ വിലയുള്ള ഹിമാ പസന്ത് വരെയുള്ള മാമ്പഴങ്ങള്‍ മേളയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നു.

20 ഓളം സ്റ്റാളുകളിലായിട്ടാണ് മാമ്പഴങ്ങളും തേനും സ്ഥാനം പിടിച്ചിരിക്കുന്നത്. അത്യുത്പാദനശേഷിയുള്ള വിവിധയിനം ഓട്ടുമാവിന്‍ തൈകളും, തേനിന്റെയും തേന്‍ ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും മേളയിലുണ്ട്. ഹോര്‍ട്ടികോര്‍പ്പിന്റെ അമൃത് തേനുപുറമേ ചെറു തേനീച്ച, ഇറ്റാലിയന്‍ തേനീച്ച, ഇന്ത്യന്‍ തേനീച്ച എന്നിവയില്‍ നിന്നും ശേഖരിച്ച തേനും മേളയില്‍ ലഭ്യമാണ്. ഈ മാസം 12 വരെയാണ് തേന്‍ മാന്പഴോത്സവം. രാവിലെ 9 മുതല്‍ രാത്രി എട്ടു വരെയാണ് സന്ദര്‍ശന സമയം.

കൃഷി മന്ത്രി കെ.പി. മോഹനന്‍ തേന്‍ മാമ്പഴോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി തേന്‍ മാമ്പഴോത്സവം സംഘടിപ്പിക്കുന്നുണ്ട്.

DONT MISS
Top